Connect with us

National

കര്‍ഷക പ്രക്ഷോഭം: 250 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍

Published

|

Last Updated

ന്യൂഡല്‍ഹി | പ്രകോപന ഉള്ളടക്കം ആരോപിച്ച് കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകളും റിട്വീറ്റുകളും നടത്തിയ 250 അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നിയമപാലന ഏജന്‍സികളുടെയും അഭ്യര്‍ഥന പ്രകാരമാണ് നടപടി. വ്യാജവും പ്രകോപനപരവും ഭീഷണിപ്പെടുത്തുന്നതുമായ ട്വീറ്റുകള്‍ നടത്തുന്നുവെന്നാണ് ആരോപണം.

നിലവിലെ കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധാന പ്രശ്‌നം തടയാനാണ് ട്വിറ്ററിനോട് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ പറഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കാരവാന്‍ മാഗസിന്റെ അക്കൗണ്ട് അടക്കം ബ്ലോക്ക് ചെയ്തവയില്‍ പെടും. കാരവാന്റെ എഡിറ്റര്‍ വിനോദ് കെ തോമസ് അടക്കമുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് നേരത്തേ കേസെടുത്തിരുന്നു.

സി പി എം നേതാവ് മുഹമ്മദ് സാലിം, സമരരംഗത്തുള്ള കിസാന്‍ ഏക്താ മോര്‍ച്ച, ഭാരതീയ കിസാന്‍ യൂനിയന്റെ ഏക്താ ഉഗ്രഹാന്‍, എ എ പി. എം എല്‍ എമാര്‍ തുടങ്ങിയവരുടെ അക്കൗണ്ടും ബ്ലോക്ക് ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹി പോലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷവും മറ്റ് സംഭവവികാസങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് ഇടനല്‍കിയിരുന്നു. കര്‍ഷകന്റെ മരണവുമായി ബന്ധപ്പെട്ട ട്വീറ്റിന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായ് തുടങ്ങിയവര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Latest