Connect with us

Articles

കുത്തകകള്‍ കടലിലും നങ്കൂരമിറക്കുന്നു

Published

|

Last Updated

ഇന്ത്യയിലെ മത്സ്യോത്പാദനം ഏകദേശം 14 ദശലക്ഷം മെട്രിക് ടണ്‍ വരും. 2018-2019 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ വെച്ചുനോക്കുമ്പോള്‍ ചൈനക്കും ഇന്തോനേഷ്യക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കടല്‍ മത്സ്യബന്ധനം, ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യബന്ധനം എന്നിവ മാറ്റിനിര്‍ത്തി മത്സ്യകൃഷിയിലൂടെ ഉത്പാദനം നടത്തുന്നതില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യവും ഇന്ത്യയാണ്.

മത്സ്യബന്ധന മേഖലയില്‍ ഏകദേശം 30 ദശലക്ഷം ആളുകള്‍ ഉപജീവനം തേടുന്നുണ്ട്. രാജ്യത്തിന്റെ ജി ഡി പിയുടെ 1.12 ശതമാനം വരുന്നത് ഫിഷറീസ് മേഖലയില്‍ നിന്നാണ്. മത്സ്യോത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ 46,589 കോടി രൂപയുടെ വിദേശ നാണ്യം നമുക്ക് ലഭിക്കുന്നുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയേക്കാള്‍ (7.16 ശതമാനം) ഏറെ മുന്നിലാണ് ഫിഷറീസ് മേഖലയുടെ വളര്‍ച്ച (10.87 ശതമാനം). അതായത് രാജ്യത്തിന്റെ സാമ്പത്തിക ഘടനയില്‍ ഏറെ പ്രധാനപ്പെട്ട ഒരു അടിസ്ഥാന മേഖലയാണ് ഫിഷറീസ്.
1976ലെ EEZ ചട്ട പ്രകാരം പ്രത്യേക സാമ്പത്തിക മേഖലയായി കണക്കാക്കിയ ഇന്ത്യയുടെ കടല്‍ വിസ്തൃതി ഏകദേശം രണ്ട് ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരും. കടല്‍ തട്ട് ഭാഗം 0.372 ദശലക്ഷം ചതുരശ്ര കിലോമീറ്ററും തീരപ്രദേശം ഏകദേശം 8,000 കിലോമീറ്ററിലധികവുമാണ്. ഉള്‍നാടന്‍ ജലാശയങ്ങളുടെ കണക്കുകള്‍ നോക്കുമ്പോള്‍ നദികളും കനാലുകളും വലിയ ഡാമുകളുമായി ഏകദേശം രണ്ട് ലക്ഷം കിലോമീറ്റര്‍ വരും. ചെറു റിസര്‍വയറുകള്‍ 3.2 ദശലക്ഷം ഹെക്ടറുമുണ്ട്. ഇവിടെയൊക്കെ സജീവമായ മത്സ്യത്തൊഴിലാളികളുടെ എണ്ണം കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവരുടെ എണ്ണത്തേക്കാള്‍ ആറിരട്ടി വരും.

മത്സ്യബന്ധനം മുതല്‍ സംസ്‌കരണം, ചെറുകിട- മൊത്ത വ്യാപാരം, മത്സ്യബന്ധന ഉപകരണങ്ങളുടെ നിര്‍മാണം, വില്‍പ്പന, ഹാര്‍ബറുകളുടെ നിയന്ത്രണം- നടത്തിപ്പ്, സംസ്‌കരണം, കയറ്റുമതി എന്നിങ്ങനെ ഏറെ വിശാലമായ സാമ്പത്തിക സംവിധാനമാണ് കടല്‍ മത്സ്യബന്ധന മേഖലയിലുള്ളത്. ഉള്‍നാടന്‍ മത്സ്യബന്ധനവും ഏതാണ്ട് ഇതുപോലെ തന്നെയാണ്. കൂടാതെ, മത്സ്യകൃഷി നടത്തുന്നവരും അലങ്കാര മത്സ്യകൃഷിയില്‍ കേന്ദ്രീകരിച്ചവരും ചേര്‍ന്ന് വിപുലമായ സാമ്പത്തിക സാധ്യതയാണ് ഇന്ത്യയിലെ ഫിഷറീസ് മേഖല.
എന്നാല്‍ രാജ്യത്ത് ഏറ്റവും പരിതാപകരമായ ജീവിത സാഹചര്യങ്ങളുള്ളവര്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. മാറിമാറി വന്ന സര്‍ക്കാറുകളൊന്നും തന്നെ മത്സ്യത്തൊഴിലാളികളുടെ സമഗ്രവും സുസ്ഥിരവുമായ ക്ഷേമ പരിപാടികള്‍ക്ക് അര്‍ഹമായ ശ്രദ്ധ കൊടുത്തിട്ടില്ല. അമ്പതുകളില്‍ മത്സ്യമേഖലയുടെ പ്രാധാന്യവും സാമ്പത്തിക മേഖലയില്‍ ഉണ്ടായേക്കാവുന്ന ഭാഗധേയത്വത്തിന്റെ ശേഷിയും തിരിച്ചറിയപ്പെട്ടിരുന്നെങ്കിലും അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ കുറവായിരുന്നു. കേന്ദ്ര സര്‍ക്കാറില്‍ ഫിഷറീസ് മേഖല ഒരു അനുബന്ധ വകുപ്പ് എന്നതില്‍ കവിഞ്ഞ് ഒരു മന്ത്രാലയം എന്ന നിലക്ക് ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല.
കേന്ദ്രത്തിന്റെ പുതിയ ഫിഷറീസ് നയമാകട്ടെ ഈ മേഖലയില്‍ കൂടുതല്‍ സ്വകാര്യവത്കരണത്തിന് മുതിരുന്നതുമാണ്. കാര്‍ഷിക രംഗം കുത്തകകള്‍ക്ക് തീറെഴുതുന്നു എന്ന വിമര്‍ശങ്ങള്‍ ശക്തമാകുകയും രാജ്യത്തൊട്ടാകെ കര്‍ഷക സമരങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മത്സ്യബന്ധന-അനുബന്ധ മേഖലകളെയും സ്വകാര്യ കുത്തകകള്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ ഇറങ്ങുന്നത്. മത്സ്യബന്ധനത്തിലൂടെ ലഭ്യമാക്കാവുന്ന പരമാവധി വിളവ് ഉറപ്പാക്കാന്‍ ആഗോളവത്കൃത ലോകത്തിന്റെ പുതിയ വഴികളിലൂടെ സഞ്ചരിക്കണമെന്ന് ചൂണ്ടിക്കാണിക്കുന്ന പുതിയ നയം ഡോ. ബി മീനാകുമാരി റിപ്പോര്‍ട്ടിന്റെ വഴിയേ തന്നെ വലിയ വിമര്‍ശങ്ങള്‍ക്ക് പാത്രമാകുകയാണ്.

ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ആയിരത്തിലധികം വലിയ യാനങ്ങള്‍ നിര്‍ദേശിച്ച മീനാകുമാരി റിപ്പോര്‍ട്ട് കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാറിന് പിന്‍വലിക്കേണ്ടിവന്നു. എന്നിട്ടും ഇത്തവണത്തെ ബജറ്റിലടക്കം സ്വകാര്യ മേഖലയിലെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനം വ്യക്തമാക്കിക്കഴിഞ്ഞു. ആഴക്കടലിലും തീരങ്ങളിലും ഉള്‍നാടന്‍ ജലാശയങ്ങളിലുമുള്ള മത്സ്യബന്ധനം തുടങ്ങി, അവയുടെ വിപണനവും ഹാര്‍ബറുകളും സംസ്‌കരണങ്ങളും കയറ്റുമതി വരെയും ഇനി സ്വകാര്യ പങ്കാളിത്തത്തോടെ നടത്താനാണ് സര്‍ക്കാറിന്റെ നീക്കം. അതായത്, സര്‍ക്കാര്‍ നിലവിലുള്ള സ്ഥിതിയില്‍ നിന്ന് ഇനിയും പിന്നിലേക്ക് മാറുന്നത് ഇവിടുത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെ കൂടുതല്‍ ദയനീയമായി ബാധിക്കും.

കടലിലും മറ്റു ജലാശയങ്ങളിലും മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന പുതിയ സാഹചര്യത്തിനിടക്ക് ഇപ്പോള്‍ അനുഭവേദ്യമാകുന്ന കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കണക്കിലെടുത്തിട്ടില്ല. ഇ ഐ എ അടക്കമുള്ള പരിസ്ഥിതി വിരുദ്ധ നയങ്ങളുള്ള ഒരു സര്‍ക്കാറില്‍ നിന്ന് അങ്ങനെ പ്രതീക്ഷിക്കാനും വകയില്ല. അതേസമയം, നദികളടക്കമുള്ള ഉള്‍നാടന്‍ ജലാശയങ്ങളില്‍ സങ്കരയിനം മത്സ്യങ്ങളെ ഉത്പാദിപ്പിക്കുന്നതടക്കം അനവധി നൂതന സാങ്കേതിക പരീക്ഷണങ്ങള്‍ കൂടി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇത് ഈ ജലാശയങ്ങളിലെ സ്വാഭാവിക ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാം.

കടലിലാകട്ടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മത്സ്യസമ്പത്ത് ഗണ്യമായ തോതില്‍ ഇടിവ് നേരിടുമ്പോഴും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും മത്സ്യസമ്പത്ത് ആപേക്ഷികമായി ഭേദപ്പെട്ട നിലയിലാണ്. ഇത് പരമാവധി ചൂഷണം ചെയ്ത് ഉത്പാദനവും അതുവഴി കയറ്റുമതി അടക്കമുള്ള കച്ചവടങ്ങളും മെച്ചപ്പെടുത്താമെന്ന് നിനക്കുന്നത് അത്യന്തം അപകടകരമാണ്. വംശനാശം സംഭവിക്കുന്ന ഇനങ്ങളെ പ്രത്യേകം സംരക്ഷിക്കാനുള്ള യജ്ഞങ്ങള്‍ ഒക്കെ ഉണ്ടാകുമെന്ന് പുതിയ നയം പറയുമ്പോഴും അത് എങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവിലുള്ള സ്രോതസ്സുകള്‍ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്ന പരിസ്ഥിതി നയം അനിവാര്യമായിരിക്കെ തന്നെ മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും അധികാരികള്‍ക്ക് കഴിയണം. ഈ രണ്ട് മേഖലകളെയും സന്തുലിതാവസ്ഥയില്‍ കൈകാര്യം ചെയ്യുക ശ്രമകരമാണ്. പക്ഷേ, ഇതുമാത്രമാണ് പോംവഴി. എന്നാല്‍ സര്‍ക്കാര്‍ ചെയ്യുന്നത് കുത്തകകള്‍ക്ക് സമുദ്ര ഗവേഷണത്തിനും അതുവഴി ആഴക്കടല്‍ മത്സ്യബന്ധനത്തിനും മറ്റും വഴിയൊരുക്കുകയാണ്.

അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും നിത്യസംഭവമാകുന്ന കടല്‍ ക്ഷോഭവും മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കുന്നു. പ്രത്യേകിച്ച് തീരദേശ മത്സ്യത്തൊഴിലാളികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇവര്‍ക്ക് സുരക്ഷിതമായ വീട്, മെച്ചപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങള്‍, നിലവാരമുള്ള ജീവിത സാഹചര്യം, വിദ്യാഭ്യാസ പാക്കേജുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പുതിയ നയം എന്തു പറയുന്നു എന്നതില്‍ നിരാശ മാത്രമാണ് ഉത്തരം. മാത്രവുമല്ല, അബദ്ധത്തിലോ മറ്റോ രാജ്യാന്തര അതിര്‍ത്തികള്‍ ലംഘിച്ചുപോകുന്ന പാവം മത്സ്യത്തൊഴിലാളികളെ ഇതര രാജ്യങ്ങളുടെ നാവിക സേന പിടിച്ചുകൊണ്ടുപോയി അന്യായ തടവില്‍ പാര്‍പ്പിക്കുന്നത് സ്ഥിരം സംഭവമാണ്. പാക്കിസ്ഥാന്‍, ശ്രീലങ്കന്‍ നാവിക സേനകള്‍ ഇത്തരത്തില്‍ അനേകം ഇന്ത്യക്കാരെ പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. കഴിഞ്ഞ മാസം ശ്രീലങ്കന്‍ നാവിക സേന തമിഴ്‌നാട്ടിലെ നാല് മത്സ്യത്തൊഴിലാളികളെയാണ് ബോട്ടിടിപ്പിച്ചു കൊന്നത്. ഇത്തരം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ ഫിഷറീസ് നയം പ്രതിഷേധാര്‍ഹമായിരിക്കുന്ന സാഹചര്യത്തില്‍ തന്നെ കേരളത്തിലും വിവാദങ്ങള്‍ കൊഴുക്കുകയാണ്. മീനാകുമാരി റിപ്പോര്‍ട്ട് അടക്കമുള്ള വിഷയങ്ങളില്‍ കൃത്യമായ നിലപാടുണ്ടായിരുന്ന ഇടത് സര്‍ക്കാറിന് നയവ്യതിയാനം സംഭവിച്ചോ എന്നാശങ്കപ്പെടുത്തുന്നതാണ് പുതിയ ഇ എം സി സി – കെ എസ് ഐ എന്‍ സി ധാരണ. മീനാകുമാരി റിപ്പോര്‍ട്ട് കേരള തീരത്തേക്ക് 220 ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നിര്‍ദേശിച്ചപ്പോള്‍ തന്നെ അതിനെതിരെ നിയമലംഘനം അടക്കമുള്ള സമരങ്ങളിലൂടെ പ്രതിഷേധിച്ച് പ്രസ്തുത നിര്‍ദേശങ്ങള്‍ അവഗണിക്കാന്‍ മോദി സര്‍ക്കാറിനെ നിര്‍ബന്ധിപ്പിച്ച സാഹചര്യം മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്തിന്റെ തീരങ്ങളില്‍ അന്താരാഷ്ട്ര നിലവാരമുള്ള 400 കൂറ്റന്‍ യാനങ്ങള്‍ വരുന്നു എന്നതിനെ നിരീക്ഷിക്കേണ്ടത്.

കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ഇ എം സി സി എന്ന അമേരിക്കന്‍ കമ്പനിയുമായി കരാറുണ്ടാക്കി എന്ന പ്രതിപക്ഷ ആരോപണം ശരിയെങ്കില്‍ ഫിഷറീസ് മേഖലയെ കുത്തകകള്‍ക്ക് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരേ സ്വരമാണെന്ന് മനസ്സിലാക്കേണ്ടി വരും. കേരളത്തിന്റെ ഹാര്‍ബറുകളുടെ നിയന്ത്രണവും ആഴക്കടല്‍ മത്സ്യബന്ധനവും ചെറുകിട ചന്തകളും കയറ്റുമതിയും വരെ കുത്തക കമ്പനികള്‍ കൈയടക്കുന്നു എന്ന കാര്യം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. BOOT (Build Own Operate Transfer) മാതൃകയില്‍ ഇങ്ങനെയൊരു ബൃഹത് പദ്ധതി വരുന്നത് സംസ്ഥാനത്തിന്റെ ഫിഷറീസ് മേഖലയെ മുടിച്ചുകളയും. ഈ കരാര്‍ സത്യമെങ്കില്‍ സര്‍ക്കാര്‍ അതില്‍ നിന്ന് പിന്മാറണം.

ഇന്ത്യയുടെ കാര്‍ഷിക മേഖലയെ പോലെ ഏറ്റവും അടിസ്ഥാന വിഭാഗങ്ങള്‍ ഉപജീവനത്തിന് ഇടം കണ്ടെത്തുന്ന ഫിഷറീസ് മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇടപെടുന്ന സാഹചര്യമാണ് വേണ്ടത്. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മികച്ച ക്ഷേമ പാക്കേജുകള്‍ ഒരുക്കണം. മണ്ണെണ്ണ സബ്സിഡി അടക്കമുള്ള കാര്യങ്ങള്‍ പുനഃസ്ഥാപിക്കണം. അടിമുടി പൊതു നിയന്ത്രിത മത്സ്യത്തൊഴിലാളി കേന്ദ്ര ഫിഷറീസ് നയം രൂപപ്പെടണം.

Latest