Connect with us

Kerala

പാലാരിവട്ടം അഴിമതി; അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയെന്ന് വിജിലന്‍സ്, തിരഞ്ഞെടുപ്പിന് മുമ്പ് കുറ്റപത്രം നല്‍കാന്‍ നീക്കം

Published

|

Last Updated

കൊച്ചി | പാലാരിവട്ടം അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി. വസ്തുതാ വിവര റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. കേസില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കുറ്റപത്രം നല്‍കാനാണ് വിജിലന്‍സ് നീക്കം. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി കോടതി പരിഗണിക്കവേയാണ് വിജിലന്‍സ് കേസന്വേഷണത്തിലെ നിലവിലെ സ്ഥിതി അറിയിച്ചത്. കേസുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് ഹരജിക്കാരനെന്നും ഇത്തരം ഹരജികള്‍ സുഗമമായ അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ അറിയിച്ചു.

മുന്‍ മന്ത്രി വികെ ഇബ്‌റാഹിം കുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായെന്നും വസ്തുതാ വിവര റിപ്പോര്‍ട്ട് പരിശോധനക്കായി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ ഉണ്ണികൃഷ്ണന്‍ ചെറുന്നിയൂര്‍ കോടതിയെ അറിയിച്ചു. പ്രതിപട്ടികയില്‍ 13 പേരാണ് നിലവിലുള്ളത്. ആര്‍ ഡി എസ് കമ്പനി ഉടമ സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് നാലാം പ്രതിയും വി കെ ഇബ്‌റാഹിം കുഞ്ഞ് അഞ്ചാം പ്രതിയുമാണ്. നിലവിലുള്ള വ്യവസായ സെക്രട്ടറിയും മുന്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എം ഡിയുമായ എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ് കേസില്‍ പത്താം പ്രതിയാണ്.