Kerala
'മുസ്ലിം ലീഗ് ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന പാര്‍ട്ടി'; ശോഭ സുരേന്ദ്രനെ തള്ളി വി മുരളീധരന്‍
തിരുവനന്തപുരം |മുസ്ലീംലീഗ് വിഷയത്തില്‍ ശോഭ സുരേന്ദ്രനെ തള്ളി കേന്ദ്രമന്ത്രി വി മുരളീധരന്‍. ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് പറഞ്ഞ വി മുരളീധരന്‍ മുസ്ലീംലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണെന്നും ആരോപിച്ചു.
മുസ്ലീംലീഗിനെ കേരളത്തിലോ, രാജ്യത്ത് എവിടെയെങ്കിലുമോ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. കേരളത്തില്‍ ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന ശക്തികളില്‍ ഒന്ന് മുസ്ലീംലീഗാണ്. അത്തരം ഒരു പാര്‍ട്ടിയെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് എടുക്കാന്‍ കഴിയില്ല. ബിജെപി നേതാക്കള്‍ പറഞ്ഞത് ന്യൂനപക്ഷങ്ങളുമായുള്ള സമീപനവുമായി ബന്ധപ്പെട്ടാണ്. അല്ലാതെ മുസ്ലീംലീഗ് എന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ടല്ല. ലീഗിന് വര്‍ഗീയത മാറ്റിവെച്ച് വരാനാകില്ലെന്നും വി മുരളീധരന്‍ പറഞ്ഞു
നരേന്ദ്രമോദിയുടെ നയങ്ങള്‍ അംഗീകരിച്ചാല്‍ മുസ്ലിം ലീഗിന് എന്‍ഡിഎയിലേക്ക് വരാമെന്ന് കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. താന്‍ പറയുന്നത് പാര്‍ട്ടി നിലപാടാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വി മുരളീധരന്‍ പ്രതികരണവുമായെത്തിയത്.