Kerala
റാന്നി മാടത്തരുവി വെള്ളച്ചാട്ടത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
പത്തനംതിട്ട | റാന്നി മന്ദമരുതിക്കു സമീപം മാടത്തരുവി വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയ വിദ്യാര്‍ഥികളായ മൂന്നംഗ സംഘത്തിലെ രണ്ടു പേര്‍ ഒഴുക്കില്‍പെട്ടു മുങ്ങി മരിച്ചു. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ചേത്തയ്ക്കല്‍ സ്വദേശികളായ അജിത് കുമാറിന്റെ മകന്‍ അഭിജിത്(ജിത്തു-14), പിച്ചനാട്ട് പ്രസാദിന്റെ മകന്‍ അഭിഷേക്(ശബരി-14) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പരിയാരത്ത് ജിജുവിന്റെ മകന്‍ ദുര്‍ഗാദത്ത്(14) രക്ഷപെട്ടു.
സുഹൃത്തുക്കളും അയല്‍വാസികളുമായ മൂവര്‍ സംഘം കുളിക്കാനായി ഇവിടെ എത്തിയതാണ്. പാറകെട്ടിന് മുകളില്‍ വച്ചിരുന്ന മൊബൈല്‍ എടുക്കാനായി പോയി തിരിച്ചുവന്ന ദുര്‍ഗാദത്ത് കൂട്ടുകാരെ കാണാതെ വിളിച്ചു കൂവിയതോടെയാണ് നാട്ടുകാര്‍ അറിഞ്ഞത്. ഒളിച്ചിരിക്കുകയാവാം എന്നു കരുതി പ്രദേശത്ത് ആദ്യം തിരഞ്ഞ ശേഷമാണ് വെള്ളകെട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാന്‍ നാട്ടുകാര്‍ തയ്യാറായത്. ഇത് രക്ഷപെടുത്താനുള്ള സാധ്യത വൈകിച്ചു.
വെള്ളകെട്ടില്‍ തിരച്ചില്‍ നടത്തിയ നാട്ടുകാര്‍ പിന്നീട് പാറയുടെ ഉള്ളിലെ ഗുഹപോലുള്ള ഭാഗത്ത് കയര്‍ കെട്ടിയിറങ്ങി കുട്ടികളെ കണ്ടെത്തുകയും പുറത്തെടുക്കുകയായിരുന്നു. ജനവാസ കേന്ദ്രത്തില്‍ നിന്നും കുറെ അകലെയാണ് സംഭവം നടന്ന വെള്ളച്ചാട്ടം. ഇവിടേക്ക് ദുര്‍ഘടമായ പാതയിലൂടെ കാല്‍നടയായി മാത്രമെ എത്തിച്ചേരാനാകു.