Kerala
വണ്ടൂരില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി മധ്യവയസ്‌കന്‍ വോട്ട് ചെയ്യാനെത്തി
കാളികാവ് | വോട്ടെടുപ്പ് ആവേശം ഉയര്‍ത്തി ഓക്‌സിജന്‍ സിലിണ്ടറുമായി മധ്യവയസ്‌കന്‍ വോട്ട് ചെയ്യാനെത്തി. വണ്ടൂര്‍ നിയോജക മണ്ടലത്തിലെ ചോക്കാട് പഞ്ചായത്തിലെ തൊണ്ണൂറ്റൊന്നാം നമ്പര്‍ ബൂത്തിലാണ് ഓക്‌സിജന്‍ സിലിണ്ടറുമായി 54കാരന്‍ വോട്ട് ചെയ്യാനെത്തിയത്. പുല്ലങ്കോട് ചടച്ചിക്കല്ലിലെ 54 കാരന്‍ കളത്തിങ്ങല്‍ നാസറാണ് അവശതകള്‍ മറന്നന്ന് പോളിംഗ് ബൂത്തിലെത്തിയത്. കേരളവും ലോകവും വിറങ്ങലിച്ച് നിന്നപ്പോള്‍ ജനങ്ങളെ ചേര്‍ത്ത് പിടിച്ച ഒരു ഭരണം തിരിച്ച് വരണമെന്ന് നാസര്‍ പറഞ്ഞു.
ദുബൈയില്‍ ജോലി ചെയ്ത് കൊണ്ടിരിക്കെയാണ് നാസറിന് ന്യൂമോണിയ ബാധിച്ചത്. ഒരു ഭാഗത്തെ ശ്വാസകോശത്തിന് കാര്യമായ തകരാര്‍ സംഭവിച്ചു. നിരവധി ദിവസങ്ങള്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ് രോഗത്തിന്റെ കാഠിന്യം കുറഞ്ഞതോടെ നാട്ടിലേക്ക് തിരിച്ചെത്തി. നാട്ടിലെ പ്രമുഖ ആശുപത്രികളില്‍ ചികിത്സ തുടര്‍ന്നു . ഇപ്പോള്‍ ഫിസിയോ തറാപ്പി ചെയ്ത് കൊണ്ടിരിക്കുകയാണ്.
രാവിലെ ഏഴരയോടെ തന്നെ നാസര്‍ കുടുംബ സമ്മേതം ബൂത്തിലെത്തി. ബി എല്‍ ഒ യും , പോലീസുകാരും, സൈന്യവും, ഉദ്യോഗസ്ഥരുമെല്ലാം സഹായിച്ചു. മാവോയിസ്റ്റ് ഭീഷണി യുള്ള പ്രദേശമായതിനാല്‍ കനത്ത സുരക്ഷാ വലയത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.