Connect with us

Editorial

ഭരണച്ചെലവുകൾ നിയന്ത്രിക്കണം

Published

|

Last Updated

മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞതോടെ പേഴ്‌സനൽ സ്റ്റാഫ് നിയമനം സംബന്ധിച്ച ആലോചന സജീവമാണ്. മന്ത്രിമാരുടെ നിർണയം പോലെ ഭരണ മികവിലും സർക്കാറിന്റെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതിലും വളരെ പ്രധാനമാണ് പേഴ്‌സനൽ സ്റ്റാഫ് നിയമനവും. മറ്റെല്ലാ മാനദണ്ഡങ്ങൾക്കുമപ്പുറം ധാർമികതക്കും സ്വഭാവശുദ്ധിക്കും കാര്യക്ഷമതക്കുമായിരിക്കണം ഇവിടെ പ്രാമുഖ്യം. മുമ്പ് പാർട്ടി നേതൃത്വവുമായോ മന്ത്രിമാരുമായോ അടുത്ത ബന്ധമുള്ളവർക്കു ശമ്പളം പറ്റാനും പെൻഷൻ നേടിയെടുക്കാനുമുള്ള ഒരു ഏർപ്പാടായി അധഃപതിച്ചിരുന്നു പേഴ്‌സനൽ സ്റ്റാഫ് തസ്തിക. വളരെ ആകർഷകമാണ് പേഴ്‌സനൽ സ്റ്റാഫിന്റെ പെൻഷൻ വ്യവസ്ഥ. സർക്കാർ ജീവനക്കാർക്കു പെൻഷൻ ലഭിക്കാൻ ഏറ്റവും കുറഞ്ഞത് പത്ത് വർഷത്തെ സർവീസ് ആവശ്യമാണെങ്കിൽ മന്ത്രിമാരുടെ പി എമാർക്ക് രണ്ട് വർഷത്തെ (രണ്ട് വർഷവും ഒരു ദിവസവും) സർവീസ് മതി. ഈ ആനുകൂല്യത്തിന്റെ മറവിൽ ഒരു വ്യക്തി രണ്ടോ രണ്ടരയോ വർഷം ഈ തസ്തികയിൽ ജോലി ചെയ്ത ശേഷം ഒഴിവാകുകയും തത്്സ്ഥാനത്ത് മറ്റൊരാളെ നിയമിക്കുകയും പതിവാണ്. ഇതുവഴി രണ്ട് പേർക്കു പെൻഷൻ കൈപ്പറ്റാനാകും. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് 25 പേർ ഈ തന്ത്രത്തിലൂടെ പെൻഷൻ നേടിയെടുത്തിട്ടുണ്ട്. ഇതിനു പുറമേ കുടുംബ പെൻഷനും മാസാന്തം നൂറ് രൂപ വീതം ചികിത്സാ സഹായവും ലഭിക്കും.

പെൻഷന്റെ കാര്യത്തിലെന്ന പോലെ ഉദാരമാണ് ഇവരുടെ പെൻഷൻ കമ്മ്യൂട്ടേഷൻ (പെൻഷൻ തുക മുൻകൂർ ലഭ്യമാക്കൽ) വ്യവസ്ഥകളും. സർക്കാർ ജീവനക്കാർക്ക് കമ്മ്യൂട്ടേഷനു 55 വരെ കാത്തിരിക്കണം. എന്നാൽ മന്ത്രിമാരുടെ പേഴ്‌സനൽ സ്റ്റാഫിനു വയസ്സ് ബാധകമല്ല. 25 വയസ്സിൽ പെൻഷന് യോഗ്യത നേടിയാൽ അപ്പോൾ മുതൽ കമ്മ്യൂട്ടേഷനും യോഗ്യത നേടും. ആനുകൂല്യങ്ങൾ ഇത്രയും ആകർഷകമായതിനാൽ പുതിയ മന്ത്രിസഭകൾ അധികാരമേൽക്കുമ്പോൾ മന്ത്രിമാരുടെ പി എ തസ്തകയിൽ കയറിപ്പറ്റാനായി പാർട്ടി പ്രവർത്തകരുടെ തള്ളിക്കയറ്റം പതിവാണ്.

എന്നാൽ വലതുപക്ഷ പാർട്ടികളിലെ പോലെ അത്ര എളുപ്പമല്ല ഇടതു പാർട്ടികളിൽ വിശിഷ്യാ സി പി എമ്മിലും സി പി ഐയിലും ഈ തസ്തികയിൽ കടന്നു കൂടുകയെന്നത്. ഏരിയാ കമ്മിറ്റി തലത്തിൽ നിന്ന് പേഴ്സനൽ സ്റ്റാഫ് നിയമനത്തിനായി വരുന്ന ലിസ്റ്റുകൾ ജില്ലാ കമ്മിറ്റി അംഗീകരിച്ച ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരത്തോടെയാണ് സി പി എം മന്ത്രിമാരുടെ പേഴ്‌സനൽ സ്റ്റാഫിനെ നിയമിക്കുന്നത്. സി പിഐ നേതൃത്വം ജില്ലാ കൗൺസിലുകൾ നൽകുന്ന പട്ടിക പരിശോധിച്ചാണ് തീരുമാനിക്കുക. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയപ്പോൾ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകിയ ഉദ്യോഗാർഥികളുടെ പട്ടിക പരിശോധനക്കായി വീണ്ടും പോലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും കൈമാറിയ ശേഷം അവരുടെ കൂടി നിലപാട് അറിഞ്ഞ ശേഷമാണ് നിയമനം നടത്തിയത്. ഉദ്യോഗാർഥികളുടെ വ്യക്തിപരവും സാമ്പത്തികപരവുമായ വിവരങ്ങളാണ് ഇന്റലിജൻസ് പരിശോധിച്ചിരുന്നത്.
വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് മന്ത്രിമാരുടെ പേഴ്‌സനൽ സ്റ്റാഫ് നിയമനം. ഇല്ലെങ്കിൽ അത് ബന്ധപ്പെട്ട മന്ത്രിമാർക്കു മാത്രമല്ല, സർക്കാറിനു തന്നെയും ദുഷ്‌പേര് സൃഷ്ടിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ യു ഡി എഫ് സർക്കാറിനെ (2011-16) പ്രതിരോധത്തിലാക്കിയത് മുഖ്യമന്ത്രിയുടെ പേഴ്‌സനൽ സെക്രട്ടറിമാരും ഓഫീസ് സ്റ്റാഫുമായിരുന്നല്ലോ. മുൻ പിണറായി സർക്കാറിനും സംഭവിച്ചു ചെറിയ ചില പാളിച്ചകൾ. മുഖ്യമന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്നവരുടെ വഴിവിട്ട കളികളാണല്ലോ സർക്കാറിന് അവസാന ഘട്ടത്തിൽ പേരുദോഷമുണ്ടാക്കിയത്. ഇത് ആവർത്തിക്കാതിരിക്കാൻ സ്ഥാനാർഥി നിർണയത്തിലും മന്ത്രിമാരെ നിശ്ചയിക്കുന്നതിലും കാണിച്ച കണിശത, പേഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ നിയമനത്തിലും പാലിക്കാനാണ് ഇക്കുറി സി പി എം തീരുമാനം. സ്വഭാവശുദ്ധിയും രാഷ്‌ട്രീയ ധാർമികതയും കാര്യക്ഷമതയുമായിരിക്കും നിയമന മാനദണ്ഡമെന്നും അയോഗ്യരും ആരോപണ വിധേയരും സ്റ്റാഫിൽ കടന്നു കൂടരുതെന്നും പാർട്ടി തീരുമാനമെടുത്തിട്ടുണ്ട്.

കഴിഞ്ഞ മന്ത്രിസഭയിൽ പേഴ്‌സനൽ സ്റ്റാഫിൽ അംഗങ്ങളായിരുന്നവർക്ക് വീണ്ടും അവസരം നൽകില്ല. തീർത്തും പുതുമുഖങ്ങളായിരിക്കും. പാർട്ടി പ്രവർത്തകരാണ് ഈ തസ്തികയിലേക്ക് പരിഗണിക്കപ്പെടുക. മിക്കവാറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളോ ജില്ലാ കമ്മിറ്റി അംഗങ്ങളോ ആയിരിക്കും. വിദ്യാഭ്യാസ യോഗ്യതക്കും മുന്തിയ പരിഗണന നൽകും. ഉയർന്ന വിദ്യാഭ്യാസമുള്ള യുവാക്കൾക്കായിരിക്കും സാധ്യത കൂടുതൽ. (മുൻ കാലങ്ങളിൽ എസ് എസ് എൽ സി പാസ്സാകാത്തവരെ പോലും നിയമിക്കുക പതിവുണ്ടായിരുന്നു) പാർട്ടി പ്രവർത്തകർക്കു പുറമേ 51 വയസ്സിൽ കവിയാത്ത മിടുക്കരായ മൂന്നോ നാലോ സർക്കാർ ഉദ്യോഗസ്ഥരെയും നിയമിക്കും. അതേസമയം പാർട്ടി പ്രവർത്തകരേക്കാൾ കാര്യശേഷിയുള്ള ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകാനാണ് സി പി ഐ തീരുമാനം. പരമാവധി എണ്ണം 25ൽ ചുരുക്കും. ഇവരിൽ 17 പേരെ സർക്കാർ സർവീസിൽ നിന്ന് ഡെപ്യൂട്ടേഷനിലും എട്ട് പേരെ പാർട്ടിയിൽ നിന്നുമായിരിക്കും തിരഞ്ഞെടുക്കുന്നത്. മന്ത്രിമാരുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ അതാണ് കൂടുതൽ സഹായകമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. നേരത്തേ മന്ത്രിമാരുടെ സ്റ്റാഫിലുണ്ടായിരുന്ന പാർട്ടി അംഗങ്ങൾക്ക് വീണ്ടും അവസരം നൽകില്ല. അവരെ സംഘടനാപ്രവർത്തനത്തിലേക്ക് മാറ്റും. സർവീസിൽ നിന്ന് വിരമിക്കാൻ ഒരു വർഷം ബാക്കിയുള്ളവരെ സ്റ്റാഫിലേക്ക് കൊണ്ടുവരേണ്ടെന്ന കഴിഞ്ഞ സർക്കാറിന്റെ കാലത്തെ വ്യവസ്ഥ സി പി ഐ ഇത്തവണയും പാലിക്കും.
പൊതുഖജനാവിന്റെ ശോഷണം കണക്കിലെടുത്തു പേഴ്‌സനൽ സ്റ്റാഫിന്റെ എണ്ണം വെട്ടിക്കുറക്കുമെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ഒരു മന്ത്രിക്ക് 30 സ്റ്റാഫിനെ വരെ നിയമിക്കാൻ അനുമതിയുണ്ടെങ്കിലും കഴിഞ്ഞ പിണറായി സർക്കാർ എണ്ണം ഇരുപത്തഞ്ച് മതിയെന്ന് തീരുമാനിച്ചിരുന്നു. ഇത്തവണ അത് 20 ആക്കി ചുരുക്കുമെന്നായിരുന്നു തുടക്കത്തിൽ ഭരണവൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ 25 എണ്ണം തന്നെ നിലനിർത്താനാണ് അവസാന തീരുമാനം. നോട്ടു നിരോധത്തിൽ തുടങ്ങി മഹാപ്രളയത്തിലൂടെ രൂക്ഷമാകുകയും കൊവിഡിലൂടെ അതിരൂക്ഷമാകുകയും ചെയ്ത സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പേഴ്‌സനൽ സ്റ്റാഫിന്റെ എണ്ണത്തിലുൾപ്പെടെ ഭരണപരമായ ചെലവുകളിൽ പുനർ വിചിന്തനം ആവശ്യമാണ്.

Latest