Kerala
ദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ മാറ്റണം; 12 പാര്‍ട്ടി പ്രതിനിധികള്‍ ഒന്നിച്ച് രാഷ്ട്രപതിയെ കാണും
കോഴിക്കോട് | ലക്ഷദ്വീപില്‍ അരാജകത്വം സൃഷ്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേലിനെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് 12 ദേശീയ കക്ഷികളുടെ പ്രതിനിധികള്‍ രാഷ്ട്രപതിയെ കാണും. സേവ് ലക്ഷദ്വീപ് ക്യാമ്പയിന്‍ ദേശീയതലത്തിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കേരള നിയമസഭ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നതും പ്രക്ഷോഭത്തിന് പുതിയ മാനം കൈവരും.
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ വ്യാഴാഴ്ച മുംബൈയിലെത്തി പാര്‍ട്ടി അധ്യക്ഷന്‍ ശരത്പവാറിന്റെ പിന്തുണ തേടിയതാണ് സമരം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കാനുള്ള തുടക്കമായത്. സി പി എം, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികള്‍ നേരത്തെ രാഷ്ട്രപതിക്കു സമര്‍പ്പിച്ച കത്തിനു ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. രാഷ്ട്രപതിയെ കാണുന്നതിനു പുറമെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിനും സര്‍വകക്ഷിസംഘം ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ക്കും ആലോചനയുണ്ട്.
എന്നാല്‍ ബി ജെ പി ദേശീയ ഘടകം അഡ്മിനിസ്‌ട്രേറ്ററെ ന്യായീകരിച്ചുക്കൊണ്ടുള്ള നിലാപാടാണ് പിന്തുടരുന്നത്. അതേസമയം ബി ജെ പിയുടെ ലക്ഷദ്വീപ് ഘടകം ദ്വീപുനിവാസികളുടെ വികാരത്തിനൊപ്പം നില്‍ക്കുമെന്നാണ് വ്യാഴാഴ്ച ലക്ഷദ്വീപിലെ സര്‍വകക്ഷിയോഗത്തില്‍ അറിയിച്ചത്.