Editorial
കൊവിഡിനൊപ്പം ന്യൂനമർദ ആഘാതങ്ങളും

കൊവിഡ് മഹാമാരിക്കൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കൂടി വന്നുചേർന്നതോടെ കേരളീയരുടെ വിശിഷ്യാ തീരദേശവാസികളുടെ ദുരിതം ഇരട്ടിച്ചിരിക്കയാണ്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതോടെ തീരപ്രദേശങ്ങൾ കടുത്ത ഭീതിയിലാണ്. ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും അത് കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ സംസ്ഥാനത്ത് ഏതാനും ദിവസം അതിതീവ്രമായ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകടങ്ങൾക്കും സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തീരദേശ നിവാസികൾ കടുത്ത ജാഗ്രത പാലിക്കുകയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിൽ രണ്ട് ദിവസമായി രൂക്ഷമായ കടലാക്രമണം അനുഭവപ്പെട്ടു വരികയാണ്. ശക്തമായ തിരമാലയിൽ കടൽവെള്ളം കരയിലേക്ക് ഇരച്ചു കയറി വീടുകൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും നശിച്ചു. വിവിധ തീര ജില്ലകളിലായി നൂറുകണക്കിന് വീടുകൾ തകർന്നിട്ടുണ്ട്. കാസർകോട് മുസോടി കടപ്പുറത്ത് വലിയൊരു ഇരുനില കെട്ടിടം അപ്പാടെ നിലംപൊത്തി. തകർന്ന വീട്ടുകാരെ ബന്ധു വീടുകളിലേക്കും മറ്റും മാറ്റിപ്പാപ്പിച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളും തകർന്നു പലയിടങ്ങളിലും. കണ്ണൂർ തലായിൽ മീൻപിടിത്തത്തിന് പോയ മൂന്ന് പേരെയും പെരിയാറിൽ ഒരാളെയും കാണാതായി. എറണാകുളം ജില്ലയിൽ മഴക്കെടുതിയിലും കടലാക്രമണത്തിലും രണ്ട് പേർ മരിച്ചു. മലയോര മേഖലകളിലും വ്യാപകമായ നാശ നഷ്ടങ്ങളുണ്ട്. മരങ്ങൾ കടപുഴകി റോഡ് ഗതാഗതം തടസ്സപ്പെട്ടു. കടൽ പ്രക്ഷുബ്ധമായതിനാൽ കേരള- ലക്ഷദ്വീപ് കപ്പൽ ഗതാഗതം പൂർണമായി നിർത്തിവെച്ചു. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും കനത്ത മഴയായിരുന്നു ഇന്നലെ. മലപ്പുറം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിലായിരുന്നു കൂടുതൽ തീവ്രം.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്നു കൂടി തുടരുമെന്നതിനാൽ ഇന്നും അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അറിയിപ്പ്. കാസർകോട് മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലും ലക്ഷദ്വീപിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടലാക്രമണം കൂടുതൽ ശക്തമായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സ്‌കൂളുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 3000ത്തോളം ദുരിതാശ്വാസ ക്യാമ്പുകളാണ് സജ്ജീകരിച്ചത്. ആവശ്യം വന്നാൽ കൂടുതൽ ക്യാമ്പുകൾ സജ്ജീകരിക്കുന്നതിന് 3000ത്തിലേറെ കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പുകളുടെ സജ്ജീകരണം. അതേസമയം കൊവിഡ് പകർച്ച ഭയന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ ആളുകൾ ഭയപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. സംസ്ഥാനത്തിന്റെ മിക്ക ഭാഗത്തും കടൽത്തീര താമസക്കാർക്കിടയിൽ രോഗബാധ കൂടുതലാണ്. കൊവിഡ് ബാധിതരായി വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരാണ് ഇവരിൽ നല്ലൊരു പങ്കും. ഇതാണ് ആളുകൾ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കാൻ ആശങ്കപ്പെടുന്നതിന്റെ കാരണം.
ഇപ്പോൾ നാശനഷ്ടങ്ങൾ വിതച്ചു കൊണ്ടിരിക്കുന്ന ന്യൂനമർദത്തിന് പുറമെ ഈ മാസം 23ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപം കൊള്ളുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. അതും കേരളത്തെ ബാധിക്കാൻ സാധ്യതയുണ്ട്. കൂടാതെ ഇക്കൊല്ലം കാലവർഷം കേരളത്തിൽ മേയ് 31ന് തന്നെ ആരംഭിക്കുമെന്നാണ് സൂചനയെന്നും മധ്യകേരളത്തിൽ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. പതിവിൽ കവിഞ്ഞ വേനൽമഴയിൽ കുതിർത്തു നിൽക്കുകയാണ് മലയോര മേഖലകൾ ഇപ്പോൾ. ഇതോടൊപ്പം കാലവർഷവും കനത്താൽ മണ്ണിടിച്ചിലിനുള്ള സാധ്യത വർധിക്കും. ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ അതിർത്തിയിലെ പശ്ചിമഘട്ട ഭാഗങ്ങളിൽ വിശേഷിച്ചും. ഇത് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കും.
മഹാമാരിയും ലോക്ക്ഡൗണും മൂലം വന്നുചേർന്ന സാമ്പത്തിക പ്രയാസങ്ങളെയും ഭക്ഷ്യപ്രതിസന്ധിയെയും സംസ്ഥാന സർക്കാറിന്റെ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയ സന്ദർഭോചിതമായ ഇടപെടൽ കൊണ്ടാണ് സാധാരണക്കാരൻ അതിജീവിച്ചു പോരുന്നത്. സന്നദ്ധ സംഘടനകളുടെ ചാരിറ്റി പ്രവർത്തനവും ഈ രംഗത്ത് വലിയ പങ്ക് വഹിച്ചു. ദിവസ വരുമാനക്കാർ, കൂലിപ്പണിക്കാർ തുടങ്ങി സാമ്പത്തികമായി സമൂഹത്തിലെ അടിത്തട്ടിലുള്ളവർക്ക് വലിയൊരൊനുഗ്രഹമാണ് കഴിഞ്ഞ ഒമ്പത് മാസമായി മുടക്കമില്ലാതെ തുടരുന്ന സർക്കാറിന്റെ കിറ്റ് വിതരണം. മേയ് ഉൾപ്പെടെയുള്ള ഒമ്പത് മാസത്തിനിടയിൽ ഒമ്പത് കോടി കിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞതായാണ് ഔദ്യോഗിക കണക്ക്. ഏപ്രിൽ വരെ 4,322 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. തമിഴ്‌നാട്, കർണാടക തുടങ്ങി മറ്റ് ചില സംസ്ഥാനങ്ങളും കിറ്റ് വിതരണം നടത്തുന്നുണ്ടെങ്കിലും കേരളത്തിലേത് പോലെ വ്യവസ്ഥാപിതമല്ല. പൊതുവിതരണ സമ്പ്രദായം അത്ര ശക്തമല്ലാത്തതും റേഷൻ കാർഡ് ഉടമകളുടെ എണ്ണക്കുറവും കാരണം അവിടങ്ങളിൽ ആവശ്യക്കാരുടെ പകുതി പേർക്ക് പോലും കിറ്റ് ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
കേരളത്തിലെ കിറ്റ് വിതരണം തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അവസാനിക്കുമെന്നായിരുന്നു ചിലർ പ്രചരിപ്പിച്ചിരുന്നത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷമായ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തുടർന്നും നൽകാനുളള തീരുമാനത്തിലാണ് സർക്കാർ. ജൂൺ വരെ തുടരാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗണും കാലവർഷവുമെല്ലാം ചേർന്ന് ജീവിതം വഴിമുട്ടിക്കുന്ന സാധാരണക്കാരന് ഇതു വലിയ ഒരനുഗ്രഹമാണ്.
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും കാലവർഷത്തിന്റെ തീവ്രത കുറയുന്നതു വരെ ഇത് തുടരണമെന്നാണ് കേരളീയ സമൂഹം ആഗ്രഹിക്കുന്നത്.