Connect with us

Articles

അതിരുകള്‍ താണ്ടിക്കടന്ന പ്രബോധകന്‍

Published

|

Last Updated

ശാഹുല്‍ഹമീദ് ബാഖവി ശാന്തപുരം. കേരളത്തിലെ കൊച്ചു ഗ്രാമത്തില്‍ ജനിച്ച് ഇന്ത്യയിലാകമാനവും പുറത്തേക്കും വളര്‍ന്ന് ഇസ്‌ലാമിക വൈജ്ഞാനിക പ്രചാരണ രംഗത്ത് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച്, അതിരുകള്‍ക്കപ്പുറം വിശ്വാസി ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച്, അവസാനം ജന്മനാട്ടിലെ ആറടി മണ്ണിലേക്ക് വിശ്രമത്തിനായി തിരിച്ചെത്തിയിരിക്കുന്നു.

വിദ്യാര്‍ഥിയാകുമ്പോള്‍ തന്നെ ആ നാമം കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ വലിയ ഇസ്‌ലാമിക സമ്മേളനങ്ങളില്‍ ലോകപ്രശസ്ത പണ്ഡിതരെ കേരളത്തിന് പരിചയപ്പെടുത്തുകയും പരിഭാഷപ്പെടുത്തുകയും ചെയ്യുന്ന ശാന്തപുരത്തെ ആവേശപൂര്‍വം അനുഭവിച്ചിട്ടുണ്ട്. അന്നെല്ലാം നേരില്‍ ബന്ധപ്പെടാന്‍ ആഗ്രഹിക്കുമെങ്കിലും സാധിച്ചിരുന്നില്ല.

കൊണ്ടോട്ടി ബുഖാരിയില്‍ ഗ്രാജ്വേഷന്‍ കഴിഞ്ഞ് പി ജി തുടങ്ങുന്നതിനിടയില്‍ ഒരു വര്‍ഷം ഇടവേള കിട്ടി. മര്‍ഹൂം പി എം കെ ഫൈസി ഉസ്താദ് എന്നോടും സുഹൃത്ത് ഫാറൂഖ് ബുഖാരിയോടും പറഞ്ഞു, ഉത്തരേന്ത്യയില്‍ പോകണമെന്ന്. ഉടന്‍ ഉസ്താദ് തന്നെ ഫോണ്‍ ഡയല്‍ ചെയ്തു. മറുതലക്കല്‍ ശാന്തപുരം ഉസ്താദ്. അവരുടെ സൗഹൃദ സംഭാഷണത്തിനു ശേഷം വിഷയം പറഞ്ഞു. “ഞാന്‍ രണ്ട് കുട്ടികളെ നിങ്ങള്‍ക്ക് ഏല്‍പ്പിക്കുന്നു. ഉത്തരേന്ത്യയില്‍ നല്ല സ്ഥാപനത്തില്‍ ഒരു വര്‍ഷ കോഴ്‌സിന് ചേര്‍ക്കണം. മലയാളികള്‍ ഇല്ലാത്ത സ്ഥാപനം മതി. എന്നാലേ ഭാഷ നന്നായി പഠിക്കൂ.” ഞങ്ങള്‍ക്ക് ആവേശമായി. ശാന്തപുരം ഉസ്താദിനെ നേരില്‍ ബന്ധപ്പെട്ടു. അറബി, ഉര്‍ദു, ഇംഗ്ലീഷ് എല്ലാം നല്ല വിധം കൈകാര്യം ചെയ്യുന്ന ഉസ്താദ് വലിയ പ്രചോദനമായി. ഞങ്ങള്‍ക്ക് ധാരാളം ഉപദേശങ്ങള്‍ നല്‍കി. യു പി മുറാദാബാദിലെ ജാമിഅ നഈമിയ്യ ഞങ്ങള്‍ക്കായി തിരഞ്ഞെടുത്ത് അവിടെ അഡ്മിഷന്‍ നേടാനാവശ്യമായതെല്ലാം ചെയ്തു തന്നു.

പിന്നീട് പഠന കാലത്തു തന്നെ തുടര്‍ച്ചയായി സന്ധിക്കാനുള്ള അവസരങ്ങള്‍ കിട്ടി. പതിതരായ ഉത്തരേന്ത്യന്‍ മുസ്‌ലിം ജന സാമാന്യത്തിന്റെ സ്ഥിതിവിശേഷത്തില്‍ വേദനിക്കുന്ന ഒരു മനസ്സ്. അവര്‍ക്കിടയില്‍ ഓടി നടന്നിട്ടും എങ്ങുമെത്താതെ പോകുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആവലാതികള്‍. സമ്പത്തിന്റെ അഭാവം, ഭാഷയും കാഴ്ചപ്പാടും അര്‍പ്പണബോധവുമുള്ള സഹചാരികളെ വേണ്ടത്ര ലഭിക്കാത്തതിനാല്‍ തുടര്‍ച്ച നഷ്ടപ്പെടുന്ന പദ്ധതികള്‍. എല്ലാം ആ സംഭാഷണങ്ങളില്‍ കടന്നു വന്നു. ഏതൊരു സാധാരണക്കാരനും നിരാശനായി പിന്‍മാറിപ്പോകുമായിരുന്നത്ര തിരിച്ചടികളും പ്രതിസന്ധികളും നേരിട്ടപ്പോഴും ലക്ഷ്യം സംശുദ്ധമാണെന്നതിന്റെ ബലത്തില്‍ സര്‍വം നാഥനില്‍ അര്‍പ്പിച്ച് മുന്നോട്ടു ഗമിച്ചുവെന്നതാണ് ശാന്തപുരം ഉസ്താദിനെ വ്യത്യസ്തനാക്കുന്നത്.

ഖുത്ബുല്‍ ആലം മടവൂര്‍ ശൈഖിനെയും ഖമറുല്‍ ഉലമാ കാന്തപുരം ഉസ്താദിനെയും മുറുകെ പിടിച്ചു കൊണ്ടായിരുന്നു പ്രയാണം മുഴുവനും. എപ്പോഴും അവരുടെ മദ്ഹുകള്‍ പറയും. പ്രതിസന്ധികളില്‍ അടിപതറാത്തത് അവരുടെ ആത്മീയ തര്‍ബിയത്ത് കൊണ്ടാണെന്ന് എപ്പോഴും സ്മരിക്കും.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പല ഉള്‍പ്രദേശങ്ങളില്‍ പോലും ചെല്ലുമ്പോള്‍ സുന്നി പണ്ഡിതരെ പരിചയപ്പെട്ടാല്‍ മൗലാനാ ശാഹുല്‍ ഹമീദ് ഹസന്‍ മലബാരിയെക്കുറിച്ച് ചോദിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടങ്ങളില്‍ ചെന്ന് ദിവസങ്ങളോളം താമസിച്ച് ബോധവത്കരണ ക്ലാസുകള്‍ എടുത്തത് അവര്‍ അനുസ്മരിക്കും. ഇന്ത്യയിലെ ഏതാണ്ടെല്ലാ വലിയ മഖ്ബറകളും അദ്ദേഹം സിയാറത്ത് ചെയ്തിട്ടുണ്ട്. പല സ്ഥലത്തും ഒരു ഫഖീറായി ദിവസങ്ങള്‍ അന്തിയുറങ്ങിയിട്ടുണ്ട്. സമകാലികരായി ജീവിച്ചിരുന്ന വലിയ പണ്ഡിതരെയും ആത്മീയ ഗുരുക്കളെയും സന്ദര്‍ശിക്കുകയും ഇജാസത്തുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എത്ര തിരക്കിനിടയിലും അതെല്ലാം കൃത്യമായി നിര്‍വഹിച്ചു പോരുന്നത് കാണാമായിരുന്നു. അത്തരം മഹത്തുക്കളോടെല്ലാം അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

കേരളത്തില്‍ മുസ്‌ലിം സമുദായം പണ്ഡിത നേതൃത്വത്തിലൂടെ സാധിച്ചെടുത്ത ധാര്‍മികവും വൈജ്ഞാനികവുമായ പുരോഗതിയുടെ നേര്‍പതിപ്പുകള്‍ ഇതര സംസ്ഥാനങ്ങളിലും യാഥാര്‍ഥ്യമായി കാണണമെന്ന് അതിയായി ആഗ്രഹിച്ചു. ഉത്തരേന്ത്യന്‍ പണ്ഡിതരെ കേരളത്തിലെത്തിച്ച് അവരെ അതിന് നേതൃപരമായി സജ്ജരാക്കാന്‍ അവിടുന്ന് നിരന്തര പരിശ്രമം നടത്തി. യാത്രാ സൗകര്യങ്ങളോ ആശയവിനിമയ ഉപാധികളോ വേണ്ടത്ര ഇല്ലാതിരുന്ന കാലത്ത് ആ പണ്ഡിതന്‍ നടത്തിയ പ്രയാണം നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്.

ഇമാം അഹ്മദ് റസാഖാന്‍ ബറേല്‍വി (റ)യുടെ ജീവിതം ശാന്തപുരം ഉസ്താദിനെ ശരിക്കും സ്വാധീനിച്ചിരുന്നു. ആ മഹാഗുരുവിനെ മലയാളക്കരക്ക് കൂടുതല്‍ പരിചയപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്. ഇമാം അവര്‍കളുടെ ജീവചരിത്രം എഴുതിയും ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തിയും ഉസ്താദവര്‍കള്‍ ആ ദൗത്യം നന്നായി നിര്‍വഹിച്ചു. ഇമാം ബറേല്‍വിയുടെ പ്രസിദ്ധ കൃതി ഹദാഇകെ ബഖ്ശിശ് “ഔദാര്യത്തിന്റെ ആരാമം” എന്ന പേരില്‍ മലയാളത്തില്‍ തയ്യാറാക്കി.

ശൈഖ് സി എം വലിയുല്ലാഹി(റ)യുടെ ജീവചരിത്രം എഴുതാനും അവിടുന്ന് സമയം കണ്ടെത്തി. “ഉത്തരേന്ത്യയിലൂടെ” എന്ന അദ്ദേഹത്തിന്റെ പുസ്തകം ഒരുപാട് ദാഇകളെ പ്രചോദനപ്പെടുത്തി. കൂടാതെ ആനുകാലികങ്ങളില്‍ ധാരാളം ലേഖനങ്ങളെഴുതി. ആഫ്രിക്കയിലെ അനുഭവങ്ങള്‍ അല്‍ഇര്‍ഫാദില്‍ തുടര്‍ ലേഖനങ്ങളായി വന്നു.

ഏതായാലും ആ മഹാ വ്യക്തിത്വത്തോട് ഒരുപാട് ഇടപഴകി ജീവിക്കാന്‍ സാധിച്ചുവെന്നത് വലിയ ഒരു ഭാഗ്യമാണ്. ഐ ഇ ബി ഐ നാഷനല്‍ ഡയറക്ടറേറ്റിന്റെ ഉത്തരവദിത്വം ഏറ്റ ശേഷം ഉസ്താദുമായുള്ള ആശയവിനിമയം നിരന്തരമായി നടന്നു. മീറ്റിംഗുകളില്‍ വെച്ച് തന്നെക്കാള്‍ എത്രയോ ചെറിയവര്‍ പോലും തന്റെ പോരായ്മകളായി തോന്നിയത് ചൂണ്ടിക്കാണിച്ചാല്‍ പുഞ്ചിരിയോടെ അത് അംഗീകരിക്കാനും തിരുത്താനും യാതൊരു മടിയുമുണ്ടായിരുന്നില്ല.

അവസാനമായി കണ്ടുപിരിഞ്ഞത് കഴിഞ്ഞ മാസം കാസര്‍കോട് ജാമിഅ സഅദിയ്യയില്‍ വെച്ചാണ്. പുതിയ പാഠപുസ്തക നിര്‍മിതിക്കായി ഉത്തരേന്ത്യയിലെ പ്രഗത്ഭ പണ്ഡിതരെ പങ്കെടുപ്പിച്ച് നടത്തിയ ദശദിന ശിൽപ്പശാലയില്‍ വളരെ സജീവമായിരുന്നു. ആ പരിപാടി തീരുമാനിച്ചതു മുതല്‍ അതിന്റെ സംഘാടനത്തിനായി വളരെ അധ്വാനിച്ചു. ശിൽപ്പശാലക്ക് ഇടയില്‍ ഒരു ദിവസം എന്നെ ദൂരേക്ക് മാറ്റി നിര്‍ത്തി തോളില്‍ കൈയിട്ട് നിന്ന് പറഞ്ഞു: “ഹബീബീ, ഇനി എനിക്ക് ഒരുപാട് കാലമൊന്നും ഇതിന്റെ പിന്നാലെ കൂടാനാകൂല. ശാരീരികമായി വളരെ വീക്കാണ്. ഈ വന്നിട്ടുള്ള എല്ലാവരെയും തുടര്‍ന്നും കൃത്യമായി നമുക്ക് ഉപയോഗപ്പെടുത്തണം. അതിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം.” ആമുഖമായി ഇത്രയും പറഞ്ഞ ശേഷം കുറെ നേരം സംസാരിച്ചു.
ആ വിയോഗ വാര്‍ത്ത കേട്ടതു മുതല്‍ വല്ലാത്തൊരു ശൂന്യത അനുഭവപ്പെടുന്നു. ഏതായാലും ആ ജീവിതം സാര്‍ഥകമാണ്. അല്ലാഹു ദറജ ഉയര്‍ത്തിക്കൊടുക്കട്ടെ.

---- facebook comment plugin here -----

Latest