International
മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറി
നയ്പിറ്റോ |പുതുതായി തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ ഇന്ന് അധികാരമേല്‍ക്കാനിരിക്കെ മ്യാന്‍മറില്‍ വീണ്ടും ഭരണം പിടിച്ച് സൈന്യം. ഓംഗ് സാന്‍ സുചിയും പ്രസിഡന്റ് വിന്‍ മിന്‍ടുവും ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി)യുടെ നേതാക്കളെയുമെല്ലാം സൈന്യം തടങ്കലിലാക്കിയതായാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പ്രധാന നഗരങ്ങളെല്ലാം സൈന്യം പിടിച്ചു. രാജ്യത്ത് ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തി വച്ചു. തലസ്ഥാനത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.
സൈനിക നടപടികളോട് ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കരുതെന്ന് എന്‍ എല്‍ ഡി വക്താവ് മയോ ന്യൂന്ത് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം നിര്‍ദേശിച്ചത്. നിയമപ്രകാരം മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പാര്‍ട്ടിയുടെ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഹാന്‍ താര്‍ മൈന്റിനെയും സൈന്യം തടവിലാക്കിയിട്ടുണ്ട്.