Connect with us

Kerala

പ്രിയങ്കയും രാഹുലും മൃദുഹിന്ദുത്വത്തിന്റെ പ്രചാരകര്‍; ഏതെങ്കിലും കടലാസ് കാണിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കൈത്തൊഴിലെന്നും വിജയരാഘവന്‍

Published

|

Last Updated

തിരൂര്‍ | കോണ്‍ഗ്രസ് ദേശീയ നേതാക്കളായ പ്രിയങ്ക വധേരയും രാഹുല്‍ ഗാന്ധിയും മൃദുഹിന്ദുത്വത്തിന്റെ വക്താക്കളും പ്രചാരകരുമാണെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. സി പി എം വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയുമായി ബന്ധപ്പെട്ട് തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബരി മസ്ജിദിന്റെ സംഭവവികാസങ്ങള്‍ മുതല്‍ മൃദുഹിന്ദുത്വത്തെ പ്രോത്സാഹിപ്പിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ ബാബരി മസ്ജിദ് തകര്‍ത്തതിലൂടെ ഹിന്ദുത്വം മൂര്‍ത്തഭാവം പ്രാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യാത്രയില്‍ ബി ജെ പിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ ഒരു വാക്ക് പോലും ഉരിയാടുന്നില്ലെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.

മൃദുഹിന്ദുത്വത്തിന്റെ വേഷഭൂഷാദികള്‍ അണിയുന്ന സമീപനമാണ് പ്രിയങ്കയുടെയും രാഹുലിന്റെതും. ഏതെങ്കിലും കടലാസുകള്‍ എടുത്തുകാണിക്കുന്നത് രമേശ് ചെന്നിത്തലയുടെ കൈത്തൊഴിലാണെന്ന് ആഴക്കടല്‍ മത്സ്യബന്ധന അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞു. ആഴക്കടല്‍ ട്രോളിംഗ് നിരോധനത്തിനെതിരെ തീരദേശ മേഖലയില്‍ നടന്ന ഐതിഹാസിക സമരത്തെ പരിഹസിച്ചയാളാണ് ചെന്നിത്തലയെന്നും വിജയരാഘവന്‍ പറഞ്ഞു.