Covid19
കൊവിഡ് ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കുമെന്ന്; പ്രതീക്ഷയേകി കോവാക്‌സിന്‍
ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ഭീതിദമായ തോതില്‍ പടരുന്നതിനിടെ പ്രതീക്ഷയേകി ഭാരത് ബയോടെകിന്റെ കോവാക്സിന്‍. കൊവിഡിന്റെ ഇന്ത്യന്‍ ഇരട്ട വകഭേദമായ ബി.1.617 നെ കോവാക്സിന്‍ നിര്‍വീര്യമാക്കുമെന്ന വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. അന്തോണി ഫൗഷിയുടെ പ്രസ്താവന പുറത്തുവന്നതോടെയാണിത്. അന്തോണി ഫൗഷിയെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനാണ് കോവാക്‌സിന്‍. ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ (ഐ സി എം ആര്‍)യും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും പങ്കാളിത്തത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിന്‍ വികസിപ്പിച്ചെടുത്തത്. ക്ലിനിക്കല്‍ പരീക്ഷണത്തിലിരിക്കുമ്പോള്‍ തന്നെ ജനുവരി മൂന്നിന് വാക്സിന് അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിരുന്നു.
അടിസ്ഥാന വിവരങ്ങളും ഇന്ത്യയില്‍ കൊവിഡ് മുക്തരായവരുടെയും വാക്സിന്‍ സ്വീകരിച്ചവരുടെയും ഏറ്റവും പുതിയ ഡാറ്റയും പരിശോധിച്ചാണ് കണ്ടെത്തല്‍.
പ്രതിസന്ധികള്‍ക്കിടയിലും പ്രതിരോധ കുത്തിവെപ്പ് കോവിഡിനെതിരായ ഒരു പ്രധാന മറുമരുന്നായിരിക്കുമെന്നും ഫൗചി വ്യക്തമാക്കി.