Articles
പട്ടേലിനെ കൈയൊഴിയുന്ന മൊട്ടേര
ബി ജെ പിയുടെ സെലിബ്രിറ്റി ലിസ്റ്റിലുള്ള പ്രധാനിയാണ്, ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍. ശശി തരൂര്‍ ട്വീറ്റ് ചെയ്തത് പോലെ, തങ്ങളുടെ മാതൃസംഘടനയെ രാജ്യത്ത് നിന്ന് നിരോധിച്ച ഒരു ആഭ്യന്തര മന്ത്രി ബി ജെ പിക്കാരുടെ ആരാധ്യപുരുഷനാകുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. കോണ്‍ഗ്രസിലെ ഗാന്ധി കുടുംബത്തിന്റെ ആധിപത്യമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ദേശീയ നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ അയിത്തമുണ്ടെന്നതാണ് അടിസ്ഥാനപരമായി സംഘ്പരിവാര്‍ എല്ലാ കാലത്തും ഉയര്‍ത്തിയ വിമര്‍ശം. പട്ടേലിനെയും നെഹ്‌റുവിനെയും ഇരു ദ്വന്ദ്വങ്ങളില്‍ നിര്‍ത്തിയുള്ള ചരിത്ര വ്യായാമങ്ങള്‍ ഗുജറാത്തിലെ പട്ടേല്‍ പ്രതിമ വരെ എത്തിനില്‍ക്കുന്ന ഒന്നാണല്ലോ. 8,000 കോടി ചെലവില്‍ ഗുജറാത്തില്‍ മോദി നിര്‍മിച്ച ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ പക്ഷേ, പട്ടേലിനോടുള്ള പ്രേമം കൊണ്ടായിരുന്നില്ലെന്നും നെഹ്‌റു അടക്കമുള്ള ദേശീയ നേതാക്കളെ ശത്രുചേരിയില്‍ നിര്‍ത്താനുള്ള സംഘ്പരിവാറിന്റെ പരിശ്രമമാണെന്നും പല രാഷ്ട്രീയ സന്ദര്‍ഭങ്ങളിലും നമുക്ക് ബോധ്യമായതാണ്. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ പേരില്‍ 1983ല്‍ പണികഴിപ്പിച്ച ഗുജറാത്തിലെ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിന്റെ പേര് മാറ്റി സ്വന്തം പേരില്‍ മാറ്റിയെഴുതുന്ന ഈ ഘട്ടത്തിലും ബി ജെ പിയുടെ പട്ടേല്‍ ഭക്തിയുടെ മറനീങ്ങി പുറത്തു വരികയാണ്. നവീകരിച്ച, ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന് അവകാശപ്പെടുന്ന മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പേര് സ്റ്റേഡിയത്തോടനുബന്ധിച്ച് നിര്‍മിക്കപ്പെട്ട സ്‌പോര്‍ട്‌സ് എന്‍ക്ലേവിന് മാറ്റി നല്‍കിയിരിക്കുന്നു. പട്ടേലിനും മേലെ ഇനി മോഡിജപം മുഴങ്ങും എന്ന് തന്നെയാണ് ഇത് നല്‍കുന്ന രാഷ്ട്രീയ സന്ദേശം.
സ്വകാര്യവത്കരണത്തിന്റെ പുതിയ അധികാരമുഖം പരസ്യമായി പ്രഖ്യാപിച്ച ഈ രാഷ്ട്രീയ ഘട്ടത്തില്‍ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ആര്‍ എസ് എസ് നേതാവായിരുന്ന എം എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നത് പോലെയോ, അംബേദ്കറിന്റെ പേരിനൊപ്പം റാം ചേര്‍ത്ത് പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കിയ യു പി സര്‍ക്കാറിന്റെ നടപടി പോലെയോ അത്ര ലളിതമായി കാണേണ്ടതല്ല ഈ പേര് മാറ്റം. മോദിയെ ഗ്ലോറിഫൈ ചെയ്യാനുള്ള സംഘ്പരിവാര്‍ കേന്ദ്രങ്ങളുടെ ദീര്‍ഘകാലം നീണ്ട ചര്‍ച്ചകളുടെ പ്രയോഗരൂപം എന്ന അര്‍ഥത്തില്‍ മാത്രമല്ല മൊട്ടേരയെ കാണേണ്ടത്, ചങ്ങാത്ത മുതലാളിത്തത്തിന്റെ ഉഗ്ര സംഹാര ശേഷിയുള്ള പ്രകടനം കൂടിയാണത്. സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് കൊണ്ട് രാജ്യത്തിന്റെ പ്രഥമ പൗരനെ സാക്ഷി നിര്‍ത്തി അമിത് ഷാ പറഞ്ഞത് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തേ മോദിക്ക് ഇങ്ങനെയൊരു സ്വപ്‌നം ഉണ്ടായിരുന്നുവെന്നാണ്. അമിത് ഷാ പറഞ്ഞതില്‍ ചില സത്യങ്ങളുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തുടങ്ങിയ കോര്‍പറേറ്റ് സൗഹൃദമാണ് മോദിയെയും സ്റ്റേഡിയത്തിന്റെ രണ്ടറ്റങ്ങള്‍ക്കും പേര് നല്‍കാന്‍ പാകത്തില്‍ അദാനിയടക്കമുള്ളവരെയും വളര്‍ത്തിയതെന്ന് വ്യക്തമാണ്.
ദേശീയ നേതാക്കളുടെ പേരില്‍ ഇന്ത്യയില്‍ പലയിടത്തും കളി മൈതാനങ്ങളും പൊതു സ്ഥാപനങ്ങളും നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് ഗാന്ധി കുടുംബത്തിലെ പലരുടെയും പേരില്‍ നിരവധി സ്റ്റേഡിയങ്ങള്‍ രാജ്യത്തുണ്ട്. പക്ഷേ, അവക്കൊക്കെയും പേര് നല്‍കപ്പെട്ടത് അവരുടെ കാലശേഷം ആദര സൂചകമായിട്ടായിരുന്നു. അധികാരത്തിലിരിക്കുന്ന ഒരു പ്രധാനമന്ത്രി രാജ്യത്തിന്റെ പൊതുഖജനാവില്‍ നിന്നെടുത്ത പണം ഉപയോഗിച്ച് നവീകരിച്ച ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്, രാജ്യം ആദരിക്കുന്ന ദേശീയ നേതാവിന്റെ പേര് മാറ്റി തന്റെ സ്വന്തം പേര് ചാര്‍ത്തി കൊടുക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ അത്ര പതിവില്ലാത്തതാണ്. അധികാരത്തിലിരിക്കുന്ന നേതാക്കളുടെ പേരില്‍ പൊതു സംവിധാനങ്ങള്‍ നിര്‍മിക്കപ്പെടുന്നത് ഏകാധിപതികളുടെ ചരിത്രത്തിലാണ് നമ്മള്‍ വായിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഇന്ത്യന്‍ ചരിത്രത്തിലെ സ്വേച്ഛാധിപത്യത്തിന്റെ അടയാളവാക്യമായി മൊട്ടേര സ്റ്റേഡിയം എന്നും ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും.
ഏകാധിപതികളുടെ ചരിത്രത്തില്‍ സമാനമായ സംഭവങ്ങള്‍ പരതുമ്പോള്‍ ആദ്യം വരുന്ന പേര് ജര്‍മനിയിലെ സ്റ്റുട്ട്ഗാര്‍ട്ട് സ്റ്റേഡിയം തന്നെയാണ്. 1933, നാസി കാലഘട്ടത്തില്‍ ഈ സ്റ്റേഡിയം അധികാരത്തിലിരുന്ന ഹിറ്റ്‌ലറിന്റെ പേരിലാണ് നിര്‍മിക്കപ്പെട്ടത്. 1945ല്‍ സഖ്യസേന ജര്‍മനി കീഴടക്കിയപ്പോള്‍ യു എസ് സൈനികര്‍ അതിന്റെ പേര് മാറ്റിയെന്നതാണ് ചരിത്രം. സോവിയറ്റ് യൂനിയനിലെ സ്റ്റാലിന്‍ യുഗത്തിലും പേര് മാറ്റങ്ങളുടെ ചരിത്രം കാണാനാകും. ഒരു നഗരം മുഴുവനും സ്റ്റാലിന്‍ഗ്രാഡ് എന്ന പേരിലാണ് അക്കാലത്ത് അറിയപ്പെട്ടത്. ഇന്നത്തെ തജിക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബെ എന്ന നഗരത്തിന് 1929നും 1961നും ഇടയില്‍ സ്റ്റാലിനാബാദ് എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. 1951ല്‍ നിര്‍മിക്കപ്പെട്ട ഇന്നത്തെ അസര്‍ബൈജാന്റെ ഭാഗമായ ബഹ്‌റോമോവ് റിപ്പബ്ലിക്കന്‍ സ്റ്റേഡിയത്തിന് സ്റ്റാലിന്റെ ഭരണകാലത്ത് തന്നെ അദ്ദേഹത്തിന്റെ പേര് നല്‍കപ്പെട്ടിട്ടുണ്ട്.
ഇറ്റലിയില്‍ ഇന്ന് പ്രസിദ്ധമായ സ്റ്റേഡിയോ ഒളിമ്പിക് ഗ്രാന്‍ഡെ, മുസോളിനി അധികാരത്തിലിരിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ പേരില്‍ മാറ്റിയെഴുതപ്പെട്ടിരുന്നു. 1930ല്‍ നിര്‍മിച്ച ഈ മൈതാനത്തെ സ്റ്റാഡിയോ മുനിസിപ്പല്‍ ബെനിറ്റോ മുസോളിനി എന്നാണ് വിളിച്ചിരുന്നത്. 2006ലെ ശൈത്യകാല ഒളിമ്പിക്‌സിനായി നവീകരിച്ച ശേഷമാണ് ഇപ്പോഴത്തെ പേര് കിട്ടിയത്. സ്റ്റേഡിയങ്ങള്‍ക്കും ജിംനേഷ്യങ്ങള്‍ക്കും സ്വേച്ഛാധിപതികളുടെ പേരുകള്‍ നല്‍കുന്നത് ചരിത്രത്തില്‍ അപൂര്‍വമായ ഒന്നല്ല എന്നര്‍ഥം. പക്ഷേ, ഒരു ജനാധിപത്യ ഭരണക്രമത്തില്‍ അത്ര ശുഭകരമായ ഒന്നല്ല അത്. നെഹ്‌റുവിന്റെ ഭരണകാലത്ത് ദില്ലി സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ചോദ്യങ്ങള്‍ ഉയരുമായിരുന്നു. രാജ്യത്തിന്റെ ജനാധിപത്യ ബോധം നെഹ്‌റു കാലത്ത് അത്രമേല്‍ സുശക്തമായിരുന്നുവല്ലോ. അത്തരം മറുശബ്ദങ്ങള്‍ ഇന്ത്യയില്‍ ഇന്നില്ലാതാകുന്നു എന്ന് പറയുമ്പോള്‍ മോദിയെന്ന ഏകാധിപതി തന്റെ ഇരിപ്പിടം കൂടെക്കൂടെ സുരക്ഷിതമാക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
മോട്ടേരയില്‍ മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തിന്റെ രണ്ടറ്റങ്ങള്‍ അറിയപ്പെടുന്നത് അദാനി എന്‍ഡ്, റിലയന്‍സ് എന്‍ഡ് തുടങ്ങിയ പേരുകളിലാണ്. രാജ്യത്തിന്റെ വര്‍ത്തമാന ചിത്രമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. മോദിയുമായി ഏറ്റവും കൂടുതല്‍ അടുപ്പമുള്ള ഇന്ത്യയിലെ രണ്ട് ബിസിനസ് സ്ഥാപനങ്ങളുടെ നാമങ്ങളിലാണ് സ്റ്റേഡിയത്തിന്റെ അറ്റങ്ങള്‍ അറിയപ്പെടുക. കളിയും കാര്യവും നിയന്ത്രിക്കുന്നത് ഇനി മുതല്‍ കോര്‍പറേറ്റ് മുതലാളിമാരായിരിക്കും എന്ന് ചുരുക്കം. കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ സി പി എമ്മിന്റെ കേന്ദ്ര നേതൃത്വമടക്കമുള്ളവര്‍ ഉന്നയിച്ചത് ഏറെ പ്രസക്തമാണിവിടെ. അദാനിയുടെ ഇരുപതോളം കര്‍ഷക കമ്പനികള്‍ നിലവില്‍ വന്നത് മോദി ഭരണ കാലത്താണ്. സമയാസമയം കുത്തകകള്‍ക്കായി പദ്ധതി പ്രഖ്യാപിക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്നു മോദി. മോദി കെയര്‍, വിള ഇന്‍ഷ്വറന്‍സ്, റാഫേല്‍, ഡിജിറ്റലൈസേഷന്‍, ഒടുവില്‍ കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയവക്കെല്ലാം ചരടുവലിച്ച സൗഹൃദമാണ് ഇപ്പോള്‍ നൂല്‍ബന്ധം പോലുമില്ലാതെ നഗ്നമായിരിക്കുന്നത്. അംബാനിയും അദാനിയും തന്നെയായിരുന്നു മോദിക്കാലത്ത് ഏറ്റവും കൂടുതല്‍ ലാഭം കൊയ്ത രണ്ട് ബിസിനസ് ഭീമന്‍മാര്‍. ഫോബ്‌സ് മാസികയുടെ പട്ടികയില്‍ അഹമ്മദാബാദുകാരനായ അദാനിക്ക് എട്ടിലേറെ ബില്യന്‍ ഡോളറിന്റെ വ്യക്തിഗത സമ്പാദ്യമുണ്ട്. എല്ലാം മോദി വരവിന്റെ ബാക്കിയിരിപ്പുകളാണ്.
എന്ത് തന്നെയായാലും എതിര്‍ സ്വരങ്ങളില്ലാതെ അടക്കി ഭരിക്കുന്ന ഏകാധിപതിയുടെ സിംഹഗര്‍ജനം മാത്രമല്ല, സമ്പൂര്‍ണമായി കോര്‍പറേറ്റുകള്‍ക്ക് കീഴടങ്ങിയ ഒരു സര്‍ക്കാറിന്റെ ദയനീയമായ നിലവിളി കൂടിയാണിനി അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ നിന്ന് ഉയരുക.