Kerala
കേരളത്തിന്റെ ആരോഗ്യം കാത്ത ടീച്ചറമ്മക്ക് മട്ടന്നൂര്‍ നല്‍കിയത് 60,963 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷം
മട്ടന്നൂര്‍ | കേരളത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിച്ച ടീച്ചറമ്മക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം സ്‌നേഹമായി നല്‍കി മട്ടന്നൂരിലെ ജനങ്ങള്‍. കേരള ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിനാണ് കെ കെ ശൈലജ മട്ടന്നൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 60,963 വോട്ടുകളുടെ ഭൂരിപക്ഷമാണ് അവര്‍ നേടിയത്.
96129 വോട്ടുകളാണ് കെ കെ ശൈലജക്ക് ലഭിച്ചത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇല്ലിക്കല്‍ അഗസ്റ്റി 35,166 വോട്ടുകളും എന്‍.ഡി.എ. സ്ഥാനാര്‍ഥി ബിജു എളക്കുഴി18,223 വോട്ടുകളും നേടി.
2006ലെ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ച എ.ല്‍ഡി.എഫ്. സ്ഥാനാര്‍ഥി എം ചന്ദ്രന്‍ നേടിയ 47,671 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ശൈലജ ടീച്ചര്‍ മറികടന്നത്.
2016 തിരഞ്ഞെടുപ്പില്‍ മന്ത്രി ഇ.പി. ജയരാജന്‍ മത്സരിച്ച മണ്ഡലമാണ് മട്ടന്നൂര്‍. ഇ.പി. ഇത്തവണ മത്സരരംഗത്ത് നിന്ന് മാറിനിന്നതോടെയാണ് ശൈലജ മട്ടന്നൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 43,381 വോട്ടിന്റെ ഭൂരിപക്ഷമാണ് മട്ടന്നൂരില്‍നിന്ന് ഇ.പി. ജയരാജന് ലഭിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.കെ. ശൈലജ മത്സരിച്ച കൂത്തുപറമ്പില്‍ അവര്‍ക്ക് ലഭിച്ചത് 12,291 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.