Kerala
അന്ന് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്; ഇന്ന് സി പി എം സാരഥി
![](https://assets.sirajlive.com/2021/03/P-Midhuna.jpg)
വണ്ടൂർ | വണ്ടൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായി എൽ ഡി എഫ് പ്രഖ്യാപിച്ച പി മിഥുനക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് കന്നിയങ്കം. കൊണ്ടോട്ടി പള്ളിക്കൽ സ്വദേശികളായ പി ഷൺമുഖൻ, കെ മിനി ദമ്പതികളുടെ മകളാണ് മിഥുന.
ലീഗ് സ്ഥാനാർഥിയായി മത്സരിച്ച് കൊണ്ടോട്ടി പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ച മിഥുന സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ഖ്യാതിയും നേടി. എന്നാൽ പിന്നീട് ഇവർ സി പി എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിക്കുകയായിരുന്നു.
പ്രതിസന്ധികളിൽ തളരാതെ നിലപാടുകളുടെ കരുത്ത് കൊണ്ടും പ്രായത്തിൽ കവിഞ്ഞ പക്വത കൊണ്ടും പഞ്ചായത്ത് ഭരണം അഞ്ച് വർഷം നിലനിർത്തിയ അനുഭവ സമ്പത്താണ് മിഥുനയുടെ കൈ മുതൽ. വണ്ടൂർ മണ്ഡലത്തിൽ മാറ്റത്തിന്റെ ചലനങ്ങൾ സൃഷ്ടിക്കാൻ യുവതയുടെ പ്രതീകമായ പുതിയ സ്ഥാനാർഥിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സി പി എം ഏരിയാ സെക്രട്ടറി ബി മുഹമ്മദ് റസാഖ് പറഞ്ഞു.
കഴിഞ്ഞ 20 വർഷക്കാലമായി വണ്ടൂർ മണ്ഡലം കൈയാളുന്നത് കോൺഗ്രസ് എം എൽ എയായ എ പി അനിൽ കുമാറാണ്.