Connect with us

National

സിദ്ദിഖ് കാപ്പനെ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | യു പി സര്‍ക്കാര്‍ യു എ പി എ ചുമത്തി തടവിലിട്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. ഡല്‍ഹി എയിംസിലേക്കോ ആര്‍ എം എല്‍ ആശുപത്രിയിലേക്കോ മാറ്റണമെന്നാണ് ഉത്തരവ്. യു പി സര്‍ക്കാരിന്റെ ശക്തമായ എതിപ്പ് തള്ളിക്കളഞ്ഞാണ് കോടതി തീരുമാനം.

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഒരാള്‍ ആരോഗ്യം സംരക്ഷിക്കേണ്ടതും മികച്ച ചികിത്സ നല്‍കേണ്ടതും സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബഞ്ച് വ്യക്തമാക്കി. കാപ്പന്‍ കൊവിഡ് ബാധിതനാണെന്നും താടിയെല്ലിന് പരുക്കുണ്ടെന്നും പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ടെന്നും കാപ്പന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ഹരജികളില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഡല്‍ഹിയില്‍ കൊവിഡ് സാഹചര്യം രൂക്ഷമാണെന്നതിനാല്‍ ആശുപത്രി കിടക്ക പോലും ലഭിക്കാന്‍ പ്രയാസമാണെന്നും മഥുരയില്‍ കാപ്പന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും യു പി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നും സോളിസറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. ഈ വാദങ്ങളെല്ലാം കോടതി തള്ളിക്കളയുകയായിരുന്നു.

കാപ്പന്റെ ആരോഗ്യനില മോശമാണെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഹരജി നല്‍കിയിരുന്നു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതുകയും ചെയ്തു.

Latest