Connect with us

Kerala

ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Published

|

Last Updated

തിരുവനന്തപുരം | കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിരവധി പതിറ്റാണ്ടുകൾ കേരളരാഷ്ട്രീയത്തിൽ സമഗ്രതയോടെ ഉയർന്നു നിന്ന സമുന്നത വ്യക്തിത്വമായിരുന്നു ബാലകൃഷ്ണപിള്ളയുടേതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കേരള നിയമസഭയിലും പാർലമെന്റിലും കേരളത്തിന്റെ ശബ്ദം ഫലപ്രദമായി ഉയർത്തിക്കൊണ്ടുവരാൻ എന്നും ശ്രദ്ധേയമായ പങ്ക് വഹിച്ചു.

ഉജ്ജ്വല വാഗ്മി, മികവുറ്റ സംഘാടകൻ, സമർത്ഥനായ നിയമസഭാ സാമാജികൻ എന്നിങ്ങനെ വിവിധങ്ങളായ തലങ്ങളിൽ ശ്രദ്ധേയനായിരുന്നു ബാലകൃഷ്ണപിള്ള. എന്നും കേരളരാഷ്ട്രീയത്തിലെ മുഖ്യധാരയിൽ നിറഞ്ഞുനിന്ന ബാലകൃഷ്ണപിള്ള അടിയന്തരാവസ്ഥയുടെ പ്രാരംഭഘട്ടത്തിൽ അതിശക്തമായി അതിനെ എതിർത്തിരുന്നു.

ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ എന്നും നിലകൊണ്ടു. വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത വകുപ്പുകളെ സമർത്ഥമായി കൈകാര്യം ചെയ്ത പ്രഗത്ഭനായ മന്ത്രിയായിരുന്നു. സ്വന്തം അഭിപ്രായം നിർഭയം തുറന്നുപറയാൻ ഒരിക്കലും മടിക്കാത്ത വ്യക്തിയായിരുന്നു ബാലകൃഷ്ണപിള്ള.

കേരള രാഷ്ട്രീയത്തിൽ കാരണവർ സ്ഥാനത്ത് ഉണ്ടായിരുന്ന ഒരു വ്യക്തിയെയാണ് നഷ്ടമായിരിക്കുന്നത്. കേരള രാഷ്ട്രീയത്തിന് പൊതുവിലും ഇടതുമുന്നണിക്ക് വിശേഷിച്ചും വലിയ നഷ്ടമാണ് ബാലകൃഷ്ണ പിള്ളയുടെ വിയോഗമെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.