Ongoing News
ഗതി മാറ്റുമോ പ്രവാസി വോട്ട്; നാട്ടിലുള്ളത് ലക്ഷക്കണക്കിനാളുകൾ
പാലക്കാട് | തിരഞ്ഞെടുപ്പിൽ പ്രവാസികളുടെ വോട്ടുകളും നിർണായകം. കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചവരും ജോലിക്കായി തിരികെ പോകേണ്ടവരും എല്ലാം നാട്ടിൽ തന്നെയുണ്ട്. മുൻകാലങ്ങളിൽ വോട്ടെടുപ്പ് സമയത്ത് മലപ്പുറം, കോഴിക്കോട്, കാസർകോട് തുടങ്ങിയ ജില്ലകളിൽ നിന്ന് പ്രവാസികളെ കൊണ്ടുവരുന്നതിന് രാഷ്ടീയ പാർട്ടികൾ മത്സരിച്ചിരുന്നുവെങ്കിലും ഇത്തവണ അതിന്റെ ആവശ്യമില്ല.
ചിലർ പോയെങ്കിലും പലരും നാട്ടിൽ തന്നെയുണ്ട്. ഇവരുടെ വോട്ടുകൾ പല മണ്ഡലങ്ങളിലും സ്ഥാനാർഥികളുടെ ജയ പരാജയങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് സൂചന.
ഈ മാസം 21 വരെയുള്ള നോർക്കയുടെ കണക്കനുസരിച്ച് 12,32,095 വിദേശ മലയാളികളാണ് സംസ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ഏറ്റവും കുടുതൽ പേർ യു എ ഇയിൽ നിന്നാണ്. 7,17,015 പേർ. കുറവ് ബഹ്്റൈനിൽ നിന്ന്. 37,177 പേർ. കെ എസ് എയിൽ നിന്ന് 1, 54,111 പേരും, ഖത്വറിൽ നിന്ന് 1,12,817 പേരും കുവൈറ്റിൽ നിന്ന് 47,525 പേരും ഒമാനിൽ നിന്ന് 1,09,183 പേരും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് 54,267 പേരും എത്തിയിട്ടുണ്ട്.
തൊഴിൽ നഷ്ടപ്പെട്ട് ഇത്രയും പ്രവാസികൾ കേരളത്തിലേക്ക് വരുന്നത് ചരിത്രത്തിലാദ്യമായെന്നാണ് നോർക്ക അധികൃതർ പറയുന്നത്. കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ വിദേശ മലയാളികൾക്ക് അടിയന്തര സഹായമായി 1,22 000 പേർക്ക് 5,000 രൂപയും ചെറുകിട വ്യവാസായ സംരംഭങ്ങൾ തുടങ്ങുന്നതിന് 433 പേർക്ക് 10,000 രൂപയും വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് വേണ്ടി നിരവധി പേർക്ക് 14 കോടിയും സംസ്ഥാന സർക്കാർ നൽകിയുണ്ട്. എന്നാൽ ഭൂരിഭാഗം വിദേശ മലയാളികളും ഇവിടെ ജോലി കണ്ടെത്തി ജീവിക്കാൻ ദുരിതം അനുഭവിക്കുകയാണ്.
വിദേശത്ത് നിന്ന് വന്നവരിൽ ബഹുഭൂരിപക്ഷവും 50 വയസ്സിൽ കൂടുതലുള്ളവരാണ്. ഇവരിൽ പലരും വിദേശത്തേക്ക് പോകാനാഗ്രഹിക്കുന്നുണ്ടെങ്കിലും ചെറുപ്പക്കാർക്ക് മാത്രമാണ് ഇപ്പോൾ തൊഴിൽ അവസരം നൽകുന്നത് എന്നത് തിരിച്ചടിയായിക്കുകയാണ്.
മുന്നണികൾ പ്രകടന പത്രിക ഇറക്കിയിട്ടുണ്ടെങ്കിലും തിരിച്ച് വന്ന പ്രവാസികൾക്കുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകിയിട്ടില്ല. ഒരു കാലത്ത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് നെടുംതൂണായി പ്രവർത്തിച്ചിരുന്ന പ്രവാസികളെ അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.