Kerala
വേതന കുടിശ്ശിക നല്‍കണം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒ പി ബഹിഷ്കരണവുമായി ഡോക്ടര്‍മാര്‍
തിരുവനന്തപുരം | വേതന കുടിശ്ശികയും ഡി എ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമരം തുടങ്ങി. രാവിലെ എട്ടിനാണ് മൂന്ന് മണിക്കൂര്‍ നീളുന്ന സമരം ആരംഭിച്ചത്. രാവിലെ 11 വരെ ഒ പി ബഹിഷ്കരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ല. അതേസമയം, അത്യാഹിത വിഭാഗം, പ്രസവ ചികിത്സ എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2016 മുതലുള്ള വേതന കുടിശ്ശികയും ഡി എ അടക്കമുള്ള ആനുകൂല്യങ്ങളും നല്‍കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. അധ്യാപനം, വിഐപി ഡ്യൂട്ടി, മെഡിക്കല്‍ ക്യാംപുകള്‍, പേ വാര്‍ഡ് അഡ്മിഷന് എന്നിവയടക്കം ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് ബഹിഷ്കരിക്കുമെന്ന് സമരത്തിലുള്ള ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിഹാരമുണ്ടായില്ലെങ്കില്‍ സത്യഗ്രഹമടക്കമുള്ള സമരപരിപാടികള്‍ ആവിഷ്കരിക്കും.