Kerala
ചടയമംഗലം സീറ്റില്‍ തന്നെ മത്സരിപ്പിക്കണം: പ്രയാര്‍ ഗോപാലകൃഷ്ണന്‍
കൊല്ലം | ചടയമംഗലം സീറ്റില്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും പ്രവര്‍ത്തകരുടെ വികാരം മാനിച്ച് കോണ്‍ഗ്രസ് നേതൃത്വം തീരുമാനം എടുക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. താന്‍ യോഗ്യനാണെന്ന് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും തോന്നുന്നുണ്ടെങ്കില്‍ തനിക്ക് സീറ്റ് നല്‍കണം. മറിച്ചാണ് അവര്‍ക്ക് തോന്നുന്നതെങ്കില്‍ വേണ്ട. യു ഡി എഫ് അധികാരത്തില്‍ വരാന്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ തനിക്ക് വീണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകണമെന്നും സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പ്രയാര്‍ പറഞ്ഞു.
ചടയമംഗലം സീറ്റിനെക്കുറിച്ച് ഒരു ധാരണ കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ക്ക് വേണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മേഖലയില്‍ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഏണി ചിഹ്നത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി മത്സരിച്ചിരുന്നു. എത്രായിരം വോട്ടിനാണ് തോറ്റതെന്ന് ഓര്‍മ വേണം. യു ഡി എഫിനെ അധികാരത്തിലെത്തിക്കേണ്ടത് പ്രവര്‍ത്തകരാണ്. അവരുടെ വികാരത്തിന് അനുസരിച്ചുള്ള സ്ഥാനാര്‍ഥി വേണം.
കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് 19 സീറ്റ് ലഭിക്കാനുള്ള പ്രധാന കാരണം ശബരിമലയായിരുന്നു. ശബരിമല പ്രക്ഷോഭത്തിന് മുന്നില്‍ നിന്ന വ്യക്തിയാണ് താന്‍. ശബരിമലയുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട വ്യക്തി താനാണാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.