Kerala
തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്ന്: മുല്ലപ്പള്ളി
തിരുവനന്തപുരം | കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള കാലുവാരല്‍ ഭയന്നിട്ടാണെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മത്സരിക്കാതിരിക്കാന്‍ മറ്റൊരു കാരണവും തന്റെ മുന്നിലുണ്ടായിരുന്നില്ലെന്നും പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കിയ പരാതിയില്‍ മുല്ലപ്പള്ളി പറഞ്ഞു. ഇപ്പോള്‍ താന്‍ പ്രസിഡന്റായിരിക്കുന്നത് സാങ്കേതികമാണ്. എത്രയും പെട്ടന്ന് ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഗ്രൂപ്പുകളുടെ അതിപ്രസരം കേരളത്തില്‍ പാര്‍ട്ടിയെ തകര്‍ത്തു. സ്വതന്തമായി പ്രവര്‍ത്തിക്കാന്‍ തന്നെ അനുവദിച്ചില്ല. യു ഡി എഫ് യോഗത്തിനെത്താതിരുന്നത് രാജിസന്നദ്ധത അറിയിച്ചതിനാലാണ്. രാജിസന്നദ്ധത അറിയിച്ചുള്ള കത്ത് രാജിക്കത്തായി പരിഗണിക്കണമെന്നും മുല്ലപ്പള്ളി സോണിയയെ അറിയിച്ചു.
അതേസമയം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സോണിയ്ക്ക് കത്തയച്ചിരുന്നു. പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നതിന് തന്നെ ഇരുട്ടത്ത് നിര്‍ത്തിയുള്ള തീരുമാനം വേണ്ടിയിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. നേരത്തെ ഒരു കാര്യം തന്നെ അറിയിക്കാമിയിരുന്നു. ഇപ്പോഴത്തെ തീരുമാനം അവഹേളനമായിപ്പോയെന്നും ചെന്നിത്തല നേതൃത്വത്തെ അറിയിച്ചിരുന്നു.