National
ഉഗഡിക്ക് ശേഷം കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രി; വീണ്ടും മുന്നറിയിപ്പുമായി ബി ജെ പി. എം എല്‍ എ
ബെംഗളൂരു | കര്‍ണാടകയില്‍ നേതൃമാറ്റം വീണ്ടും ചര്‍ച്ചയാക്കി ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ എം എല്‍ എ. ഏപ്രില്‍ 13ന് ഉഗഡി ആഘോഷിച്ചതിന് ശേഷം പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് അദ്ദേഹം തുറന്നടിച്ചു. കര്‍ണാടകയുടെ പുതുവത്സരാരംഭമാണ് ഉഗഡി.
മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ മാസങ്ങളായി തുറന്നെതിര്‍ക്കുന്ന യത്‌നാല്‍ ബീജാപൂര്‍ സിറ്റിയില്‍ നിന്നുള്ള എം എല്‍ എയാണ്. സംസ്ഥാനത്തിന്റെ വടക്കുഭാഗത്ത് നിന്നായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നും അദ്ദേഹം സൂചിപ്പിച്ചു. കാത്തിരുന്നുകണ്ടോളൂവെന്നും അദ്ദേഹം വെല്ലുവിളിച്ചു.
യെദ്യൂരപ്പ ദീര്‍ഘകാലം മുഖ്യമന്ത്രി കസേരയില്‍ ഇരിക്കില്ലെന്ന് കഴിഞ്ഞ ഒക്ടോബറില്‍ അദ്ദേഹം തുറന്നടിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ യത്‌നാല്‍ യെദ്യൂരപ്പയുടെ വിമര്‍ശകനാണ്. മറാഠി സംസാരിക്കുന്ന വടക്കന്‍ കര്‍ണാടകയില്‍ പ്രാദേശികവാദം കൂടി ഉയരുന്നുണ്ട്.