Kerala
കേരളം മാസ്‌ക് അണിഞ്ഞിട്ട് ഒരു വർഷം
കൊച്ചി | കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാക്കിയിട്ട് ഒരു വർഷം പിന്നിടുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 30നാണ് മാസ്‌ക് നിർബന്ധമാക്കി ഉത്തരവിറങ്ങിയത്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവിയാണ് ഉത്തരവിട്ടത്.
നിർദേശം ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 290 പ്രകാരമാണ് നടപടിയെടുക്കുന്നത്. 200 രൂപയായിരുന്നു തുടക്കത്തിൽ പിഴയീടാക്കിയത്. കുറ്റം ആവർത്തിച്ചാൽ 5,000 രൂപ വരെ പിഴ ഈടാക്കും. മാസ്‌ക് നിർബന്ധമാക്കിയതിന് തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാനത്തൊട്ടാകെ മാസ്‌ക് ധരിക്കാത്തതിന് 954 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആഴ്ചകൾ പിന്നിട്ടതോടെ മാസ്‌ക് മലയാളികളുടെ ശീലമായി.
നിലവിൽ ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കാത്തതാണ് പ്രശ്‌നം. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ വർധിപ്പിച്ച് കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് സർക്കാർ ഭേദഗതി ചെയ്തതോടെ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതിരുന്നാലുള്ള പിഴ 500 രൂപയായി ഉയർത്തി.
വീട്ടിൽ നിർമിച്ചതും തുണികൊണ്ടുള്ളതുമായ മാസ്‌കും ഉപയോഗിക്കുന്നതിന് തെറ്റില്ല. രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ട്രെയിനിനുള്ളിലും റെയിൽവേ സ്‌റ്റേഷനിലും പ്രവേശിക്കുന്നവർക്ക് റെയിൽവേയും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. മാസ്‌കില്ലാതെയോ ശരിയായി ധരിക്കാതെയോ വരുന്നവരിൽ നിന്ന് 500 രൂപയാണ് റെയിൽവെ പിഴയീടാക്കുന്നത്.