Kerala
കൊവിഡ് വ്യാപനം: ഐ സി യു, വെന്റിലേറ്റർ രോഗികളുടെ എണ്ണം ഇരട്ടിയായി

തിരുവനന്തപുരം | ലോക്ക്ഡൗൺ നിയന്ത്രണങ്ങളുൾപ്പെടെ നിലനിൽക്കെ രണ്ടാം തരംഗത്തിൽ കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോൾ കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഐ സി യു, വെന്റിലേറ്റർ തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടി വന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത്തരം രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഇരട്ടിയിലധികം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ മാസം ഒന്നിന് കൊവിഡ് ബാധിതരായ 650 പേർക്കാണ് വെന്റിലേറ്റർ സൗകര്യം ഏർപ്പെടുത്തിയിരുന്നത്. 1,808 പേരെ ഐ സി യുവിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ , ഈ മാസം പത്തിലെത്തിയപ്പോഴേക്കും വെന്റിലേറ്ററിൽ 1,340 രോഗികളും ഐ സി യുവിൽ 2,641 പേരുമായാണ് വർധിച്ചത്. ഇതോടൊപ്പം കാസർകോട് ജില്ലയിൽ ഉൾപ്പെടെ ഓക്‌സിജൻ ഉപയോഗത്തിലും വൻ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ കേരളത്തിൽ സർക്കാർ-സ്വകാര്യ മേഖലകളിലായി ആകെ 9,735 ഐ സി യു ബെഡുകളും, 3,776 വെന്റിലേറ്ററുകളുമാണുള്ളതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇതിൽ സർക്കാർ മേഖലയിൽ 2,741 ഐ സി യുകളും 2,293 വെന്റിലേറ്ററുകളുമാണുള്ളത്. ഇതിൽ 50 ശതമാനം മാത്രമാണ് കൊവിഡ് രോഗികൾക്കായി മാറ്റിവെച്ചിരിക്കുന്നത്. സംസ്ഥാനത്ത് രോഗബാധിതരുടെ നിരക്ക് വൻതോതിൽ ഉയരുന്നതോടൊപ്പം സമാന്തരമായി ഗുരുതര രീതിയിലുള്ള രോഗികളുടെ നിരക്കും വർധിക്കുന്നത് ഐ സി യു ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും ഉപയോഗം കൂടും.
അതേസമയം, രോഗബാധിതരുടെ പ്രതിദിന നിരക്ക് വർധിച്ചുവരുന്ന നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ ജില്ലാ ഭരണകൂടങ്ങൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് രോഗവ്യാപനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട എറണാകുളത്ത് പുതിയ 1,000 ഓക്‌സിജൻ ബെഡുകളടങ്ങിയ താത്കാലിക കൊവിഡ് ആശുപത്രി നിർമാണത്തിലാണ്. ആധുനിക സൗകര്യങ്ങളോട് കൂടിയ പ്രത്യേക കൊവിഡ് പരിശോധനാ കേന്ദ്രം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ക്രമീകരിച്ചിരുന്നു. നിലവിൽ 486 കൊവിഡ് കിടക്കകളുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിനെ 1,400 കിടക്കകളാക്കിയാണ് ഉയർത്തിയത്. ഒപ്പം എസ് എ ടി ആശുപത്രിയിലും 300 കിടക്കകൾ വർധിപ്പിച്ചിരുന്നു. ഇതോടൊപ്പം മെഡിക്കൽ കോളജ് ആശുപത്രിയിലെ 115 ഐ സി യു കിടക്കകൾ 130 വെന്റിലേറ്റർ സൗകര്യമുള്ളതുൾപ്പെടെ 200 കിടക്കകളാക്കിയും 227 ഓക്‌സിജൻ കിടക്കകൾ 425 ആയും വർധിപ്പിച്ചിരുന്നു.
കണക്ക് കൂട്ടലുകൾ തെറ്റിച്ച് കൊവിഡ് ബാധിതരുടെ പ്രതിദിന നിരക്കുകൾ കുതിച്ചുയരുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന മരണ നിരക്കും ഭീതി ഉയർത്തി മുന്നേറുകയും ചെയ്യുന്ന അതിസങ്കീർണമായ സാഹചര്യത്തിൽ കേരളം ചികിത്സാ പരിമിതിയെന്ന ഭീതിദമായ അവസ്ഥയിലേക്ക് നീങ്ങുന്നുവെന്നാണ് നിലവിലെ സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്.
ഐ സി യുകൾ, മെഡിക്കൽ ഐ സി യുകൾ, വെന്റിലേറ്ററുകൾ, ഓക്‌സിജൻ തുടങ്ങിയ സൗകര്യങ്ങളുടെ കാര്യത്തിൽ നിലവിൽ പ്രശ്‌നങ്ങളില്ലെങ്കിലും രോഗ ബാധിതരുടെ പ്രതിദിന നിരക്ക് ഒരാഴ്ച കൂടി തുടർന്നാൽ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത പരിഹരിക്കാനാകാത്ത വിധം പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ആശങ്ക ഉയർന്നിരിക്കുന്നത്.
സംസ്ഥാനത്തെ ആകെ കണക്കെടുത്താലും നിലവിൽ ഭൂരിഭാഗം ഐ സി യു കിടക്കകളും നിറഞ്ഞിട്ടുണ്ടെന്നാണ് കാണിക്കുന്നത്.
ഈ സാഹചര്യം തുടർന്നാൽ അത് സംസ്ഥാനത്തെ ആശുപത്രികൾക്കും ചികിത്സാ സംവിധാനങ്ങൾക്കും താങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ആശങ്കപ്പെടുന്നത്.
അതേസമയം, സർക്കാർ ആശുപത്രികൾക്കൊപ്പം സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങളും ഉപയോഗിച്ച് വരുന്നുണ്ടെങ്കിലും രോഗവ്യാപനം ക്രമാതീതമായാൽ സ്വകാര്യ ആശുപത്രികളുടെ സഹകരണവും മതിയാകാത്ത അവസ്ഥയിലേക്ക് സംസ്ഥാനം പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.