Connect with us

National

ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും; രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്‌കരിക്കാനൊരുങ്ങി പ്രതിപക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ലിമെന്റില്‍ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമടക്കം ബഹിഷ്‌കരിക്കുമെന്ന നിലപാടിലുറച്ച് പ്രതിപക്ഷം. സമരത്തിലുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലിമെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കി. രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന സംയുക്ത പ്രസ്താവനയില്‍ 16 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പിട്ടിട്ടുണ്ട്. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനും തകര്‍ക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ കുടിലമായ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളൊക്കെ ഒപ്പുവച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്‌ എന്‍ ഡി എ വിട്ട ശിരോമണി അകാലിദളും നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ ആം ആദ്മി പാര്‍ട്ടി, അകാലിദള്‍ എന്നീ കക്ഷികളും ബഹിഷ്‌കരണം പ്രഖ്യാപിച്ചു കഴിഞ്ഞു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി പാര്‍ലിമെന്റില്‍ ആവശ്യപ്പെടുമെന്നും പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഭവങ്ങള്‍ അറിയിക്കുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ചയുണ്ടായോ എന്ന കാര്യം ആഭ്യന്തരമന്ത്രി വിശദീകരിക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ ഗൂഢാലോചനയുണ്ടായിരുന്നോ എന്നറിയാന്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ബജറ്റ് അവതരണത്തിലുടനീളം പ്രതിഷേധമുയര്‍ത്താനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

Latest