Kannur
സംസ്ഥാനത്ത് തൊഴിലാളി ക്ഷേമനിധി ബോർഡുകളുടെ എണ്ണം കുറക്കുന്നു
കണ്ണൂർ | സംസ്ഥാനത്തെ തൊഴിലാളി ക്ഷേമനിധി ബോർഡുകളുടെ എണ്ണം കുറക്കുന്നു. സമാന രീതികളിലുള്ള ബോർഡുകളെ ഏകീകരിക്കാനാണ് ഉദ്ദേശം. ഇതിനുള്ള നടപടികൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ആറ് ബോർഡുകളാണ് ഏകീകരിക്കുന്നത്. ആറ് ക്ഷേമനിധി ബോർഡുകൽ മൂന്നായി മാറും. ആദ്യ പടിയെന്ന നിലയിൽ ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡും കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡും ഒന്നാകുന്നതിന് നീക്കം തുടങ്ങി. ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു.
രണ്ട് ബോർഡുകളുടെയും ആസ്ഥാനം കണ്ണൂരിലാണ്. കണ്ണൂരിന് പുറമെ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കൈത്തറി ക്ഷേമനിധി ബോർഡിന് മേഖലാ ഓഫീസുകളുണ്ട്. എന്നാൽ ബീഡി തൊഴിലാളി ബോർഡിന് കണ്ണൂരിൽ മാത്രമാണ് ഓഫീസുള്ളത്. കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡും അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡും ഇത്തരത്തിൽ ഒന്നാകും. ഇതേ രീതിയിൽ വളരെ കുറച്ച് അംഗങ്ങളുള്ള സമാന സ്വഭാവത്തിലുള്ള ബോർഡുകളെയാണ് ഏകീകരിക്കുന്നത്.
ചെലവ് ചുരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. കൈത്തറി ക്ഷേമനിധി ബോർഡിൽ നിലവിൽ 59,310 അംഗങ്ങളും ബീഡി ചുരുട്ട് ക്ഷേമനിധിയിൽ 7,540 അംഗങ്ങളുമുണ്ട്. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ 3,108 അംഗങ്ങളാണുള്ളത്. കള്ള് ചെത്ത് തൊഴിലാളി ബോർഡിൽ 2,0812 അംഗങ്ങളും.സംസ്ഥാനത്ത് തൊഴിൽ വകുപ്പിന് കീഴിൽ 18 ക്ഷേമനിധി ബോർഡുകൾ ഉൾപ്പെടെ വിവിധ വകുപ്പുകളിലായി 28 ക്ഷേമനിധി ബോർഡുകൾ പ്രവർത്തിക്കുന്നുണ്ട്. 74 ലക്ഷത്തോളം അംഗങ്ങൾ വിവിധ ക്ഷേമനിധികളിലായുണ്ട്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലാണ് ഏറ്റവും കൂടുതൽ അംഗങ്ങളുള്ളത്. 16 ലക്ഷത്തിലേറെ പേർ നിലവിൽ അംഗങ്ങളാണ്. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 15 ലക്ഷത്തിലേറെ അംഗങ്ങളുണ്ട്.
ആഭരണം, കള്ള്, ഈറ്റ, മോട്ടോർ, ഭാഗ്യക്കുറി, കയർ, തയ്യൽ, കശുവണ്ടി, അബ്കാരി, ഷോപ്പ്, ചുമട്ട്, മത്സ്യ, ഖാദി തൊഴിലാളികൾക്കും റേഷൻ വ്യാപാരികൾ, ക്ഷീര കർഷകർ, സാംസ്‌കരിക പ്രവർത്തകർ, ക്ലാർക്കുമാർ, വ്യാപാരികൾ, സഹകരണ ജീവനക്കാർ, അങ്കൺവാടി ജീവനക്കാർ എന്നിവർക്കായി ക്ഷേമനിധി ബോർഡുകൾ പ്രവർത്തിക്കുന്നുണ്ട്.
സമാന രീതികളിലുള്ള ക്ഷേമനിധി ബോർഡുകൾ ഒന്നായാൽ വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കാനാകുമെന്നാണ് കണക്കു കൂട്ടൽ. ഓരോ ക്ഷേമനിധി ബോർഡിലും അഞ്ച് സർക്കാർ ഉദ്യോഗസ്ഥർ, അഞ്ച് ഉടമകളുടെ പ്രതിനിധികൾ, അഞ്ച് തൊഴിലാളി പ്രതിനിധികൾ എന്നിവർ അംഗങ്ങളാണ്.
ചെയർമാന്റെ അലവൻസ്, വാഹനം, ഓഫീസുകളുടെ വാടകയും അനുബന്ധ ചെലവും, ജീവനക്കാരുടെ വേതനം ഇതൊക്കെ ബോർഡുകളുടെ എണ്ണം കുറക്കുന്നതിലൂടെ ലഘൂകരിക്കാൻ സാധിക്കും. ബോർഡ് യോഗങ്ങൾ ചേരുന്നതിലുള്ള ചെലവും കുറക്കാൻ കഴിയും. ബോർഡുകൾ ഏകീകരിക്കുന്നതിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് നഷ്ടപ്പെടുന്നത് കുറച്ച് ചെയർമാന്മാരെയും ഡയറക്ടർമാരെയുമാണ്. അവർക്ക് ഇക്കാര്യത്തിൽ വലിയ താത്പര്യമില്ലെങ്കിലും ഏകീകരണ കാര്യത്തിൽ എതിർപ്പുകളൊന്നുമുണ്ടായിട്ടില്ല. തൊഴിലാളി ക്ഷേമനിധി ബോർഡുകളുടെ ഏകീകരണം നല്ല തീരുമാനമാണെന്ന് കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ സിറാജിനോട് പറഞ്ഞു.