Connect with us

Covid19

പുറത്തിറങ്ങാന്‍ പോലീസ് പാസ് വേണം; ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍; പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഒരാഴ്ചത്തെ ലോക്ഡൗണ്‍ നാളെ പുലര്‍ച്ചെ തുടങ്ങാനിരിക്കെ സര്‍ക്കാര്‍ കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പോലീസ് പാസ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മറ്റ് സംസ്ഥാന യാത്ര ചെയ്തു വരുന്നവര്‍ കോവിസ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. അല്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റയിനില്‍ കഴിയണം.

തട്ടുകടകള്‍ ലോക്ക് ഡൌണ്‍ കാലത്ത് തുറക്കരുത്. വാഹന റിപ്പയര്‍ വര്‍ക്ക്‌ഷോപ്പ് ആഴ്ച്ച അവസാനം 2 ദിവസം തുറക്കാം. ഹാര്‍ബര്‍ ലേലം ഒഴിവാക്കും. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. പള്‍സ് ഓക്‌സിമീറ്ററുകള്‍ക്ക് വലിയ ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

ഇന്നത്തെ സ്ഥിതിയില്‍ വീട്ടിനകത്ത് രോഗപ്പകര്‍ച്ച ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. വെളിയില്‍ പോയി വരുന്നവരില്‍ നിന്നും അയല്‍പക്കക്കാരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. വീടിനുള്ളില്‍ പൊതു ഇടങ്ങള്‍ കുറക്കണം. ഭക്ഷണം കഴിക്കല്‍ ടിവി കാണല്‍ പ്രാര്‍ത്ഥന എന്നിവ ഒറ്റക്കോ പ്രത്യേക മുറിയിലോ ആവുന്നത് നല്ലത്. അയല്‍ വീട്ടുകാരുമായി ഇടപെടുമ്പോള്‍ ഡബിള്‍ മാസ്‌ക് നിര്‍ബന്ധം. അവരില്‍നിന്ന് എന്തെങ്കിലും സ്വീകരിച്ചാല്‍ കൈകഴുകണം. പുറത്ത് പോയി വരുന്ന മുതിര്‍ന്നവര്‍ കുട്ടികളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം. വീട്ടില്‍ വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനലുകള്‍ തുറന്നിടണം. ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പിട്ട് കഴുകണം തുടങ്ങിയ നിര്‍ദേശങ്ങളും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.

ലോക്ഡൗണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് നടപടി സ്വീകരിച്ചുകഴിഞ്ഞു. ഏകദേശം 25,000 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഓഫീസര്‍മാര്‍ നേതൃത്വം നല്‍കും.

ലോക്ഡൗണ്‍ കാലത്ത് ചരക്ക് ഗതാഗതത്തിന് യാതൊരു തടസ്സവും ഉണ്ടാകില്ല. എന്നാല്‍ ജനങ്ങളുടെ യാത്ര നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. ലോക്ഡൗണ്‍ കാലത്ത് ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ പോലീസിന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് പൊതുജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാ ക്കുന്നതിനുവേണ്ടിയാണ്. അതുകൊണ്ടുതന്നെ ഈ നടപടികളുമായി പൂര്‍ണമായും എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വളരെ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍ രക്ഷാ ഔഷധങ്ങള്‍ എത്തിച്ചുനല്‍കാന്‍ കഴിഞ്ഞ തവണത്തേതുപോലെ ഹൈവേ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സുമായി സഹകരിച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിതാ അട്ടല്ലൂരിയാണ് ഇതിന്റെ നോഡല്‍ ഓഫീസര്‍.

സാമൂഹ്യമാധ്യമങ്ങളില്‍ കോവിഡിനെ സംബന്ധിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിനെതിരെ പലതവണ മുന്നറിയിപ്പ് നല്‍കിയി
ട്ടുള്ളതാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലും അത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കോവിഡിനെതിരെ വീട്ടില്‍ തയ്യാറാക്കാവുന്ന മരുന്ന്, ആശുപത്രികളില്‍ കിടക്കകളുടെ ദൗര്‍ലഭ്യം, ലോക്ഡൗണ്‍ സംബന്ധിച്ച തെറ്റായ നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് അവയില്‍ ചിലത്. വ്യാജസന്ദേശങ്ങള്‍ തയ്യാറാക്കുന്നത് മാത്രമല്ല, അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ചെയ്യുന്ന തെറ്റിന്റെ ആഴം മനസിലാക്കാതെയാവും പലരും അവ ഷെയര്‍ ചെയ്യുന്നത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

വ്യാജസന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും ഷെയര്‍ ചെയ്യുന്നവരെയും കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സൈബര്‍ഡോമിനും നിര്‍ദ്ദേശം നല്‍കി.

ജില്ല വിട്ട് യാത്രചെയ്യുന്നതിന് പാസ്സ് വാങ്ങണമെന്ന് ഇത്തവണ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത്തരം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനായി അന്ന് പുറത്തിറക്കിയ പാസ്സിന്റെ മാതൃകകള്‍ ഇപ്പോള്‍ പലരും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. തെറ്റിദ്ധാരണാജനകമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.

അന്തര്‍ജില്ലാ യാത്രകള്‍ പരമാവധി ഒഴിവാക്കുകയാണ് ഉചിതം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം കയ്യില്‍ കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകാന്‍ മുതലായ തികച്ചും ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കുമാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. മരണാനന്തര ചടങ്ങുകള്‍, നേരത്തേ നിശ്ചയിച്ച വിവാഹം എന്നിവയ്ക്ക് കാര്‍മ്മികത്വം വഹിക്കേണ്ട പുരോഹിതന്മാര്‍ക്ക് ജില്ല വിട്ട് യാത്രചെയ്യുന്നതിനും തിരിച്ചുപോകുന്നതിനും തിരിച്ചു പോകുന്നതിനും നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ അവര്‍ കയ്യില്‍ കരുതേണ്ടതാണ്.

അതിഥിത്തൊഴിലാളികളുടെ ജോലിയും വരുമാനവും നഷ്ടപ്പെടുത്തരുതെന്ന കണക്കുകൂട്ടലിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുമതി നല്‍കിയിട്ടുള്ളത്. അതിഥിതൊഴിലാളികള്‍ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി അവര്‍ക്ക് നിര്‍മ്മാണ സ്ഥലത്തുതന്നെ താമസസൗകര്യവും ഭക്ഷണവും നല്‍കേണ്ട ബാധ്യത കരാറുകാരന് അല്ലെങ്കില്‍ കെട്ടിട ഉടമസ്ഥന് ഉണ്ട്. അതിനു സാധിക്കാത്തപക്ഷം അവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കി നല്‍കേണ്ടതാണ്.

ചിട്ടിത്തവണ പിരിക്കാനും കടം നല്‍കിയ പണത്തിന്റെ മാസത്തവണവാങ്ങാനുമായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദര്‍ശനങ്ങള്‍ ലോക്ഡൗണ്‍ സമയത്ത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest