Kerala
കടക്കലില്‍ വയോധികന്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍
കൊല്ലം | കടക്കലില്‍ ഒറ്റക്കു താമസിച്ചിരുന്ന വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മോഷണശ്രമം ചെറുത്തതിനെ തുടര്‍ന്ന് എഴുപതുകാരനെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കടയ്ക്കല്‍ പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവസ്ത്രനായി കഴുത്തിലും, ഇരുകാലുകളുടെയും മുട്ടിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. കൂടാതെ വീടിന്റെ മേല്‍ക്കൂരയില്‍ കൈലി കെട്ടിത്തൂക്കിയ നിലയിലുമായിരുന്നു. ഗോപാലന്റെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവനോളം വരുന്ന സ്വര്‍ണ്ണമാലയും വീട്ടില്‍ ഉണ്ടായിരുന്ന വലിയ ടോര്‍ച്ചും കാണാനില്ലെന്ന് അന്നു തന്നെ ഗോപാലന്റെ മകന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പൊതിയാരുവിള സ്വദേശി രമേശന്‍ സ്വര്‍ണമാല വില്‍ക്കാന്‍ കടയ്ക്കലിലെ ഒരു കടയില്‍ എത്തിയത്. ഈ മാല മരിച്ച ഗോപാലന്റേതാണെന്ന് തിരിച്ചറിഞ്ഞു. രമേശനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മദ്യപാനവും ചീട്ടുകളിയും മൂലമുണ്ടായ
കടം വീട്ടാനാണ് രമേശനും സുഹൃത്ത് ജയനും മോഷണം നടത്താന്‍ തീരുമാനിച്ചത്. ഞായറാഴ്ച്ച രാത്രി ഏഴരയോടെ ഗോപാലന്റെ വീട്ടിലെത്തിയ പ്രതികള്‍ ഗോപാലന്‍ വീടിനു പുറത്തു നില്‍ക്കുന്ന സമയത്ത് അകത്ത് കയറി ഒന്നരപവന്റെ സ്വര്‍ണ്ണമാല കൈക്കലാക്കി.
ശബ്ദം കേട്ട് ഗോപാലന്‍ ഓടിയെത്തി തടഞ്ഞതിനെ തുടര്‍ന്ന് വീടിന്റെ അടുക്കള ഭാഗത്ത് വച്ച് ഇരുവരും ചേര്‍ന്ന് തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ച് ഗോപാലനെ കൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഗോപാലിനെ എടുത്തു വീടിന്റെ മേല്‍ക്കൂരയില്‍ കെട്ടിത്തൂക്കാന്‍ ശ്രമം നടത്തിയെങ്കിലും മൃതദേഹത്തിന്റ ഭാരം കാരണം ഇത് സാധിച്ചില്ല. പിന്നീട് ഇരുവരും രക്ഷപ്പെടുകയായിരുന്നു.
രമേശന്‍ പിടിയിലായ വിവരമറിഞ്ഞ് ഒളിവില്‍പോയ ജയനെ ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെ തിരുവനന്തപുരം ഭാഗത്തുനിന്നുമാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.