Kerala
യുനിടാക് വിദേശ സഹായത്തിന് ലൈഫ് മിഷൻ ഉപയോഗിച്ച നിഴൽ കമ്പനിയെന്ന് സി ബി ഐ
ന്യൂഡൽഹി | വിദേശ സംഭാവന സ്വീകരിക്കാൻ ലൈഫ് മിഷൻ ഉപയോഗിച്ച നിഴൽ സ്ഥാപമാണ് യൂണിടാകെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സി ബി ഐ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സി ബി ഐ ഇക്കാര്യം അറിയിച്ചത്. സി എ ജി ഓഡിറ്റ്, വിദേശസഹായ നിയന്ത്രണ നിയമം എന്നിവ മറികടന്ന് കോഴ കൈപ്പറ്റാനാണ് യൂണിടാകിനെ ലൈഫ് മിഷൻ ഉപയോഗിച്ചതെന്നും സി ബി ഐ വ്യക്തമാക്കി.
കരാർ ലഭിക്കുന്നതിനായി കൈക്കൂലി നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിട്ടുണ്ട്. ഈ കൈക്കൂലി ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കു വരെ ലഭിച്ചു എന്നാണ് മൊഴി. സ്വർണ്ണ കള്ളക്കടത്തു കേസിലെ പ്രതികൾക്കും ഇടപാടുമായി ബന്ധപ്പെട്ട് പണം ലഭിച്ചിട്ടുണ്ട്. ഫ്ലാറ്റ് നിർമാണത്തിനുള്ള ഒരു കോടി ദിർഹം ലൈഫ് മിഷന്റെ അക്കൗണ്ടിലാണ് എത്തിയിരുന്നതെങ്കിൽ ടെൻഡർ നടപടികളിലൂടെ മാത്രം നിർമാണം കൈമാറാൻ കഴിയില്ലായിരുന്നു. യൂണിടാക്കും റെഡ് ക്രസെന്റും തമ്മിൽ ഉള്ള കരാർ വഴി ആ നടപടിക്രമങ്ങൾ മറികടക്കാൻ ആയിരുന്നു ശ്രമം എന്നും സി ബി ഐ സത്യവാങ് മൂലത്തിൽ വ്യക്തമാക്കി.
ലൈഫ് മിഷനിലെ ഉദ്യോഗസ്ഥർ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി ആയ സരിത്തിന് ഇ മെയിൽ സന്ദേശം അയച്ചിട്ടുണ്ട്. ഇതും ലൈഫ് മിഷന് ഇടപാടിൽ നേരിട്ട് ബന്ധമുള്ളത്തിന്റെ തെളിവ് ആണെന്ന് സി ബി ഐ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.