Connect with us

National

ഡല്‍ഹിയുടെ സര്‍ക്കാര്‍ ഇനി ലഫ്റ്റനന്റ് ഗവര്‍ണര്‍; നിയമ ഭേദഗതി പ്രാബല്യത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയുടെ ഭരണച്ചുമതല ലഫ്റ്റനന്‌റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ (ഭേദഗതി) ബില്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട കെജരിവാൾ സര്‍ക്കാരിന് പകരം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയുടെ സര്‍ക്കാരായി മാറി. കെജരിവാള്‍ സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും ഇനി ലഫ്റ്റനന്റ് ഗവര്‍ണറുടെ അഭിപ്രായം കൂടി തേടേണ്ടിവരും.

2021 മാര്‍ച്ച് 15നാണ് സംസ്ഥാന സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ദേശീയ തലസ്ഥാന മേഖല ആക്ട് 1991 ഭേദഗതി വരുത്തിയാണ് ബില്‍ അവതരിപ്പിച്ചത്. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇരു സഭകളിലും ബില്‍ പാസ്സാക്കിയെടുത്തു. മാര്‍ച്ച് 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചതോടെ ബില്‍ നിയമമായി. തുടര്‍ന്നാണ് ബില്‍ പ്രാബല്യത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കിയത്.

ഡല്‍ഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ 2018ല്‍ സുപ്രീം കോടതി ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം നിയമ ഭേദഗതി കൊണ്ടുവന്നത്.

Latest