Editorial
കോടതി പരാമര്‍ശം അനുചിതം
ഇന്ത്യന്‍ നീതിപീഠങ്ങളും സവര്‍ണ വിഭാഗക്കാര്‍ കൈയടക്കുകയാണോ? സമീപകാലത്തായി കോടതികളില്‍ നിന്നുണ്ടായ ചില വിധിന്യായങ്ങളും പരാമര്‍ശങ്ങളുമാണ് സന്ദേഹത്തിനാധാരം. മറാത്ത സംവരണവുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ വ്യാഴാഴ്ച ജാതി സംവരണത്തിനെതിരെ സുപ്രീം കോടതിയില്‍ നടത്തിയ പരാമര്‍ശവും ഈ ഗണത്തില്‍ പെടുന്നു. രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമായി സംവരണം പരിമിതപ്പെടുത്തിയേക്കുമെന്നുമാണ് അദ്ദേഹം നിരീക്ഷിച്ചത്. പരിഷ്‌കൃത സമൂഹത്തില്‍ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തേക്കാള്‍ സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണമെന്ന വാദം സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംവരണം സര്‍ക്കാറിന്റെ നിയമപരമായ കാര്യമാണെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ലിമെന്റാണെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ തുടര്‍ന്നു പറയുന്നുണ്ട്. എങ്കിലും സംവരണം എത്ര തലമുറ ഇങ്ങനെ പോകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന ഇതേ കേസില്‍ കോടതി നേരത്തേ ഉന്നയിച്ച ചോദ്യം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ജാതി സംവരണത്തോട് നീതിപീഠങ്ങള്‍ക്ക് എന്തോ അനിഷ്ടമുള്ളതായി മനസ്സിലാക്കേണ്ടതില്ലേ?
കോടതി നിര്‍ദേശമോ ഉത്തരവോ അല്ല, കേവല പരാമര്‍ശമാണെങ്കിലും ഇത്തരം പരാമര്‍ശങ്ങള്‍ പിന്നീട് വിധിപ്രസ്താവങ്ങളായി വന്നതാണ് ചരിത്രം. ജാതിയാകരുത,് സാമ്പത്തികമാകണം സംവരണത്തിന്റെ മാനദണ്ഡമെന്നും ജാതി സംവരണം എടുത്തു കളയണമെന്നും ആവശ്യപ്പെടുന്ന മേല്‍ജാതി സംഘടനകളുടെ ഹരജികള്‍ തീര്‍പ്പും കാത്ത് കോടതികളുടെ മേശപ്പുറത്തിരിക്കുകയുമാണ്. മാത്രമല്ല, നിലവിലെ കേന്ദ്ര സര്‍ക്കാറിന് ചുക്കാന്‍ പിടിക്കുന്ന ബി ജെ പിയും അവരെ നിയന്ത്രിക്കുന്ന ആര്‍ എസ് എസും അടിസ്ഥാനപരമായി സാമൂഹിക, ജാതി സംവരണത്തെ നഖശിഖാന്തം എതിര്‍ക്കുന്നവരുമാണ്. ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിനെ പോലുള്ള നേതാക്കള്‍ വിവിധ വേദികളില്‍ അത് തുറന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോടതിയില്‍ നിന്നുള്ള ഇത്തരമൊരു പരാമര്‍ശം പിന്നാക്ക സമുദായങ്ങളെയും ജാതിക്കാരെയും ഭീതിയിലാഴ്ത്തുക സ്വാഭാവികം.
ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെന്ന നിലയിലാണ് ചില മതേതര മുഖ്യധാരാ പാര്‍ട്ടികള്‍ പോലും സംവരണത്തെ കാണുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജനമല്ല, ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസ, തൊഴില്‍, ഭരണ മേഖലകളില്‍ ഏറെ പിന്നാക്കമായിപ്പോയ വിഭാഗങ്ങളെ ഈ രംഗങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് രാജ്യത്ത് സാമൂഹിക നീതി ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭരണഘടനയില്‍ സംവരണം ഉള്‍പ്പെടുത്തിയത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏഴര പതിറ്റാണ്ടിനിടയില്‍ ഇന്ത്യ അടിസ്ഥാന വികസനത്തിലും വ്യാവസായിക മേഖലയിലും സാമ്പത്തിക രംഗത്തും ഏറെ മുന്നേറിയെങ്കിലും പിന്നാക്ക വിഭാഗക്കാരുടെ ജീവിത നിലവാരത്തിലോ തൊഴില്‍, ഭരണ പ്രാതിനിധ്യത്തിലോ പറയത്തക്ക വളര്‍ച്ചയോ പുരോഗതിയോ ഉണ്ടായിട്ടില്ല. നിലവില്‍ നിശ്ചയിക്കപ്പെട്ട സംവരണ അനുപാതം പോലും പാലിക്കപ്പെടുന്നില്ലെന്ന് മണ്ഡല്‍, സച്ചാര്‍ റിപ്പോര്‍ട്ടുകളും സാക്ഷ്യപ്പെടുത്തുന്നു. വിദ്യാസമ്പന്നരിലും സര്‍ക്കാര്‍ തൊഴില്‍ മേഖലയിലും ഭരണ രംഗത്തുമെല്ലാം ജാതിമേലാളന്മാര്‍ക്കാണ് മൃഗീയാധിപത്യം. ഓരോ സംവരണ സമുദായത്തിന്റെയും അംഗബലവുമായി തുലനം ചെയ്യുമ്പോള്‍, വളരെ പരിമിതമായ തോതില്‍ മാത്രമേ ഈ രംഗങ്ങളിലൊക്കെയും പ്രാതിനിധ്യമുള്ളൂവെന്ന് കാണാവുന്നതാണ്. ഇതു തന്നെയും സംവരണാനുകൂല്യങ്ങളിലൂടെ ലഭ്യമായതാണ്. സംവരണ സീറ്റുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ദളിത് വിഭാഗത്തില്‍ നിന്ന് എത്ര ആളുകള്‍ സര്‍ക്കാര്‍ ജോലിയിലും ഭരണ മേഖലകളിലും എത്തുമെന്ന് ചിന്തിക്കേണ്ടതുണ്ട്.
പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് പ്രാതിനിധ്യമുണ്ടാകണമെങ്കില്‍ ഭരണഘടന അവരെ സംരക്ഷിക്കേണ്ടതുണ്ട്. ഇതാണ് ജാതി, പിന്നാക്ക സംവരണത്തിന്റെ അടിസ്ഥാനം.
വിദ്യാഭ്യാസ, തൊഴില്‍, ഭരണ മേഖലകളില്‍ പിന്നാക്ക ജാതി സംവരണം ഇപ്പോഴും ഒരു അനിവാര്യതയായി തുടരുകയാണെന്നും അതവസാനിപ്പിക്കാവുന്ന ഒരു സാമൂഹിക പശ്ചാത്തലം ഇനിയും ഉണ്ടായിട്ടില്ലെന്നുമാണ് ഇതെല്ലാം കാണിക്കുന്നത്. അത്തരമൊരു സാഹചര്യം സംജാതമാകാത്ത കാലത്തോളം ജാതി, പിന്നാക്ക സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് കോടതി പറയരുതായിരുന്നു. ജാതീയവും സാമൂഹികവുമായ ചില വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥക്ക് അറുതി വരുത്താനും അവരെ എല്ലാ രംഗത്തും മുന്‍നിരയിലെത്തിക്കാനുമുള്ള ഭരണ നടപടികള്‍ ഊര്‍ജിതമാക്കുന്നതിനും സര്‍ക്കാറുകളോട് നിര്‍ദേശിക്കുകയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ നീതിപീഠങ്ങള്‍ ചെയ്യേണ്ടത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിശ്ചയിച്ച സംവരണ ക്വാട്ടകളില്‍ അട്ടിമറിയും ഇന്ന് വ്യാപകമാണ്. സവര്‍ണരും സംവരണ വിരുദ്ധരും നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന ഇത്തരം അട്ടിമറികള്‍ അവസാനിപ്പിക്കാനും കോടതികള്‍ മുന്‍കൈയെടുക്കണം. ഇതുവഴി സംവരണ വിഭാഗങ്ങളെ എല്ലാ രംഗത്തും ഉയര്‍ത്തിക്കൊണ്ടുവരികയും, ജീവിതത്തിന്റെ നാനാ തുറകളിലുമുള്ളവര്‍ക്ക് ഒരു വിധേനയുമുള്ള വിവേചനവും അനുഭവിക്കേണ്ടി വരാത്ത മട്ടില്‍ എല്ലാ മേഖലകളിലും തുല്യാവസരങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്ത ശേഷം മാത്രം ചിന്തിക്കേണ്ട വിഷയമാണ് ജാതി സംവരണം അവസാനിപ്പിക്കല്‍. ഭരണഘടനക്കും രാജ്യത്ത് നിലനില്‍ക്കുന്ന അടിസ്ഥാന നിയമ തത്വങ്ങള്‍ക്കും അതീതമായി കോടതി വിധികളെയും ഇടപെടലുകളെയും മറ്റു പല ഘടകങ്ങളും സ്വാധീനിക്കുന്നതായി പ്രസിദ്ധ ജൂറിസ്റ്റും അമേരിക്കന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജ. ബെഞ്ചമിന്‍ എന്‍ കാര്‍ഡോസോ അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. കാര്‍ഡോസോയുടെ ഈ നിരീക്ഷണം കൂടി മുന്‍വെച്ചായിരിക്കണം സമകാലീന ഇന്ത്യന്‍ ജുഡീഷ്യറിയെ വിലയിരുത്തുകയും പഠിക്കുകയും ചെയ്യേണ്ടത്.