Connect with us

Kerala

കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം | വിദേശനാണയ പരിപാലനച്ചട്ടത്തില്‍ ലംഘനമുണ്ടായെന്ന് ആരോപി കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് മുതല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഇന്ന് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിങ്ങിനെയും നാളെ സി ഇ ഒ കെ എം അബ്രഹാമിനെയുമാണ് ചോദ്യം ചെയ്യുക. കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിങ്ങിനോട് ഇന്ന് രാവിലെ പത്തിന് ഹാജരാകാനാണ് ഇ ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ഇ ഡിയെ ഉപയോഗിച്ച് കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. ഇതിനെ ആ രീതിയില്‍ തന്നെ നേരിടുമെന്ന് ധനമന്ത്രി തോമസ് ഐസകും മുഖ്യമന്ത്രിയും ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.

കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിനാല്‍ വിദേശ നാണയ പരിപാലന നിയമത്തിന്റെ ലംഘനം ഉണ്ടായെന്ന് നോട്ടീസില്‍ പറയുന്നുണ്ട്. കിഫ്ബിയുടെ പാര്‍ട്ണര്‍ ബേങ്കാണ് ആക്‌സിസ് ബേങ്ക്. ബേങ്കിനെ അംഗീകൃത ഡീലറാക്കിയാണ് കിഫ്ബി മസാല ബോണ്ടിറക്കിയത്. ഇതും വ്യവസ്ഥാപിതമല്ലെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ബേങ്കിനെയും ഇ ഡി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.

എന്നാല്‍ രാഷ്ട്രീയപ്രേരിതവും പെരുമാറ്റച്ചട്ട ലംഘനവുമാണ് ഇഡി നീക്കമെന്ന് കാണിച്ച് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുകഴിഞ്ഞു. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തിലെത്തി കിഫ്ബിക്കെതിരെ നടത്തിയ വിമര്‍ശനത്തിന്റെ തുടര്‍ച്ചയാണ് ഇ ഡി നീക്കമെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.

Latest