Kerala
കുഴല്‍പ്പണ കവര്‍ച്ച; ബി ജെ പി ജില്ലാ ഓഫീസ് സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും
തൃശൂര്‍ | കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ അന്വേഷണം കൂടുതല്‍ ബി ജെ പി നേതാക്കളിലേക്ക് വ്യാപിക്കുന്നു. ബി ജെ പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തിന് പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. പണവുമായെത്തിയ ധര്‍മ്മരാജന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറി എടുത്ത് നല്‍കിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.
കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴല്‍പ്പണവുമായി വന്ന ധര്‍മ്മരാജനും സംഘത്തിനും തൃശൂര്‍ നാഷണല്‍ ഹോട്ടലില്‍ താമസമൊരുക്കിയത് ബി ജെ പി ജില്ലാ നേതൃത്വമാണെന്നാണ് ഹോട്ടല്‍ ജീവനക്കാരന്‍ വ്യക്തമാക്കിയിരുന്നു. വൈകിട്ട് ഏഴ് മണിക്ക് ശേഷമായിരുന്നു മുറിയെടുത്തതെന്നും 12 മണിയോടെ രണ്ട് വാഹനങ്ങളിലായെത്തിയ സംഘം 215, 216 നമ്പര്‍ മുറികളില്‍ താമസിച്ചെന്നും ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞിരുന്നു. പുലര്‍ച്ചയോടെ ആലപ്പുഴക്ക് പുറപ്പെട്ട സംഘത്തെ കൊടകരയില്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കുകയായിരുന്നു.