Gulf
നിക്ഷേപകര്‍ക്കും വിദഗ്ധര്‍ക്കും യു എ ഇ പൗരത്വം നല്‍കും
ദുബൈ | നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, എഴുത്തുകാര്‍ എന്നിങ്ങനെ വിവിധ മേഖലകളിലെ വിദഗ്ധര്‍ക്ക് യു എ ഇ പൗരത്വം നല്‍കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചു. ഇത്തരക്കാര്‍ക്ക് പൗരത്വം അനുവദിക്കുന്നതിനായി പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി. അവരുടെ രാജ്യത്തെ പൗരത്വം നിലനിര്‍ത്തുന്ന തരത്തിലായിരിക്കും യു എ ഇ പൗരത്വം.
“അസാധാരണമായ കഴിവുള്ള ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പൗരത്വം നല്‍കാനാണ് തീരുമാനം. അവരെ യു എ ഇ സമൂഹത്തിന്റെ ഭാഗമായി സ്വീകരിക്കുക, രാജ്യത്ത് ഇവരുടെ സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുക, മൊത്തത്തിലുള്ള ദേശീയ വികസന പ്രക്രിയക്ക് ആക്കംകൂട്ടുക എന്നിവയാണ് ലക്ഷ്യം. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് മാറ്റങ്ങള്‍ എന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
മന്ത്രിസഭ, ഭരണാധികാരികളുടെയും ക്രൗണ്‍ പ്രിന്‍സിന്റെയും കോടതികള്‍, എക്സിക്യൂട്ടീവ് കൗണ്‍സിലുകള്‍, ഫെഡറല്‍ എന്റിറ്റികളുടെ നാമനിര്‍ദേശങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പൗരത്വം നല്‍കുന്നത്. ഭേദഗതി പ്രകാരം, വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അധികൃതര്‍ക്ക് പൗരത്വം പിന്‍വലിക്കാം.
ആനുകൂല്യങ്ങള്‍
വാണിജ്യ സ്ഥാപനങ്ങളും സ്വത്തുക്കളും സ്ഥാപിക്കുന്നതിനോ സ്വന്തമാക്കുന്നതിനോ ഉള്ള അവകാശം ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ യു എ ഇ പൗരത്വം വാഗ്ദാനം ചെയ്യുന്നു.
പൗരത്വത്തിന് യോഗ്യതയുള്ളവര്‍
• നിക്ഷേപകര്‍
• ഡോക്ടര്‍മാര്‍
• സ്പെഷ്യലിസ്റ്റുകള്‍
• കണ്ടുപിടിത്തക്കാര്‍
• ശാസ്ത്രജ്ഞര്‍
• പ്രതിഭകള്‍
• ബുദ്ധിജീവികള്‍
• കലാകാരന്മാര്‍
(എല്ലാ വിഭാഗങ്ങളുടെയും കുടുംബങ്ങള്‍)
നിക്ഷേപകര്‍ യു എ ഇയില്‍ ഒരു സ്വത്ത് സ്വന്തമാക്കേണ്ടതുണ്ട്.
ഡോക്ടര്‍, സ്പെഷ്യലിസ്റ്റ്
യു എ ഇയില്‍ അദ്വിതീയ ശാസ്ത്രീയ വിശകലനത്തില്‍ അല്ലെങ്കില്‍ വളരെ ആവശ്യമുള്ള മറ്റേതെങ്കിലും കാര്യങ്ങളില്‍ പ്രാവീണ്യമുള്ളവരായിരിക്കണം. തന്റെ സ്പെഷ്യലൈസേഷന്‍ മേഖലയിലെ പ്രശസ്തമായ ഒരു ഓര്‍ഗനൈസേഷനില്‍ അംഗത്വം നേടുന്നതിനു പുറമെ, ശാസ്ത്രീയ സംഭാവനകളും പഠനങ്ങളും ശാസ്ത്രീയ മൂല്യത്തെക്കുറിച്ചുള്ള ഗവേഷണവും പത്ത് വര്‍ഷത്തില്‍ കുറയാത്ത പ്രായോഗിക അനുഭവവും അപേക്ഷകന്‍ അംഗീകരിച്ചിരിക്കണം.
ശാസ്ത്രജ്ഞര്‍
ഒരേ മേഖലയില്‍ പത്ത് വര്‍ഷത്തില്‍ കുറയാത്ത പ്രായോഗിക പരിചയമുള്ള ഒരു സര്‍വകലാശാലയിലോ ഗവേഷണ കേന്ദ്രത്തിലോ സ്വകാര്യ മേഖലയിലോ സജീവ ഗവേഷകനായിരിക്കണം. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഒരു ശാസ്ത്രീയ അവാര്‍ഡ് നേടുക, അല്ലെങ്കില്‍ അവരുടെ ഗവേഷണത്തിന് ഗണ്യമായ ഫണ്ട് നേടുക തുടങ്ങിയ ശാസ്ത്രമേഖലയിലെ സംഭാവനകള്‍ ഉണ്ടായിരിക്കണം. യു എ ഇയിലെ അംഗീകൃത ശാസ്ത്ര സ്ഥാപനങ്ങളില്‍ നിന്ന് ശിപാര്‍ശ കത്ത് നേടുന്നതും നിര്‍ബന്ധമാണ്.
കണ്ടുപിടിത്തക്കാര്‍
സാമ്പത്തിക മന്ത്രാലയത്തിന്റെ ശിപാര്‍ശ കത്തിന് പുറമെ യു എ ഇ സാമ്പത്തിക മന്ത്രാലയമോ മറ്റേതെങ്കിലും പ്രശസ്തമായ അന്താരാഷ്ട്ര സ്ഥാപനമോ അംഗീകരിച്ച ഒന്നോ അതിലധികമോ പേറ്റന്റുകള്‍ നേടേണ്ടതുണ്ട്.
സൃഷ്ടിപരമായ കഴിവുകള്‍
ബുദ്ധിജീവികളും കലാകാരന്മാരും, സംസ്‌കാരം-കല മേഖലകളിലെ മുന്‍നിരക്കാരും ഒന്നോ അതിലധികമോ അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടിയവരോ ആയിരിക്കണം. അനുബന്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ശിപാര്‍ശ കത്തും നിര്‍ബന്ധമാണ്.
മറ്റ് ആവശ്യകതകള്‍
ഒരാള്‍ യോഗ്യത നേടിയാല്‍, മറ്റ് ആവശ്യകതകളില്‍ വിശ്വസ്തതയുടെ സത്യപ്രതിജ്ഞയും ഉള്‍പ്പെടുന്നു. ഇമാറാത്തി നിയമങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. മറ്റേതെങ്കിലും പൗരത്വം നേടിയെടുക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സിയെ ഔദ്യോഗികമായി അറിയിക്കണം.