National
നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കരുത്; പ്രതിപക്ഷത്തോട് സര്‍ക്കാര്‍
ന്യൂഡല്‍ഹി | രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കരുതെന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പെടെ പ്രതിപക്ഷം ഉയര്‍ത്തുന്ന വിഷയങ്ങളില്‍ ചര്‍ച്ചക്ക് തയാറാണെന്നും പാര്‍ലിമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
സമരത്തിലുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലിമെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കുമെന്ന സംയുക്ത പ്രസ്താവനയില്‍ 16 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പിട്ടിട്ടുണ്ട്. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനും തകര്‍ക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ കുടിലമായ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളൊക്കെ ഒപ്പുവച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് എന്‍ ഡി എ വിട്ട ശിരോമണി അകാലിദളും നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ ആം ആദ്മി പാര്‍ട്ടി, അകാലിദള്‍ എന്നീ കക്ഷികളും ബഹിഷ്കരണം പ്രഖ്യാപിച്ചു കഴിഞ്ഞു.