Connect with us

Editorial

നിയന്ത്രണം പാളിയാൽ പ്രത്യാഘാതം ഗുരുതരമാകും

Published

|

Last Updated

ഇന്നാണ് വോട്ടെണ്ണൽ. കഴിഞ്ഞ മാസം ആറിന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖാപന ദിനം. കേരളത്തിൽ ഇടതു മുന്നണിക്ക് തുടർഭരണം ലഭിക്കുമോ? ഇടവിട്ടു ഭരണം എന്ന പതിവ് ആവർത്തിക്കുമോ? ബി ജെ പി കൂടുതൽ സീറ്റുകൾ നേടുമോ? അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കൊവിഡ് മഹാമാരിയുടെ ഭീതിദമായ കടന്നു കയറ്റത്തിനിടയിലും സംസ്ഥാനത്തെ വോട്ടർമാർ. ഫലം അറിയുന്നതോടെ വിജയികളായ പാർട്ടിക്കാരുടെ ആഹ്ലാദവും ആവേശവും അണപൊട്ടിയൊഴുകും. വിജയഭേരി മുഴക്കി നിരത്തുകളും അവർ കൈയടക്കും. ഇതിനിടയിൽ മഹാമാരിയെക്കുറിച്ചു വിസ്മരിക്കുകയും കൊവിഡ് പ്രൊട്ടോകോളുകൾ ലംഘിക്കുകയും ചെയ്‌തേക്കാം. തിരഞ്ഞെടുപ്പ് പ്രചാരണ നാളുകളിൽ അതാണല്ലോ സംഭവിച്ചത്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അവസാനിച്ചുവെന്നും എല്ലാം ശാന്തമായെന്നും തോന്നിത്തുടങ്ങിയിരുന്നു ഈ വർഷാദ്യത്തോടെ. ജീവിതം പച്ചപിടിച്ചു തുടങ്ങുകയും ചെയ്തു. അതിനിടെയാണ് കൊവിഡിന്റെ രണ്ടാം വരവുണ്ടായത്. അതേഘട്ടത്തിൽ തന്നെയാണ് കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതും. മഹാമാരി രണ്ടാമതു പടർന്നു പിടിച്ചു കൊണ്ടിരിക്കെ തിരഞ്ഞെടുപ്പ് നടത്തുന്നിൽ ആരോഗ്യ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ കർശനമായ കൊവിഡ് പ്രൊട്ടോകോൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടപടകളെന്നു തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാറുകളും രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളും ഉറപ്പ് നൽകി.
തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ അതെല്ലാം മറന്നു. തീവ്രത കൂടിയ രണ്ടാം വൈറസിനെക്കുറിച്ചും ഒരു പരിധിവിട്ടു കേസുകൾ കൂടിയാൽ ആരോഗ്യമേഖലക്ക് ഒന്നും ചെയ്യാനാകില്ലെന്നും വിദഗ്ധർ അടിക്കടി നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചു നിരുത്തരവാദപരമായാണ് ഭരണ, പ്രതിപക്ഷഭേദമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയത്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ വിശേഷിച്ചും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷൻ കലാശക്കൊട്ട് നിരോധിച്ചപ്പോൾ റോഡ് ഷോ എന്ന പേരിൽ ആൾക്കൂട്ട പ്രകടനം നടത്തി പാർട്ടി പ്രവർത്തകർ ആഘോഷിച്ചു. അതിനു കൊഴുപ്പ് കൂട്ടാൻ സർക്കാറിലെ ഉത്തരവാദപ്പെട്ടവർ തന്നെ എത്തിച്ചേരുകയും ചെയ്തു.

നിസ്സഹായാവസ്ഥയിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ ഘട്ടത്തിൽ. അതിന്റെ കൂടി അനന്തരഫലമാണ് ഇപ്പോഴത്തെ അതിവേഗ രോഗവ്യാപനം. ഇതുസംബന്ധിച്ചു രൂക്ഷമായ വിമർശമാണ് കഴിഞ്ഞ വാരത്തിൽ മദ്രാസ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നു ഉറപ്പുവരുത്തുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടതായി വിലയിരുത്തിയ കോടതി കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷതക്കു കാരണം കമ്മീഷൻ മാത്രമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടി വരുമെന്നും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾ നിങ്ങൾ വേറെ ഏതെങ്കിലും ഗ്രഹത്തിലായിരുന്നോ എന്നാണ് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷണറോട് ചോദിച്ചത്. പൊതുജനാരോഗ്യമാണ് പരമപ്രധാനം. ജീവിച്ചിരുന്നാൽ മാത്രമേ ഒരാൾക്കു ജനാധിപത്യവും അവകാശങ്ങളും ആസ്വദിക്കാൻ സാധിക്കൂവെന്ന് ഓർമപ്പെടുത്തുകയും ചെയ്തു.

ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിൽ വോട്ടെണ്ണൽ ദിവസം ആൾക്കൂട്ടവും ആഘോഷവും ഒഴിവാക്കാൻ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കണമെന്ന ആവശ്യമുയർന്നിരുന്നു. അഡ്വ. വിനോദ് മാത്യു വിൽസൻ ഇതുസംബന്ധിച്ചു ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പു നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനം മുതൽ വോട്ടെടുപ്പു ദിനം വരെയുള്ള കൊവിഡ് കണക്കുകളും ഏപ്രിൽ ആറിന് ശേഷമുള്ള കൊവിഡ് വ്യാപനത്തിന്റെ കണക്കും ഹരജിയിൽ വിശദമാക്കിയിരുന്നു. എന്നാൽ സർവകക്ഷി യോഗം വിളിച്ചു വോട്ടെണ്ണൽ ദിനത്തിൽ കർശന നിയന്ത്രണങ്ങൾ പാലിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാറും മെയ് രണ്ടിന് ആഹ്ലാദ പ്രകടനങ്ങൾ ഉൾപ്പെടെ വിലക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചതിനെ തുടർന്ന് കോടതി ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറിന് സാധിക്കുമെന്ന വിശ്വാസത്തിലും മെയ് ഒന്ന് മുതൽ നാല് വരെ ഒത്തുചേരലുകൾ ഉണ്ടാകരുതെന്ന കർശനമായ നിർദേശത്തോടെയുമാണ് ലോക്ക്ഡൗൺ നിർദേശം കോടതി നിരാകരിച്ചത്. ഇത് ലംഘിക്കുന്നവർക്കെതിരെ കേസെടുക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
എന്നാൽ സർക്കാറിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഈ ഉറപ്പ് കുറുപ്പിന്റെ ഉറപ്പാകുമോ എന്നു ഭീതിയുണ്ട്. ഫലം പുറത്തുവരുന്നതോടെ അണപൊട്ടുന്ന ആവേശത്തിൽ അണികൾ പരിസരബോധം മറക്കാനാണ് സാധ്യത. അന്നേരം സർക്കാർ കോടതിക്കു നൽകിയ ഉറപ്പുകൾ വിസ്മരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് അതാണല്ലോ സംഭവിച്ചത്. അന്നു ഒരു മാസത്തിലേറെ രാഷ്ട്രീയപ്രവർത്തകർ ചേർന്നുണ്ടാക്കിയ ആൾക്കൂട്ടങ്ങൾക്കും കൊവിഡ് പ്രൊട്ടോകോൾ ലംഘനങ്ങൾക്കും നേരെ അവർ കണ്ണുചിമ്മി.

കൽക്കത്ത ഹൈക്കോടതി കഴിഞ്ഞയാഴ്ച നിരീക്ഷിച്ചതു പോലെ തിരഞ്ഞെടുപ്പ് കമ്മീഷനു പരമമായ അധികാരമുണ്ടെങ്കിലും അത് പ്രയോഗിക്കാനോ, ഉത്തരവാദിത്വത്തോടെ പെരുമാറാനോ കാര്യങ്ങൾ നിർവഹിക്കാനോ കഴിയുന്നില്ല. എല്ലാം ജനങ്ങളുടെ തലയിലിട്ട് ഉത്തരവാദിത്വത്തിൽ നിന്നൊഴിയുകയാണ്. ടി എൻ ശേഷന്റെ പത്തിലൊന്നു കാര്യശേഷി പിന്നീട് വന്ന കമ്മീഷണർമാർക്കില്ലെന്നും കോടതി വിലയിരുത്തി. കമ്മീഷന്റെ ഈ നിസ്സഹായാവസ്ഥ മനസ്സിലാക്കിയതു കൊണ്ടു തന്നെ വോട്ടെണ്ണൽ ദിവസത്തിൽ തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ തമിഴ്‌നാട് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ ലോക്ക്ഡൗൺ ഇല്ലാത്ത സാഹചര്യത്തിൽ ആഭ്യന്തര വകുപ്പും പോലീസും ജില്ലാ ഭരണകൂടവും നിതാന്ത ജാഗ്രതയും രാഷ്ട്രീയ പ്രവർത്തകരുടെ ഒത്തുചേരലുകൾക്കെതിരെ കർശന നടപടിയും സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനം കനത്ത വില നൽകേണ്ടി വരും. ഇപ്പോൾ തന്നെ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികൾ ഒന്നടങ്കം കൊവിഡ് രോഗികളെ കൊണ്ടു നിറഞ്ഞു കവിഞ്ഞിരിക്കയാണല്ലോ.

Latest