National
ശശികല ആശുപത്രി വിട്ടു; വരവേറ്റ് അനുയായികൾ
ബെംഗളൂരു | കൊവിഡ് ബാധിതയായതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അണ്ണാ ഡി എം കെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികല ആശുപത്രി വിട്ടു. ഉച്ചക്ക് 12.30ന് ശേഷമായിരുന്നു അവർ ആശുപത്രിയിൽ നിന്ന് വീൽചെയറിൽ നിന്ന് പുറത്തേക്ക് വന്നത്. നൂറുകണക്കിന് അനുയായികൾ ആശുപത്രി വളപ്പിലുണ്ടായിരുന്നു.
ഏറെ ആവേശത്തോടെയാണ് അനുയായികൾ അവരെ വരവേറ്റത്. അവർ ചെന്നൈയിലേക്ക് പോകും. ആശുപത്രി വളപ്പിൽ നൂറുകണക്കിന് പോലീസുകാരെ വിന്യസിച്ചിരുന്നു.
ശശികലക്ക് കഴിഞ്ഞ ദിവസം കൊവിഡ് ഭേദമായിരുന്നു. ആശുപത്രി വിട്ടാലും ഏതാനും ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്..
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പാരപ്പന അഗ്രഹാര ജയിലില്‍ നാലു വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയ ശശികല കഴിഞ്ഞ ദിവസം ജയില്‍ മോചിതയായിരുന്നു. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹായി ആയിരുന്നു അവർ.