Editorial
മ്യാന്മറില്‍ തുടരുന്ന സൈനിക ഭീകരത
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച് ഭരണാധികാരം കൈയടക്കിയ സൈന്യം മ്യാന്മറില്‍ പ്രതിഷേധക്കാരെ നിരന്തരം കൊന്നൊടുക്കുകയാണ്. നാനൂറിലേറെ നിരായുധരായ പ്രക്ഷോഭകരെ ഇതിനകം സൈന്യം വെടിവെച്ചു കൊന്നു. സായുധസേനാ ദിനമായ ശനിയാഴ്ച മാത്രം കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 114 പേരെയാണ് കൊന്നൊടുക്കിയത്. വെള്ളിയാഴ്ച മരണപ്പെട്ട 20കാരനായ മൗങ് എന്ന വിദ്യാര്‍ഥിയുടെ ശവസംസ്‌കാര ചടങ്ങിനെത്തിയ ജനക്കൂട്ടത്തിനു നേരേ സൈന്യം തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, പ്രക്ഷോഭകരെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവിറക്കിയിട്ടുണ്ട് സൈനിക മേധാവി. സായുധസേനാ ദിനാചരണത്തിന്റെ ഭാഗമായി തലസ്ഥാനമായ നെയ്പിഡോവില്‍ നടന്ന പരേഡില്‍ ജനാധിപത്യത്തിനായി പരിശ്രമിക്കുമെന്നും ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും സൈനിക മേധാവി സീനിയര്‍ ജനറല്‍ മിന്‍ ഹാംഗ് ഹ്ലിംഗ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സൈന്യത്തിന്റെ ഈ കൂട്ടക്കുരുതിയെന്നതാണ് ഏറെ വിരോധാഭാസം. കൂട്ടക്കൊലക്കുശേഷം സൈനിക ഭരണകൂട മേധാവി ജനറല്‍ മിന്‍ ആംഗ് ലേയിംഗും ജനറല്‍മാരും 76ാം സായുധസേനാ ദിനാചരണത്തിന്റെ ഭാഗമായി അത്യാഡംബര പാര്‍ട്ടി സംഘടിപ്പിച്ച് തങ്ങളുടെ ധിക്കാരം പ്രകടിപ്പിക്കുകയും ചെയ്തു.
മ്യാന്മര്‍ സൈന്യത്തിന്റെ നരനായാട്ടില്‍ റഷ്യയും ചൈനയുമൊഴികെയുള്ള ആഗോള രാഷ്ട്രങ്ങളും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും രൂക്ഷപ്രതിഷേധം രേഖപ്പെടുത്തി. ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രിട്ടന്‍, അമേരിക്ക, ആസ്‌ത്രേലിയ, കാനഡ, ഡെന്‍മാര്‍ക്ക്, ജര്‍മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ് എന്നീ 12 രാഷ്ട്രങ്ങളിലെ പ്രതിരോധ മന്ത്രിമാര്‍ ചേര്‍ന്നിറക്കിയ സംയുക്ത പ്രസ്താവനയില്‍ “അക്രമം അവസാനിപ്പിച്ച് സ്വന്തം ചെയ്തികള്‍ കാരണം നഷ്ടപ്പെട്ട മാന്യതയും വിശ്വാസ്യതയും വീണ്ടെടുക്കാന്‍” മ്യാന്മര്‍ സൈനിക നേതൃത്വത്തോടാവശ്യപ്പെടുകയുണ്ടായി. സൈനിക നടപടിയില്‍ പ്രതിഷേധിച്ച് മ്യാന്മര്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് മിന്‍ ആംഗ് ഹിയാംഗ്, ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് സോയ് വിന്‍ തുടങ്ങി പതിനൊന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ യൂറോപ്യന്‍ യൂനിയനും അമേരിക്കയും ഉപരോധം പ്രഖ്യാപിച്ചിട്ടുമുണ്ട്.
നവംബറില്‍ നടന്ന മ്യാന്മര്‍ തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നതായും നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ എല്‍ ഡി) നേതാവ് ഓംഗ് സാന്‍ സൂചി തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും ആരോപിച്ച് ഫെബ്രുവരി ഒന്നിനാണ് സൈന്യം സൂചിയെ തടവിലാക്കി ഭരണം പിടിച്ചെടുത്തത്. എന്‍ എല്‍ ഡിയാണ് തിരഞ്ഞെടുപ്പില്‍ 83 ശതമാനം സീറ്റുകളും നേടിയത്. കൃത്രിമ മാര്‍ഗേണയാണ് സൂചി ഭൂരിപക്ഷം നേടിയതെന്നും ഒന്നിലേറെ വോട്ടുകള്‍ ചെയ്യാത്ത പൗരന്‍മാര്‍ രാജ്യത്തില്ലെന്നും സൈനിക നേതൃത്വം കുറ്റപ്പെടുത്തുന്നു. നിരവധി തിരഞ്ഞെടുപ്പ് ക്രമക്കേട് കേസുകള്‍ കണ്ടെത്തിയതായി അവര്‍ അവകാശപ്പെടുന്നു. പ്രാദേശിക പ്രശ്‌നങ്ങളുടെ പേരില്‍ പല ന്യൂനപക്ഷ ഗോത്ര വിഭാഗങ്ങള്‍ക്കും വോട്ടവകാശം നിഷേധിച്ചതുള്‍പ്പെടെ സൂചിയുടെ ജനാധിപത്യവിരുദ്ധമായ ചില നടപടികള്‍ സൈന്യത്തിന് തുണയാകുകയും ചെയ്തു. സൈനിക അട്ടിമറി നടന്നതു മുതല്‍ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുകയാണ്. സൈനിക ഭരണകൂടത്തെ പിരിച്ചുവിടുക, വീട്ടുതടങ്കലിലാക്കിയ സൂചിയുള്‍പ്പെടെയുള്ള എന്‍ എല്‍ ഡി നേതാക്കളെ മോചിപ്പിക്കുക, ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭകര്‍ മുന്‍വെക്കുന്നത്.
ഭരണം പിടിച്ചെടുത്ത് അടിയന്തരാവസ്ഥ നടപ്പാക്കിയ സൈനിക നേതൃത്വം ഒരു വര്‍ഷത്തിനു ശേഷം തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ സര്‍ക്കാറിനു വഴിമാറിക്കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മ്യാന്മര്‍ ജനതയോ ആഗോള സമൂഹമോ അത് വിശ്വസിക്കുന്നില്ല. അഥവാ തിരഞ്ഞെടുപ്പ് നടന്നാല്‍ തന്നെ അത് സ്വതന്ത്രമോ സുതാര്യമോ ആകാനിടയില്ല. പട്ടാളത്തെ അനുകൂലിക്കുന്നവരെ അധികാരത്തിലെത്തിക്കാനുള്ള ഒരു പ്രഹസനം മാത്രമാകാനാണ് സാധ്യത.
മ്യാന്മറിനെ ജനാധിപത്യത്തിന്റെ മാര്‍ഗത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള വഴികളെക്കുറിച്ചുള്ള ആലോചനയിലാണിപ്പോള്‍ രാജ്യാന്തര സമൂഹം. വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണമെന്ന് മ്യാന്മറിലേക്കുള്ള പ്രത്യേക യു എന്‍ ദൂതന്‍ ടോം ആന്‍ഡ്രൂസ് ആവശ്യപ്പെടുന്നു. എന്നാല്‍, വീറ്റോ അധികാരമുള്ള രക്ഷാസമിതി സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും പട്ടാള ഭരണകൂടത്തെ ശക്തമായി പിന്തുണക്കുന്ന സാഹചര്യത്തില്‍ യു എന്‍ രക്ഷാസമിതിക്ക് മ്യാന്മറിനെതിരെ നടപടിയെടുക്കുക പ്രയാസമായിരിക്കും. റഷ്യയുടെയും ചൈനയുടെയും മനുഷ്യത്വവിരുദ്ധമായ ഈ നിലപാടിനെ ചോദ്യം ചെയ്യാന്‍, ഫലസ്തീനിലെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ നരവേട്ടയെ നിരന്തരം പിന്തുണച്ച അമേരിക്കക്കും പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കും ധാര്‍മികമായി അവകാശവുമില്ല.
തെക്കുകിഴക്കന്‍ ഏഷ്യന്‍ സംഘടനയായ ആസിയാനും എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ്. തായ്‌ലാന്‍ഡ്, മലേഷ്യ, വിയറ്റ്‌നാം, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, കംമ്പോഡിയ, ലാവോസ, ബ്രൂണെ എന്നീ രാജ്യങ്ങള്‍ക്കൊപ്പം മ്യാന്മര്‍ കൂടി ചേര്‍ന്നതാണ് ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “ആസിയാന്‍”. അംഗരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഈ സംഘടന ഇടപെടുന്നത് പതിവില്ലാത്തതിനാല്‍ മ്യാന്മര്‍ പ്രശ്‌നത്തില്‍ കേവലം കാഴ്ചക്കാരായി നില്‍ക്കാനേ അവര്‍ക്ക് സാധ്യമാകൂ. വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ) ഇടപെടണമെന്നും മ്യാന്മര്‍ സേനയുടെ കൊടും ക്രൂരതക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഐക്യരാഷ്ട്ര സംഘടനയുടെ നീതിന്യായ വിഭാഗമായ ഐ സി ജെയുടെ ഉത്തരവുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ യു എന്‍ സുരക്ഷാ സമിതിക്കുള്ള അധികാരം സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരത്തിനു വിധേയമായതിനാല്‍ ഈ വഴിക്കുള്ള പ്രശ്‌നപരിഹാരവും വിദൂരമാണ്.