Connect with us

Covid19

കേന്ദ്ര വാക്‌സിന്‍ നയത്തിനെതിരെ സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി|  കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന്‍ നയത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. പ്രഥമദൃഷ്ട്യാ തന്നെ പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നതാണ് നയമെന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് പരാമര്‍ശം. കേന്ദ്രം വാക്സിന്‍ വിലയിലും ലഭ്യതയിലും പുനഃപരിശോധന നടത്തി മെയ് പത്തിന് മുമ്പ് നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

രാജ്യത്ത് അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള ഓക്സിജന്‍ ശേഖരം അടുത്ത നാല് ദിവസത്തിനകം ഉത്പാദിപ്പിക്കണമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന തുല്യത, ജീവിക്കാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ട വിഷയമെന്ന് ബെഞ്ച് വ്യക്തമാക്കി. നൂറ് ശതമാനം വാക്സിന്‍ ഡോസുകളും വാങ്ങുന്നതിലും, വാക്സിന്‍ വിലയിലും യുക്തിയില്‍ അധിഷ്ഠിതമായ സമീപനം കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടാകണം. കേന്ദ്രം വാക്സിന്‍ നയം പുനഃപരിശോധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ബെഞ്ച്.

തിരിച്ചറിയല്‍ രേഖയില്ല എന്നതിന്റെ പേരില്‍ ആശുപത്രി പ്രവേശനമോ, അവശ്യ മരുന്നുകളോ നിഷേധിക്കാന്‍ പാടില്ല. ആശുപത്രി പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം നയം രൂപീകരിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശം നല്‍കി.

 

 

---- facebook comment plugin here -----

Latest