Kerala
കള്ളക്കടത്ത് നിരീക്ഷിക്കലല്ല വിദേശകാര്യ വകുപ്പിന്റെ ജോലി, ധനകാര്യ വകുപ്പിനാണ് ഉത്തരവാദിത്വം; പിണറായിക്ക് മറുപടിയുമായി വി മുരളീധരന്‍
ന്യൂഡല്‍ഹി | കഴിഞ്ഞ ദിവസം തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വിദേശത്ത് നിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ജോലിയെന്നാണ് മുഖ്യമന്ത്രി ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ അതല്ല തങ്ങളുടെ ജോലി. ധനകാര്യ വകുപ്പിന്റെ കീഴിലെ കസ്റ്റംസാണ് ഇത് നിരീക്ഷിക്കേണ്ടതെന്നും അദ്ദേഹം മറുപടി നല്‍കി.
ധനകാര്യ വകുപ്പിന്റെ ചുമതലയിലാണ് കള്ളക്കടത്ത് തടയല്‍ ഉത്തരവാദിത്വം വരുന്നത്. ഇച്ഛാശക്തിയുള്ള ധനമന്ത്രിയും ധനവകുപ്പും കേന്ദ്രത്തിലുള്ളതുകൊണ്ടാണ് വിദേശ ശക്തിയുമായുള്ള മുഖ്യമന്ത്രിയുടെ കള്ളക്കടത്ത് പിടികൂടിയതെന്നും മുരളീധരന്‍ പറഞ്ഞു.
മുരളീധരന്‍ വിദേശകാര്യ സഹമന്ത്രിയായതിന് ശേഷമാണ് കള്ളക്കടത്ത് വര്‍ധിച്ചതെന്നും ആദ്യമായി നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നതെന്നും പിണറായി ആരോപിച്ചിരുന്നു. നയതന്ത്ര ചാനലിലൂടെയാണ് സ്വര്‍ണം കടത്തിയതെന്ന് ധനകാര്യ സഹമന്ത്രി പാര്‍ലിമെന്റില്‍ പറഞ്ഞിട്ടും അതിന് വിരുദ്ധമായ നിലപാട് വി മുരളീധരന്‍ സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് പിണറായി ചോദിച്ചിരുന്നു. അതേസമയം, ആ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല.