Malappuram
എസ് വൈ എസ് ജില്ലാ യൂത്ത് കൗണ്‍സിലും യൂത്ത് സ്‌ക്വയര്‍ സമര്‍പ്പണവും നാളെ മഞ്ചേരിയില്‍


എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഇന്ന് മഞ്ചേരിയില്‍ സമര്‍പ്പണം നടത്തുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള യൂത്ത് സ്‌ക്വയര്‍
മഞ്ചേരി | എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന യൂത്ത് സ്‌ക്വയര്‍ ശനിയാഴ്ച രാവിലെ ഒന്‍പതിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമര്‍പ്പിക്കും.
കാബിനറ്റ് ഹാള്‍, എക്സിക്യൂട്ടീവ് ലോഞ്ച്, കോണ്‍ഫറന്‍സ് ഹാള്‍, സാന്ത്വന കേന്ദ്രം, ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ലൈബ്രറി, ഗസ്റ്റ് റൂം, റിസപ്ഷന്‍ കൗണ്ടര്‍ തുടങ്ങിയ സൗകര്യങ്ങളാണ് യൂത്ത് സ്‌ക്വയറിലുണ്ടാവുക. ജില്ലയിലെ സുന്നി യുവജന പ്രസ്ഥാനത്തിന്റെ മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഉണര്‍വ് നല്‍കുന്നതാവും യൂത്ത് സക്വയര്‍.
രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ജില്ലാ യൂത്ത് കൗണ്‍സില്‍ നടക്കും. ജില്ലയിലെ 11 സോണുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിക്കും. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ചടങ്ങില്‍ പ്രഖ്യാപിക്കും.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, എന്‍.എം. സ്വാദിഖ് സഖാഫി, റഹ്മത്തുള്ള സഖാഫി എളമരം, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, കെ.ടി അബ്ദുറഹിമാന്‍, ഇ.കെ മുഹമ്മദ് കോയ സഖാഫി, കെ.പി ജമാല്‍ കരുളായി, എ.പി ബഷീര്‍ ചെല്ലക്കൊടി എന്നിവര്‍ സംബന്ധിക്കും.