Connect with us

Articles

ബിബി തോറ്റാൽ മോദിക്കെന്താണ്?

Published

|

Last Updated

ഇസ്‌റാഈലിൽ രണ്ട് വർഷത്തിനിടെ നാലാമത്തെ തിരഞ്ഞെടുപ്പിലും ആര് ഭരിക്കണമെന്ന് തീരുമാനമായില്ല. നാട്ടിലും വിദേശത്തുമായി കോടികൾ ചെലവിട്ട്, ഭരണയന്ത്രം ഉപയോഗിച്ച് നടത്തിയ പ്രചാരണം. അറബ് പ്രമുഖരുമായി കരാറിലെത്താനായി അമേരിക്കയെ കൂട്ടുപിടിച്ച് നടത്തിയ കരുനീക്കങ്ങൾ.
ഫലസ്തീൻ മണ്ണ് കവർന്നെടുക്കാൻ നിയമനിർമാണം, സൈനിക ദൗത്യം. തോറ്റുമടങ്ങിയ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേരിട്ടുള്ള സഹായം. എല്ലാമുണ്ടായിട്ടും ബെഞ്ചമിൻ നെതന്യാഹുവിന് 61 സീറ്റിന്റെ കടമ്പ കടക്കാനായിട്ടില്ല. കഴിഞ്ഞ മൂന്ന് തവണയും അരങ്ങേറിയ അനിശ്ചിതത്വം അപ്പടി തുടരുകയാണ്. ഇസ്‌റാഈൽ പാർലിമെന്റായ നെസ്സറ്റിൽ ആകെ 120 സീറ്റുകളാണ് ഉള്ളത്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്കും സ്വാഭാവിക സഖ്യ കക്ഷികൾക്കും കൂടി 52 സീറ്റാണ് നേടാനായത്.

ചെറു പാർട്ടികളുടെ സഹായത്തോടെ സർക്കാർ രൂപവത്കരിക്കാമെന്ന് വെച്ചാൽ അവ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഈ സാഹചര്യം മൂന്ന് ചെറു പാർട്ടികളുടെ മൂല്യം കുത്തനെ കൂട്ടിയിരിക്കുന്നു. മൻസൂർ അബ്ബാസ് നേതൃത്വം നൽകുന്ന, അറബ് വംശജരുടെ പാർട്ടിയായ റാം ആണ് അവയിൽ ഏറ്റവും പ്രധാനം (യുനൈറ്റഡ് അറബ് ലിസ്റ്റ് എന്നതിന്റെ ഹീബ്രു ചുരുക്കപ്പേരാണ് റാം). ഇവർക്ക് നാല് സീറ്റുണ്ട്. നേരത്തേ നെതന്യാഹുവിന്റെ അടുത്തയാളായിരുന്ന നഫ്താലി ബെന്നറ്റിന്റെ പാർട്ടിക്ക് ഏഴ് സീറ്റുണ്ട്. നെതന്യാഹുവുമായി തെറ്റിപ്പിരിഞ്ഞ മറ്റൊരു നേതാവായ ഗിഡിയോൺ സയറിന്റെ കൈയിൽ ആറ് സീറ്റുണ്ട്. ഇതിൽ ഏറ്റവും ഒടുവിൽ പറഞ്ഞ കക്ഷി ഒരു നിലക്കും നെതന്യാഹുവിനെ തുണക്കില്ല. കാരണം നെതന്യാഹുവിരുദ്ധത മാത്രമാണ് അവരുടെ രാഷ്ട്രീയം.

പിന്നെയുള്ളത് ബെന്നറ്റിന്റെ പാർട്ടിയാണ്. അവർ പിന്തുണച്ചാലും എണ്ണം തികയില്ല. അപ്പോഴും അറബ് പാർട്ടിയുടെ ഔദാര്യം വേണം. അവിടെ രണ്ട് പ്രശ്‌നങ്ങളുണ്ട്. ഒന്ന് കടുത്ത ഫലസ്തീൻ വിരോധിയും തിരഞ്ഞെടുപ്പിൽ ഉടനീളം അറബ് വംശജർക്ക് മേൽ ഭീഷണി മുഴക്കുകയും ചെയ്ത നെതന്യാഹുവിനെ സഹായിക്കാൻ അവർക്ക് സാധിക്കില്ല. ഇനി അഥവാ അവർ തയ്യാറായാലും പക്കാ ജ്യൂയിഷ് പാർട്ടിയായ ബെന്നറ്റിന്റെ കക്ഷിക്ക് അറബ് പാർട്ടിയുള്ള സഖ്യത്തിൽ ചേരാനാകില്ല. വഴിയടഞ്ഞിരിക്കുന്നുവെന്ന് ചുരുക്കം.

നെതന്യാഹുവിന് അധികാരത്തിൽ തിരിച്ചെത്താൻ സാധിക്കില്ല എന്നത് ഇസ്‌റാഈൽ എന്ന രാജ്യത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റം വരുത്തുമോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെയാണ് ഉത്തരം.

ബഹുകക്ഷി സമ്പ്രദായം നിലനിൽക്കുന്നത് കൊണ്ട് മാത്രം അത്തരമൊരു സംവിധാനം കൊണ്ടുണ്ടാകേണ്ട ജനാധിപത്യ മൂല്യങ്ങൾ പുലർന്നു കൊള്ളണമെന്നില്ല. ഈ ബഹുകക്ഷികൾ എത്രമാത്രം ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്നതാണ് ചോദ്യം. വിശദാംശങ്ങളിൽ വ്യത്യാസപ്പെടുമ്പോഴും ഫലസ്തീൻ വിരുദ്ധതയിലും സയണിസ്റ്റ് ദേശീതയിലും യുദ്ധോത്സുകതയിലും ഒരേ തൂവൽ പക്ഷികളാണ് ജൂതരാഷ്ട്രത്തിലെ മുഖ്യധാരാ പാർട്ടികൾ. അതുകൊണ്ട് ലോകത്താകെയുള്ള മനുഷ്യ സ്‌നേഹികൾക്ക് നെതന്യാഹുവിന്റെ ഈ സങ്കടം വലിയ ആഘോഷമൊന്നും ഉണ്ടാക്കുന്നില്ല.
എന്നാൽ ഇന്ത്യയിലെ ഹിന്ദുത്വവാദികൾക്ക് ഇത് സഹിക്കാനാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്താണ് നെതന്യാഹു. “ഞങ്ങൾ തമ്മിലുള്ള ബന്ധം സ്വർഗത്തിൽ രചിക്കപ്പെട്ട”താണ് എന്ന് പ്രഖ്യാപിച്ച് മോദിയെ തരംകിട്ടുമ്പോഴെല്ലാം പുകഴ്ത്തുന്നയാളാണ് നെതന്യാഹു. തിരഞ്ഞെടുപ്പിൽ മോദിയുടെ പടം വെച്ച് വോട്ടു പിടിച്ചയാളാണ് അദ്ദേഹം.

ഇന്ത്യയിൽ ആർ എസ് എസും അനുബന്ധ സംഘടനകളും ശക്തനായ ലോകനേതാവായി കാണുന്നത് നെതന്യാഹുവിനെയാണ്. ഈ കാഴ്ചപ്പാടിന്റെ പ്രധാന ആശയ അടിത്തറ ഇസ്‌റാഈൽ സമ്പൂർണ മതാധിഷ്ഠിത രാഷ്ട്രമാണ് എന്നത് തന്നെയാണ്. മാത്രമല്ല രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന അറബ് വംശജരുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന നയങ്ങൾ അതിവേഗം നടപ്പാക്കിയ ഭരണാധികാരിയാണ് നെതന്യാഹു.

ഫലസ്തീന്റെ മണ്ണിൽ ആയിരക്കണക്കിന് ജൂത കുടിയേറ്റ കേന്ദ്രങ്ങൾ ബലാത്കാരമായി പണിത് ആധുനിക അധിനിവേശത്തിന്റെ പ്രയോക്താവായി മാറിയ നെതന്യാഹു ഇന്ത്യയിലെ സംഘ്പരിവാരങ്ങളുടെ താരമാകുക സ്വാഭാവികമാണല്ലോ. ഗാസയിലെ കുട്ടികളെ കൊന്നൊടുക്കുന്ന യുദ്ധോത്സുകത കൂടിയാകുമ്പോൾ ഈ ഇഷ്ടത്തിന്റെ മാറ്റ് കൂടും. രാഷ്ട്രമില്ലാത്ത ജനതയാണ് ജൂതരെന്ന സയണിസ്റ്റ് നുണ ഹിന്ദുത്വരും ആവർത്തിച്ചു കൊണ്ടിരിക്കുന്നതാണ്.
അതുകൊണ്ട് നെതന്യാഹു വീണ്ടും വന്നില്ലെന്നത് ഹിന്ദുത്വർ കരുതിവെച്ച വലിയൊരു ആഘോഷം നഷ്ടപ്പെടുത്തുന്നുണ്ട്.

അധികാരം പിടിക്കാൻ ചരിത്രത്തിലെ ഏറ്റവും നെറികെട്ട നീക്കങ്ങളാണ് നെതന്യാഹു നടത്തിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ മിക്കവയും അട്ടിമറിച്ചു. അറബ് ന്യൂനപക്ഷത്തെ പരമാവധി രാക്ഷസവത്കരിച്ചു. അയൽ രാജ്യങ്ങളിൽ ബോംബ് വർഷിച്ചു. ഫലസ്തീൻ മണ്ണ് കൂടുതൽ കവർന്നെടുത്തു. ജറൂസലമിലേക്ക് തലസ്ഥാനം മാറ്റുന്നതിനുള്ള നീക്കങ്ങൾ വേഗത്തിലാക്കുകയും അതിന് അന്നത്തെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. ജോർദാന്റെ കൈവശമുള്ള, ഇസ്‌റാഈൽ അവകാശവാദം ഉന്നയിക്കുന്ന പ്രദേശം താൻ അധികാരത്തിലെത്തിയാൽ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചു.

തർക്കത്തിലിരിക്കുന്ന ജൂലാൻ കുന്നുകളും ഇസ്‌റാഈലിന്റെ ഭാഗമാകുമെന്ന് അദ്ദേഹം ആക്രോശിച്ചു. ട്രംപ് ഭരണകൂടത്തിലെ ഉന്നതനെ ജൂലാൻ കുന്നുകളിൽ എത്തിച്ച് തന്റെ അവകാശവാദം “നിയമപരമാക്കി”. യു എ ഇയുമായും ബഹ്‌റൈനുമായും ഒപ്പുവെച്ച നയതന്ത്ര കരാറുകൾ തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റി.

തന്റെ പേരിൽ ഉയർന്ന അഴിമതി ആരോപണങ്ങളും കൊവിഡ് പ്രതിരോധത്തിൽ സർക്കാറിന് സംഭവിച്ച വീഴ്ചകളും മറച്ച് വെക്കാനാണ് ജൂതവികാരം ജ്വലിപ്പിക്കുന്ന നീക്കങ്ങൾ അദ്ദേഹം നടത്തിയത്. എന്നാൽ അത് വേണ്ടവിധം വിജയിച്ചില്ല എന്നത് ഇന്ത്യയിൽ ഇരുന്നു കൊണ്ട് കാണുമ്പോൾ വല്ലാത്ത ആത്മവിശ്വാസം പകരുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാൽ കേസുകൾ അട്ടിമറിക്കാമെന്നത് തന്നെയായിരുന്നു ബിബി എന്ന് വിളിക്കപ്പെടുന്ന നെതന്യാഹുവിന്റെ ലാക്ക്.

പ്രമുഖ കമ്പനികൾക്ക് വേണ്ടി നിയമം മാറ്റിയെഴുതാൻ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടും സാമ്പത്തിക ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ടും മൂന്ന് കേസുകളിലാണ് അദ്ദേഹം നിയമനടപടി നേരിടുന്നത്. ഈ കേസുകളിൽ പ്രോസിക്യൂഷൻ ഒഴിവാക്കാൻ കാവൽ പ്രധാനമന്ത്രിയായിരിക്കെ തന്നെ ശ്രമം നടത്തിയയാളാണ് നെതന്യാഹു. തിരിച്ചു വന്നിരുന്നെങ്കിൽ ഉറപ്പാണ് ഇമ്മ്യൂണിറ്റി ബിൽ കൊണ്ടുവന്ന് വിചാരണ മറികടക്കുമായിരുന്നു. പക്ഷേ, അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് വോട്ടർമാർ പ്രഖ്യാപിച്ചിരിക്കുന്നു. കൊവിഡ് നേരിടുന്നതിൽ ബിബിയുടെ മാതൃക ട്രംപ് ആയിരുന്നുവല്ലോ. തുടക്കത്തിൽ കടുത്ത അലംഭാവം കാണിച്ചു. വാക്‌സീൻ വന്ന ശേഷം ഉണർന്നുവെങ്കിലും അപ്പോഴേക്കും ജനം സമ്പൂർണ പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടിരുന്നു. ഇതാണ് ജനം വോട്ട് ചെയ്യുമ്പോൾ ഓർത്തത്.

എന്താണ് ഇത് ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകുന്ന പാഠം? വർഗീയ രാഷ്ട്രീയവും അതി ദേശീയതയും കത്തിക്കുന്ന ബി ജെ പിയെ നേരിടാൻ മൃദു ഹിന്ദുത്വയല്ല, ശരിയായ ജനകീയ രാഷ്ട്രീയമാണ് വഴിയെന്ന് തന്നെ. ഇസ്‌റാഈൽ രൂപവത്കരണം മുതൽ സജീവമായി ഉണ്ടായിരുന്ന ഇടത് ചേരി തികച്ചും അപ്രസക്തമായി എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്. ലേബർ പാർട്ടിയും മെരറ്റ്‌സ് പാർട്ടിയും ഒന്നുമല്ലാതായി.

തീവ്രവലതുപക്ഷത്തിന്റെ തേരോട്ടം ആദ്യം പ്രതിസന്ധിയിലാക്കുന്നത് ഇടത് പാർട്ടികളെയായിരിക്കുമെന്നാണ് ഇതിന്റെ പാഠം. എന്നാൽ അറബ് സ്വത്വം പേറുന്ന പാർട്ടികൾ തിളക്കമാർന്ന വിജയം നേടിയെന്നത് പ്രത്യേകം ശ്രദ്ധയർഹിക്കുന്നുണ്ട്.
ഭരണ പക്ഷത്തായാലും പ്രതിപക്ഷത്തായാലും ഈ പാർട്ടികളുടെ സാന്നിധ്യം വലിയ സ്വാധീനമുണ്ടാക്കും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest