Kerala
പിണറായി തരംഗത്തില്‍ കടുംചുവപ്പണിഞ്ഞ് കേരളം
തിരുവനന്തപുരം | പിണറായി വിജയനേയും എല്‍ ഡി എഫിനേയും വാരിപുണര്‍ന്ന് കേരളം. ശക്തമായ ഭരണാനുകൂല തരംഗം ആഞ്ഞുവീശിയ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മൂന്നില്‍ രണ്ട് ഭൂരിഭക്ഷത്തോടെ ചരിത്ര തുടര്‍ ഭരണം. അവസാന ലീഡ് നില പുറത്തുവരുമ്പോള്‍ കേരളത്തിന്റെ ക്യാപ്റ്റനും സംഘവും സെഞ്ച്വറി അടിച്ച് കുതിക്കുകയാണ്. 100 സീറ്റ് ഇടതിന് ലഭിച്ചപ്പോള്‍ യു ഡി എഫിന് ലഭിച്ചത് 40 സീറ്റ് മാത്രം. അതും 11 ജില്ലകളിലെ വ്യക്തമായ ആധിപത്യത്തോടെ. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍പോലും മുന്നിലെത്താന്‍ കഴിയാത്ത യു ഡി എഫ് ശരിക്കും നിലംപരിശമായി. കേരളം ഇനി ആര് ഭരിക്കുമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് പറഞ്ഞ ബി ജെ പി നിലംതൊട്ടില്ല. കേരളത്തില്‍ ബി ജെ പിയുടെ എക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറഞ്ഞ പിണറായി ആ വാക്ക് പാലിച്ചു.
കേരളത്തില്‍ യു ഡി എഫിനെ ജയിപ്പിക്കേണ്ടത് ന്യൂനപക്ഷത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞ് ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച ജമാഅത്തെ ഇസ്ലാമിക്കും തിരഞ്ഞെടുപ്പ് ഫലം വലിയ നാണക്കേടായി. ദേശീയ അന്വേഷണ ഏജന്‍സികളെവെച്ച് സംസ്ഥാന സര്‍ക്കാറിനെ വേട്ടയാടിയ കേന്ദ്ര സര്‍ക്കാറിനും രാഷ്ട്രീയ കേരളം മറുപടി നല്‍കി. ശബരിമലയും ആചാര സംരക്ഷണവും ഉയര്‍ത്തിക്കൊണ്ടുവന്നുള്ള പ്രതിപക്ഷ പ്രചാരണം ജനം പുച്ചിച്ച് തള്ളി. വികസന രാഷ്ട്രീയവും ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ജനം ബോധ്യപ്പെടുത്തി. തിരഞ്ഞെടുപ്പ് ദിവസം യു ഡി എഫിന് അനുകൂലമായി പ്രസ്താവന നടത്തിയ എന്‍ എസ് എസ് നേതാവ് സുകുമാരന്‍ നായരുടെ വാക്കുകള്‍ ജനം കേട്ടില്ല.
യു ഡി എഫിലെ പല പ്രമുഖരും തോറ്റമ്പി. ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ വോട്ട് നില കുത്തനെ കുറഞ്ഞു. ഒരു ലീഗ് സ്ഥാനാര്‍ഥിക്കും 20000ത്തിലേറെ വോട്ടിന്റെ ഭൂരിഭക്ഷം നേടാനായില്ല. കോഴിക്കോട് സൗത്ത്, അഴീക്കോട്, കളമശ്ശേരി, കുറ്റ്യാടി അടക്കമുള്ള സിറ്റിംഗ് സീറ്റുകള്‍ ലീഗിന് നഷ്ടപ്പെട്ടു. എന്നാല്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന് ധര്‍മ്മടത്തെ ജനങ്ങള്‍ നല്‍കിയത് അരലക്ഷത്തോളം വോട്ടിന്റെ ഭൂരിഭക്ഷം. 60000്ത്തിലേറെ വോട്ടിന്റെ ഭൂരിഭക്ഷവുമായി കെ കെ ശൈലജ മട്ടന്നൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് റെക്കോര്‍ഡ് ഭൂരിഭക്ഷത്തില്‍. എല്‍ ഡി എഫിന്റെ നിരവധി സ്ഥാനാര്‍ഥികള്‍ 30000ത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരു സെമിഫൈനലാണെന്നായിരുന്നു പൊതുവെ രാഷ്ട്രീയ കേരളം വിലയിരുത്തിയത്. എല്‍ ഡി എഫ് സര്‍ക്കാറിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കുമ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് ജനങ്ങളെയാണ് വിശ്വാസം, ഞങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങുന്നുവെന്നായിരുന്നു. പിണറായിയുടെ വാക്കുകള്‍ സാധാരണക്കാരുടെ നെഞ്ചിലാണ് പതിഞ്ഞത്. അവര്‍ സര്‍ക്കാറിനെ കൈവിട്ടില്ല. പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിച്ച ജനത, കൊവിഡ് മാഹാമാരിക്ക് ഇടയിലും ബൂത്തിലേക്ക് ഒഴുകി. 40 വര്‍ഷത്തെ ചരിത്രം തിരുത്തി കേരളത്തിന്റെ ക്യാപ്റ്റന് തുടര്‍ ഭരണം സമ്മതിച്ചു.
സംസ്ഥാനത്തെ ഭരണാനുകൂല വികാരത്തിനൊപ്പം പിണറായി വിജയന്റെ കരുത്തുറ്റ നായകത്വവും ജനപ്രീതിയും ജനക്ഷേമപ്രവര്‍ത്തനങ്ങളും ചേര്‍ന്നപ്പോള്‍ തുടര്‍ഭരണം ഉറപ്പായി മാറുകയായിരുന്നു. മുന്നണി സമവാക്യങ്ങളും വികസനനേട്ടങ്ങളും വോട്ടായി മറിയപ്പോള്‍ ഭക്ഷ്യകിറ്റ് വിതരണവും ക്ഷേമപദ്ധതികളും വോട്ടിന് മാറ്റുകൂട്ടി.