Malappuram
അകലങ്ങളില്‍ നിന്ന് ഹൃദയങ്ങളൊന്നായി; മഅ്ദിന്‍ പ്രാര്‍ഥനാ സംഗമത്തിന് പ്രൗഢ സമാപനം
മലപ്പുറം | മഅദിന്‍ അക്കാദമി റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രൗഢസമാപനം. എല്ലാവര്‍ഷവും ലക്ഷക്കണക്കിന് വിശ്വാസികള്‍ സംബന്ധിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പ്രാര്‍ഥനാ വേദിയാണ് മഅദിന്‍ പ്രാര്‍ഥനാ സമ്മേളനം. കോവിഡ് മഹാമാരികാരണം ഇത്തവണ ഓണ്‍ലൈനായാണ് സമ്മേളനം സംഘടിപ്പിച്ചത്. ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കുന്ന പുണ്യമായ രാവാണ് ഇരുപത്തേഴാം രാവ്. പ്രാര്‍ഥനക്ക് ഉത്തരം കിട്ടാന്‍ ഏറെ സാധ്യതയുള്ള ദിനം കൂടിയായിരുന്നു ഇന്നലെ. അകലങ്ങളില്‍ നിന്ന് ഹൃദയങ്ങളൊന്നായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ഓണ്‍ലൈനായി പരിപാടിയില്‍ സംബന്ധിച്ചത്.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാര്‍ഥനയും നിര്‍വഹിച്ചു. ആഗോള പ്രശസ്ത പണ്ഡിതന്‍ ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ഹളര്‍മൗത്ത് മുഖ്യാതിഥിയായി.
സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തി സമ്മേളനം സംപ്രേഷണം ചെയ്തത് വിശ്വാസികള്‍ക്ക് ഏറെ അനുഗ്രഹമായി. ദിക്‌റുകളും സ്വലാത്തുകളും മറ്റും ടെക്സ്റ്റായി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചത് മിനിമൈസ് ചെയ്യാതെ തന്നെ ലൈവില്‍ തുടരാന്‍ വിശ്വാസികള്‍ക്ക് മുതല്‍ക്കൂട്ടായി. പ്രവാചകരുടെ പ്രകീര്‍ത്തനമായ ബുര്‍ദ, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, മഹാമാരി മോചനത്തില്‍ നിന്നുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു.