Kerala
ചരിത്ര വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തി
ന്യൂഡല്‍ഹി | എല്‍ ഡി എഫിന്റെ ചരിത്ര വിജയത്തിന് ശേഷം നിലവിലുള്ള സര്‍ക്കാറിന്റെ രാജി സമര്‍പ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് എത്തി. കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ തലസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി അല്‍പ്പസമയത്തിനകം വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങും. ഭാര്യക്കും കുടുംബത്തിനുമൊപ്പം മന്ത്രിമാരായ കെ കെ ശൈലജ, ഇ പി ജയരാജന്‍ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയിട്ടില്ല. ഡി ജി പി അടക്കമുള്ള എതാനും ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിക്കുക.
വിമാനത്താവളത്തില്‍ നിന്ന് നേരെ ക്ലിഫ് ഹൗസിലേക്ക് പോകുന്ന മുഖ്യമന്ത്രി ഇന്ന് ഉച്ചക്ക് മുമ്പ് രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ച്ച് നിലവിലുള്ള സര്‍ക്കാറിന്റെ രാജി സമര്‍പ്പിക്കും. എല്‍ ഡി എഫിന് കിട്ടിയ എം എല്‍ എമാരുടെ ഭൂരിപക്ഷം തെളിയിച്ചുള്ള കത്ത് അടുത്ത ദിവസം തന്നെ ഗവര്‍ണറുടെ മുന്നില്‍ സമര്‍പ്പിക്കും. എം എല്‍ എമാരുടെ കത്ത് പരിഗണിച്ച് ഇടത് മുന്നണിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും.