Connect with us

Covid19

സംസ്ഥാനത്ത് രാജ്യത്തെ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഇന്നേക്ക് ഒരു വര്‍ഷം. രാജ്യത്തെ തന്നെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2020 ജനുവരി 30ന് കേരളത്തിലാണ്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് എത്തിയ മൂന്ന് മലയാളി വിദ്യാര്‍ത്ഥികളിലാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. തൃശൂര്‍, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍.

ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കൊറോണ വൈറസ് (നോവല്‍ കൊറോണ വൈറസ് – 2019-nCoV) കൊറോണ കുടുംബത്തില്‍പ്പെട്ട (സാര്‍സ്, മെര്‍സ് – SARS MERS) വൈറസുകളുടെ ഒരു വകഭേദമായിരുന്നു കേരളത്തില്‍ കണ്ടെത്തിയത്. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കൊവിഡിനെ “സംസ്ഥാന ദുരന്തമായി” പ്രഖ്യാപിച്ചു. രോഗബാധിതരായ 3000 ത്തിലധികം പേരെ നിരീഷണവിധേയമാക്കി. അതില്‍ 45 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. പോസിറ്റീവ് ആയ മൂന്ന് പേര്‍ പിന്നീട് രോഗമുക്തി നേടി. കൂടുതല്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ 4 ദിവസത്തിന് ശേഷം “സംസ്ഥാന ദുരന്ത” മുന്നറിയിപ്പ് പിന്‍വലിച്ചു.

മാര്‍ച്ച് 8-ന് കേരളത്തില്‍ വീണ്ടും പുതിയ അഞ്ച് കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ദമ്പതികളും അവരുടെ 26 വയസ്സുള്ള മകനുമാണ് കൊറോണ ബാധ ഉണ്ടായിരുന്നത്. കുടുംബവുമായി ബന്ധം പുലര്‍ത്തിയ രണ്ടുപേര്‍ കൂടി രോഗബാധിതരാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. തുടര്‍ന്ന് അവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. കേരളത്തില്‍ ചെലവഴിച്ച ഒരാഴ്ചയ്ക്കിടെ കുടുംബം ആരോഗ്യപരിശോധനയില്‍ നിന്ന് രക്ഷപ്പെടുകയും മറ്റ് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ “ഹൈ അലര്‍ട്ട്” പുറപ്പെടുവിച്ചു. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ 3 വയസ്സുള്ള മറ്റൊരു കുട്ടിയെ മാര്‍ച്ച് 9-ന് പരിശോധനയില്‍ പോസിറ്റീവ് ആയി കണ്ടെത്തി. കുട്ടിയേയും മാതാപിതാക്കളെയും എറണാകുളം മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

ദമ്പതികളുമായി ബന്ധപ്പെട്ട 6 വ്യക്തികള്‍ക്കും ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ മകനും കൊറോണ വൈറസ് അണുബാധയുണ്ടെന്ന് മാര്‍ച്ച് 10-ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധയുടെ എണ്ണം 12 ആയി വര്‍ദ്ധിച്ചു. പുതിയ നാല് രോഗബാധിതരെ കോട്ടയം, കോഴഞ്ചേരി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. രോഗബാധിതരായ ദമ്പതികളുടെ മാതാപിതാക്കളാണ് രോഗബാധിതരായ 2 വ്യക്തികള്‍. അവര്‍ റാന്നി സന്ദര്‍ശിച്ച ഒരു കുടുംബത്തില്‍ നിന്നുള്ള രണ്ട് പേരും വിമാനത്താവളത്തില്‍ നിന്ന് ദമ്പതികളെ കൂട്ടിക്കൊണ്ടുപോയ രണ്ട് ബന്ധുക്കളുമാണ് നാലു പേര്‍. കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് ഉദ്ദേശത്തില്‍ 2020 മാര്‍ച്ച് -22ന് ഇന്ത്യയൊട്ടാകെ ജനത കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇത് വളരെ വിജയകരമായിരുന്നു.

അതീവ ജാഗ്രത കൊണ്ട് ആദ്യഘട്ടത്തില്‍ വൈറസ് വ്യാപനം ഒരു പരിധി വരെ തടയാന്‍ സര്‍ക്കാറിന് സാധിച്ചു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫെബ്രുവരി 4 മുതല്‍ 8 വരെയും 2020 മാര്‍ച്ച് 8 മുതലും സര്‍ക്കാര്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 21 പ്രധാന ആശുപത്രികളില്‍ 40 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുകയും എല്ലാ ജില്ലയിലും ഒരു ഹെല്‍പ്പ്ലൈന്‍ സജീവമാക്കുകയും ചെയ്തു. മാര്‍ച്ച് 9-ലെ കണക്കനുസരിച്ച് 4000-ല്‍ അധികം ആളുകള്‍ കേരളത്തില്‍ വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിലാണ്. മാര്‍ച്ച് 4 വരെ 215 ആരോഗ്യ പരിപാലന പ്രവര്‍ത്തകരെ കേരളത്തിലുടനീളം വിന്യസിക്കുകയും 3,646 ടെലി കൗണ്‍സിലിംഗ് ദാതാക്കളെ രോഗബാധിതരാണെന്ന് സംശയിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് മനഃശാസ്ത്രപരമായ സഹായം നല്‍കുന്നതിനായി നിയോഗിക്കുകയും ചെയ്തു.

മാര്‍ച്ച് 10-ന് കേരള സര്‍ക്കാര്‍ സംസ്ഥാനത്തൊട്ടാകെയുള്ള ജയിലുകളില്‍ പ്രത്യേക വാര്‍ഡുകള്‍ ഒരുക്കി. തീര്‍ത്ഥാടനം, വിവാഹ ആഘോഷങ്ങള്‍, സിനിമാ തിയേറ്ററുകള്‍ സ്‌കൂളുകള്‍ തുടങ്ങിയ വലിയ പങ്കെടുക്കലുകള്‍ നടത്തരുതെന്നും സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഏഴാം തരം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് 31 വരെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എട്ടാം തരം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ മുടക്കം കൂടാതെ നടക്കാന്‍ സര്‍ക്കാര്‍ അറിയിപ്പു നല്‍കി.

രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 24ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊറോണ ബാധിത പ്രദേശങ്ങളില്‍ രോഗതീവ്രതയുടെയും എണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ കണ്ടൈനമെന്റ് സോണുകളും ലോക്ക്ഡൗണുകളും നടപ്പിലാക്കിയതോടെ രാജ്യം പൂര്‍ണമായും നിശ്ചലമായ ദിനങ്ങളായിരുന്നു പിന്നീട്.

Latest