Alappuzha
'ആടാം പാടാം'; ഹിറ്റായി കഞ്ഞിക്കുഴിയുടെ അതിജീവന പദ്ധതി

ആലപ്പുഴ | കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മികച്ച പ്രതിരോധ പരിപാടികൾ ആവിഷ്‌കരിച്ച കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ” ആടാം പാടാം ” എന്ന പേരിൽ പുതിയൊരു അതിജീവന പദ്ധതി നടപ്പാക്കുകയാണ്. കോവിഡ് കാലത്ത് വീടിനുള്ളിൽ അടച്ചിരിക്കുമ്പോഴുണ്ടാകുന്ന മാനസിക
സംഘർഷങ്ങളാണ് ഭൂരിപക്ഷം ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്‌നം. മുറ്റത്തിരുന്നു പോലും കളിക്കാൻ പറ്റാത്തതാണ് കുട്ടികളുടെ പ്രധാന സങ്കടം. ഇങ്ങനെ ഓരോ വീടുകളിൽ നിന്നും രക്ഷിതാക്കൾ ഉൾപ്പെടെ പ്രതിസന്ധികൾ ഓരോന്നായി വിളിച്ചറിയിച്ചപ്പോഴാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌ക്കരിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.
ഗ്രാമവാസികളുടെ സർഗാത്മകമായ കഴിവുകൾ കോർത്തിണക്കിക്കൊണ്ടു കോവിഡ് കാലത്തെ അതിജീവിക്കുക എന്നതാണ് “ആടാം പാടാം ” എന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ പറഞ്ഞു. ക്വാറന്റൈനിൽ കഴിയുന്നവർക്ക് പോലും പരിപാടി ഏറെ ആശ്വാസം നൽകുന്നതായി പ്രസിഡന്റ് പറയുന്നു. പാട്ട്, ഡാൻസ്, മിമിക്രി, ചിത്രരചന, പ്രശ്ചന്ന വേഷം, കവിതാ രചന, കാർഷിക മികവ്, മൊബൈൽ ഫോട്ടോഗ്രാഫി എന്നിങ്ങനെയുള്ള കലാ മത്സരങ്ങൾ ഓൺലൈൻ വഴി പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. ഓരോ ദിവസത്തെയും മത്സര ഇനങ്ങൾ അതാതു ദിവസം വൈകിട്ട് ഏഴിന് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നൽകും. പരിപാടികൾ ചിത്രീകരിച്ച് അടുത്ത ദിവസം വൈകിട്ട് ഏഴിനകം വാട്ട്‌സ് ആപ്പ് വഴി അയച്ചു നൽകണം. പ്രഗത്ഭരായ വിധികർത്താക്കൾ പരിപാടികൾ നിരീക്ഷിച്ച് വിജയികളെ കണ്ടെത്തും. ഗൂഗിൾ മീറ്റ് വഴി ലൈവ് ആയും കലാമത്സരങ്ങൾ നടക്കുന്നുണ്ട്. ഓരോ മത്സരങ്ങൾക്കും നിശ്ചിത സമയ ക്രമവുമുണ്ട്.
10 വയസ് വരെ – എ ഗ്രൂപ്പ്, 10 മുതൽ 17 വരെ ബി ഗ്രൂപ്പ്, 18 മുതൽ 29 വരെ സി ഗ്രൂപ്പ്, 30 മുതൽ 50 വരെ ഡി ഗ്രൂപ്പ്, 50 വയസിനു മുകളിൽ ഇ ഗ്രൂപ്പ് എന്നിങ്ങനെ തരം തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിപാടികളുടെ ഏകോപനം. പരിപാടി തുടങ്ങി ആദ്യ ദിനം പിന്നിട്ടപ്പോൾ തന്നെ ഗ്രാമവാസികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വരും ദിനങ്ങളിൽ കൂടുതൽ മത്സര ഇനങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത്.