Connect with us

Kerala

ബിജെപിയുടെ തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ ലീഗ് നേതാക്കള്‍ മടിക്കില്ല; കെ എന്‍ എ ഖാദറിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട് | ഗുരുവായൂരിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദറിന്റെ ബിജെപി പ്രീണന നയങ്ങള്‍ക്ക് എതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് ഖാദറെന്നും ഗുരുവായൂരില്‍ ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ലാതായാത് യാദൃശ്ചികമാണെന്ന് കരുതാനാവില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പൗരത്വ നിയമം നടപ്പാക്കാന്‍ ബിജെപി ഒരുക്കുന്ന തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ ഇത്തരത്തിലുള്ള ലീഗ് നേതാക്കള്‍ മടിക്കില്ല. കെ.എന്‍.എ ഖാദര്‍ സ്ഥാനാര്‍ഥി ആയതിന് ശേഷം സാധാരണ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയുടെ പിന്തുണ വാങ്ങാന്‍ കഴിയുന്ന പരസ്യ പ്രചാരണം ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ലീഗ് പൂരിപ്പിച്ച് തരുമെന്നാണ് കെ.എന്‍.എ.ഖാദര്‍ പറഞ്ഞിരിക്കുന്നത്. പൗരത്വനിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ കെ.എന്‍.എ. ഖാദറും അതിനെ പിന്താങ്ങിയിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഈ തരത്തില്‍ പറയുന്നത് ഒരു വിഭാഗത്തിന്റെ വോട്ട് ആഗ്രഹിച്ചുകൊണ്ടാണെന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എ കെ ആന്റണിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ബിജെപിയുമായി ധാരണയുണ്ടാക്കുമ്പോഴൊക്കെ അദ്ദേഹം കേരളത്തില്‍ കോണ്‍ഗ്രസിനെ നയിച്ചിട്ടുണ്ട്. തന്നെ കുറിച്ച് ആന്റണി പറയുന്നത് സ്വാഭാവികമാണെന്നും ഉപദേശങ്ങള്‍ക്ക് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest