Business
ഒരു വാണിജ്യ ശൃംഖലാ കുതിപ്പ് അപൂര്‍വ നാഴികക്കല്ല് പിന്നിടുമ്പോൾ
യു എ ഇ യിൽ കാലുറപ്പിച്ചു ലോകമാകെ പടർന്നു കയറുന്ന ലുലു റീട്ടെയിൽ ശാഖകൾ 200 തികക്കുകയാണ്. ഇന്ന് ഈജിപ്തിലാണ് ആ അസുലഭ മുഹൂര്‍ത്തം. മലയാളികൾക്കാകെ അഭിമാനവും ആവേശവും പകരുന്ന ജൈത്രയാത്രയാണ് എം എ യൂസുഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു നടത്തുന്നത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും ദീർഘ വീക്ഷണവും കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലുലുവും യൂസുഫലിയും സേവനത്തിന്റെ മുദ്ര പതിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്. 1974 ഡിസംബറിൽ എം എ യൂസുഫലി ദുബൈയിൽ എത്തിയത് മുതൽ ലുലുവിന്റെ ഓരോ കുതിപ്പും വളർച്ചയും ഗള്‍ഫ് ജനതക്ക് തുറന്ന പുസ്തകം. കുറുക്കുവഴികൾ ഒന്നുമുണ്ടായിരുന്നില്ല. ഗൾഫ് ഭരണാധികാരികളെ ബഹുമാനിച്ചും അപകടകരമെന്നു മറ്റുള്ളവർക്ക് തോന്നിയേക്കാവുന്ന വഴികളിലൂടെ സഞ്ചരിച്ചുമാണ് ഈ നേട്ടങ്ങൾ. ഉദാഹരണം, ഗൾഫ് യുദ്ധകാലത്ത് പലരും സ്വദേശത്തേക്ക് മടങ്ങിയപ്പോള്‍ ഗൾഫിൽ പിന്നെയും നിക്ഷേപം നടത്തിയ സന്ദർഭം. യൂസുഫലിയുടെ ഈ ചങ്കൂറ്റത്തെ യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാൻ അഭിനന്ദിച്ചു.
യൂസുഫലി അബുദാബിയിൽ എത്തുന്നത്, അക്കാലത്തു മിക്ക മലയാളികളും ചെയ്യുന്നത് പോലെ പായ്ക്കപ്പലിൽ. ഏറെ ദിവസത്തെ കടൽ യാത്ര. ജന്മ സ്ഥലമായ നാട്ടികയിൽ നിന്ന് യാത്ര ആരംഭിക്കുമ്പോൾ തന്നെ അബുദാബിയിൽ പിതൃ സഹോദരനായ എം കെ അബ്ദുല്ലയുടെ സ്റ്റോറിൽ വ്യാപാരത്തിന്റെ ബാല പാഠങ്ങൾ പഠിക്കുകയായിരുന്നു ലക്ഷ്യം. ബിസിനസ് മാനേജ്മെന്റിൽ ഡിപ്ലോമയും എന്തും നേരിടാനുള്ള മാനസിക ബലവുമായിരുന്നു കൈമുതൽ. എമിറേറ്റ് ജനറല്‍ മാര്‍ക്കറ്റ് എന്ന പേരിൽ ഭക്ഷ്യ സാധനങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്തു. മൊത്ത വിതരണം വ്യാപിപ്പിച്ചു. യൂസുഫലി പുതിയ പാതകള്‍ താണ്ടി. എം കെ ഗ്രൂപ്പിന് കീഴിൽ 1990ൽ ആദ്യ ലുലു ഹൈപ്പർമാർക്കറ്റ് യാഥാര്‍ഥ്യമായി. ഇത്തരമൊരു സങ്കൽപം ഗൾഫിൽ ഏറെക്കുറെ പുതിയതായിരുന്നു.
1995ലാണ് ആഗോള ഭീമൻ കാരിഫോർ രംഗത്ത് വരുന്നത്. അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ ലുലു സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും തുടങ്ങി. അന്ന് ലുലു വ്യാപാര കേന്ദ്രങ്ങൾ കാണാൻ ഗൾഫിന്റെ വിവിധ ഇടങ്ങളിൽ നിന്ന് ആളുകൾ അബുദാബിയിൽ എത്തുമായിരുന്നു. അബുദാബിയിലെ അറബ് പ്രമുഖരുമായി ബന്ധം സ്ഥാപിച്ചതിന് പുറമെ മലയാളി സാമൂഹിക സാംസ്‌കാരിക മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിലും യൂസുഫലി മുന്നിൽ നിന്നു. ജനങ്ങളുമായി നിരന്തര ആശയ വിനിമയം നടത്താൻ യൂസുഫലി താത്പര്യം കാട്ടി. ഈ സൗമനസ്യ സമീപനം ലുലുവിന്റെ മുഖമുദ്രയായി. ലുലുവിൽ തൊഴിൽ കരസ്ഥമാക്കിയവരും ഇടപാടുകാരോട് മാന്യമായി പെരുമാറി. ഇതിനിടെ കാലത്തിന്റെ മാറ്റം അപ്പപ്പോൾ കണ്ടറിഞ്ഞുള്ള വിപുലീകരണവും ആധുനികവത്കരണവും നടപ്പാക്കി. ഇത്തരത്തിൽ ധാരാളം അനുഭവ സമ്പത്തോടെയാണ് ലുലു 2000ൽ ദുബൈയിൽ ആദ്യ ഹൈപ്പർമാർക്കറ്റ് തുടങ്ങുന്നത്.
ഇലക്ട്രോണിക്‌സ്, ഭക്ഷ്യ വസ്തുക്കൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, വീട്ടു സാമഗ്രികൾ എന്നിങ്ങനെ എന്തും ഒരു കുടക്കീഴിൽ വൈവിധ്യത്തോടെ അവതരിപ്പിക്കപ്പെട്ടു. സ്വദേശികളും വിദേശികളും ഒരേ പോലെ ലുലുവിനെ ആശ്രയിച്ചു. യു എ ഇക്ക് പുറമെ കുവൈത്ത്, ഖത്വർ, സഊദി അറേബ്യ, ഒമാൻ, യമൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിച്ചു. 2013 മാർച്ച് പത്തിന് സ്വന്തം സംസ്ഥാനമായ കേരളത്തിൽ ലുലുമാൾ തുടങ്ങി. ഇന്ത്യയിൽ തന്നെ വലിയ മാൾ കൊച്ചിയിൽ യാഥാർഥ്യമായി. കേരളത്തിലെ ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയായി കൊച്ചി ലുലു മാൾ. കേരളത്തില്‍ 8,000 കോടി രൂപ നിക്ഷേപിക്കുമെന്ന് യൂസുഫലി അറിയിച്ചിട്ടുണ്ട്. കോഴിക്കോട്, കാസര്‍കോട് അടക്കം മലബാറിലും ലുലു എത്തും. ലക്നോവിൽ രാജ്യാന്തര സമ്മേളന കേന്ദ്രത്തിനും തിരുവനന്തപുരത്ത് മാളിനും പദ്ധതിയിട്ടു. ഇന്ത്യയിൽ വിവിധ നഗരങ്ങളിൽ നിക്ഷേപം നടത്താൻ മുന്നോട്ടു വന്നു. ഇന്ത്യയിൽ ഭക്ഷ്യ സംസ്‌കരണ, സംഭരണ കേന്ദ്രങ്ങൾ വ്യാപകമാക്കി. ലോകത്തിന്റെ മുക്കിലും മൂലയിലും ഇന്ത്യൻ ഉത്പന്നങ്ങൾ എത്തിക്കുന്നതിൽ ലുലു പ്രധാന പങ്കുവഹിക്കുന്നു.
2020 സെപ്തംബറിൽ ജി സി സി രാജ്യങ്ങളിൽ ലുലു ശാഖകളുടെ എണ്ണം 190 കടന്നു.ലുലു ഗ്രൂപ്പിന് കീഴിൽ ധന വിനിമയ സ്ഥാപനങ്ങൾ, സ്‌കോട്ട്‌ലാൻഡ് യാർഡ് അടക്കം വസ്തുവകകൾ കൈകാര്യം ചെയ്യാൻ പ്രത്യേക വിഭാഗം,, ബർമിങ്ങാമിൽ ലോജിസ്റ്റിക്‌സ് എന്നിങ്ങനെ പലതും യാഥാർഥ്യമായി. ഏഷ്യയിലേത്തന്നെ വലിയ വ്യാപാര ശൃംഖലകളിലൊന്നാണ് ലുലു. എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലുമായി, വിവിധ രാജ്യങ്ങളിൽ നിന്നും 60,000-ത്തോളം പേർ ജോലിയെടുക്കുന്നു. ലോകത്ത് അതിവേഗം വളരുന്ന 50 വ്യാപാര ശൃംഖലകളിൽ ലുലു ഇടം നേടിയതായി ഗവേഷണ സ്ഥാപനമായ ഡെലോയിറ്റ് അടുത്തിടെ പ്രഖ്യാപിച്ചു. യൂസുഫലിക്കു താങ്ങായി എം എ അശ്്റഫലി, എം എ സലിം എന്നിവരും ആത്മാർഥതയുള്ള അനേകം ഉദ്യോഗസ്ഥരും സദാ പ്രവർത്തിക്കുന്നു. ഈ കെട്ടുറപ്പ് ലുലു വിനെ ഇനിയും മുന്നോട്ട് കൊണ്ടുപോകും.